സ്ത്രീധനം വാങ്ങിക്കാതെ കല്ല്യാണം കഴിക്കണം എന്നുളളത് എന്റെ ഒരു അഭിലാഷമായിരുന്നു..

രചന: പ്രവീൺ ചന്ദ്രൻ സ്ത്രീധനം വാങ്ങിക്കാതെ കല്ല്യാണം കഴിക്കണം എന്നുളളത് എന്റെ ഒരു അഭിലാഷമായിരുന്നു… അങ്ങനെയാണ് അവളെ കണ്ടെത്തിയതും.. ബ്രോക്കർമാർക്ക് പ്രതീക്ഷയ്ക്ക് വകുപ്പില്ലാത്ത കാര്യമായത് കൊണ്ട് നേരിട്ടായിരുന്നു എന്റെ അന്വേഷണം.. ഒരു ദിവസം ഒരു…

രചന: പ്രവീൺ ചന്ദ്രൻ

സ്ത്രീധനം വാങ്ങിക്കാതെ കല്ല്യാണം കഴിക്കണം എന്നുളളത് എന്റെ ഒരു അഭിലാഷമായിരുന്നു… അങ്ങനെയാണ് അവളെ കണ്ടെത്തിയതും.. ബ്രോക്കർമാർക്ക് പ്രതീക്ഷയ്ക്ക് വകുപ്പില്ലാത്ത കാര്യമായത് കൊണ്ട് നേരിട്ടായിരുന്നു എന്റെ അന്വേഷണം.. ഒരു ദിവസം ഒരു പെണ്ണുകാണൽ കഴിഞ്ഞു പുറത്തിറങ്ങുമ്പോഴാണ് അവളെ ആദ്യമായി കാണുന്നത്… ഞാനാവീട്ടുകാരനാണെന്ന് കരുതിയാവണം എന്റെ നേരെ അവൾ എനിക്കാ നോട്ടീസ് തരുന്നത്.. അവൾ ഒരു നഴ്സിങ്ങ് വിദ്യാർത്ഥിയായി രുന്നു..ബ്ലഡ് ഡൊണേഷൻ ക്യാമ്പിന്റെ ഭാഗമായി രക്തം ദാനം ചെയ്യാൻ തയ്യാറുളളവരുടെ ലിസ്റ്റ് ശേഖരിക്കാനായാണ് അവൾ അവിടെ വന്നിരുന്നത്… മനംമയക്കുന്ന രീതിയിലുളള അവളുടെ സംസാരം എന്നെ വല്ലാതെ സ്വാധീനിച്ചു.. അങ്ങനെ ഇതുവരെ രക്തദാനം നടത്തിയിട്ടില്ലാ ത്ത ഞാൻ ആദ്യമായി അതും ചെയ്തു.. അന്ന് അവിടെ വച്ച് അവളെ വീണ്ടും കണ്ടുമുട്ടി.. ആ പരിചയം സൗഹൃദത്തിലേക്ക് വഴിമാറാൻ അധികസമയം വേണ്ടി വന്നില്ല.. ആദ്യമായി പ്രണയം തുറന്ന് പറഞ്ഞപ്പോൾ അവൾ പറഞ്ഞ മറുപടി എന്നെ അതിശയിപ്പിച്ചു.. “എന്റെ വീട്ടിൽ വന്ന് ആലോചിക്കൂ.. ഒരു പക്ഷെ ഈ ആഗ്രഹം അതോടെ മാറിയേക്കാം” അവൾ പറഞ്ഞതിന്റെ പൊരുൾ എനിക്കപ്പോൾ മനസ്സിലായില്ലെങ്കിലും അവളുടെ വീട്ടിൽ ചെന്ന് കയറിയപ്പോൾ തന്നെ എനിക്കെല്ലാം മനസ്സിലായി.. അസുഖം വന്ന് തളർന്നു കിടക്കുന്ന അമ്മ.. അച്ഛൻ ഒരു സ്ഥലം ബ്രോക്കറാണ്.. സ്കൂളിൽ പഠിക്കുന്ന ഒരു സഹോദരി കൂടെയുണ്ട് അവൾക്ക്..

ഓടിട്ട ഒരു ചെറിയ വീടായിരുന്നു അത്… ആ അച്ഛന്റെ മുഖത്ത് നിസ്സഹായവസ്ഥ പ്രകടമായിരുന്നു.. പക്ഷെ എനിക്കവളോട് കൂടുതൽ ബഹുമാനമാണ് തോന്നിയത്.. പഠിക്കുന്നതിനിടയിലും ടൈലറിംഗ് ജോലി ചെയ്ത് കുടുംബത്തിന്റെ കാര്യങ്ങൾ നോക്കുന്നുമുണ്ട് അവൾ.. എന്റെ വീട്ടിലെ കടുത്ത എതിർപ്പിനെ അവഗണിച്ച് ഞാനവളുടെ കഴുത്തിൽ മിന്നു കെട്ടി… അങ്ങനെ കല്ല്യാണം കഴിഞ്ഞ് ആദ്യ രാത്രി.. ഞങ്ങളുടെ ചടങ്ങ് പ്രകാരം പെണ്ണിന്റെ വീട്ടിലായിരുന്നു ആദ്യരാത്രി.. സാമാന്യം നല്ല ചുറ്റുപാടിൽ വളർന്ന എനിക്ക് ആ മുറിക്കുളളിൽ ശ്വാസം മുട്ടുന്നത് പോലെ തോന്നി.. പഴയ ഒരു കട്ടിലായിരുന്നു അവിടെ ഉണ്ടായിരുന്നത്.. “ഒടിഞ്ഞു വീഴാതെ കാക്കണേ ഭഗവാനേ” ഞാൻ പ്രാർത്ഥിച്ചു… കയ്യിൽ ഒരു ഗ്ലാസ് പാലുമായി നാണത്തോടെ അവൾ കടന്നു വന്നു.. ഗ്ലാസ്സിലെ പാതിപാൽ അവൾക്ക് കൈമാറി ഞാനവളെ എന്നൊട് ചേർത്തിരുത്തി..

“നല്ല രീതിയിൽ ജീവിച്ചു വളർന്ന ആളായതു കൊണ്ട് ഈ വീടുമായി പൊരുത്തപ്പെടാൻ കഴിയുന്നുണ്ടാവില്ല അല്ലേ? നല്ല ചൂടുണ്ട് അല്ലേ? ഈ റൂമിൽ എ.സിയൊന്നുമില്ലാട്ടോ.. വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ടാവും അല്ലേ?” നിറകണ്ണുകളോടെയുളള അവളുടെ ആ ചോദ്യങ്ങൾ എന്റെ ഹൃദയത്തിലാണ് കൊണ്ടത്.. ഞാനവളുടെ കണ്ണു തുടച്ച് കൊണ്ട് പറഞ്ഞു.. “എന്താ ഇത്? ഞാൻ സ്നേഹിച്ചത് തന്നെയാണ്.. ആ നല്ല മനസ്സിനെയാണ്..അല്ലാതെ വീടിനെയല്ല.. ഇനി എന്നും ഞാനുണ്ടാവും കൂടെ.. അതിനു വേണ്ടി ഈ ചൂടല്ല ഏത് ഇടിവെട്ടും മഴയും വരെ സഹിക്കാൻ ഞാൻ തയ്യാറാണ് ” ഒരു പഞ്ചിന് വേണ്ടി പറഞ്ഞതാണെങ്കിലും പറഞ്ഞു തീർന്നില്ല ദാ വരുന്നു നല്ല ഒന്നാന്തരം ഇടിവെട്ടും മഴയും.. മഴപെയ്ത് തുടങ്ങിയതും അവളുടെ മുഖം മങ്ങി.. “എന്തേ “എന്ന് ചോദിക്കും മുമ്പേ ആദ്യ തുളളി എന്റെ മുഖത്ത് പതിച്ചു.. അവൾ വേഗം അവിട നിന്ന് എഴുന്നേറ്റ് ബക്കറ്റെടുക്കാൻ ഒടി.. അപ്പോഴാണ് എനിക്ക് കാര്യം പിടികിട്ടിയത്.. പിന്നെ ഏകദേശം മൂന്ന് ബക്കറ്റുകൾ ആ മുറിയുടെ വിവിധഭാഗങ്ങളിലായി നിരന്നു..

അവളുടെ മുഖത്തെ ചമ്മൽ മാറ്റാൻ അവൾ നന്നേ പാട് പെടുന്നുണ്ടായിരുന്നു… പക്ഷെ എനിക്ക് അവളോട് കൂടുതൽ ഇഷ്ടമാണ് തോന്നിയത്.. നല്ല മഴയായത് കൊണ്ട് ബക്കറ്റിലെ വെളളം ഇടയ്ക്കിടെ മാറ്റണമായിരുന്നു.. ഞാനും അവളെ സഹായിച്ചുകൊണ്ടിരുന്നു.. ആദ്യരാത്രിയുടെ സങ്കൽപ്പങ്ങളെ തച്ചുടച്ച മനോഹരമായ ഒരു രാത്രി.. അങ്ങനെ പുലർച്ചയോടെ മഴയ്ക്ക് ഇത്തിരി ശമനമായി.. ബക്കറ്റിൽ വെളളത്തുളളികൾ വീഴുന്ന ശബ്ദം മാത്രം ബാക്കിയായി.. അപ്പോഴേക്കും ഞങ്ങൾ അവശരായിരുന്നു.. ബെഡ്ഡെല്ലാം നനഞ്ഞിരുന്നത് കൊണ്ട് നിലത്ത് ഒരു പായ വിരിച്ച് ഞങ്ങൾ കിടന്നു.. എന്റെ മാറിൽ തലചായ്ച്ചുകൊണ്ട് അവൾ ചോദിച്ചു.. “ഇപ്പോൾ എങ്ങനെയുണ്ട്… സത്യം പറയണം.. ഞാനവളുടെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു.. “നിന്നോടുളള എന്റെ സ്നേഹം കൂടിയിട്ടെ ഉളളൂ പെണ്ണേ..” അങ്ങനെ മഴയിൽ കുതിർന്ന ആ ആദ്യരാത്രി ഞങ്ങളുടെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ദിനങ്ങളിലൊന്നായി.. മനസ്സുകൾ തമ്മിലാണ് ചേരേണ്ടത് അല്ലാതെ പണവും പണ്ടവുമല്ല…! {സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…}