“ഹരിയേട്ടാ.. ഹരിയേട്ടന് ദേഷ്യം ണ്ടോ എന്നോട് “.. ഗൗരിയുടെ ചോദ്യം കേട്ട ഹരി ഒന്ന് ചിരിച്ചു

രചന : Soumya Dinesh “ഹരിയേട്ടാ.. ഹരിയേട്ടന് ദേഷ്യം ണ്ടോ എന്നോട് “.. ഗൗരിയുടെ ചോദ്യം കേട്ട ഹരി ഒന്ന് ചിരിച്ചു. അവളെ കുറ്റം പറയാനൊക്കില്ല. കാരണം ഇത് ലോകത്തൊന്നും കേട്ടുകേൾവി പോലും ഇല്ലാത്ത…

രചന : Soumya Dinesh

“ഹരിയേട്ടാ.. ഹരിയേട്ടന് ദേഷ്യം ണ്ടോ എന്നോട് “.. ഗൗരിയുടെ ചോദ്യം കേട്ട ഹരി ഒന്ന് ചിരിച്ചു. അവളെ കുറ്റം പറയാനൊക്കില്ല. കാരണം ഇത് ലോകത്തൊന്നും കേട്ടുകേൾവി പോലും ഇല്ലാത്ത കാര്യമാണല്ലോ.സ്വന്തം ഭാര്യയെ കാമുകനെ കാണാൻ കൂട്ടിക്കൊണ്ടു പോകുക.ഹരിയുടെ ചിന്തകൾ പുറകോട്ട് പോയിക്കൊണ്ടിരുന്നു. വെറും 3ആഴ്ച മാത്രമേ ആയുസ്സുള്ളൂ എന്ന് ഡോക്ടർമാർ വിധിയെഴുതിയ തന്റെ പാറുവിന് അവളുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കൊടുക്കണമെന്ന് താൻ തീരുമാനിച്ച ദിവസം. അവൾ ഒരാഗ്രഹം മാത്രേ തന്നെ അറിയിച്ചുള്ളു.

“എനിക്കൊന്നും വേണ്ട ഹരിയേട്ടാ. കണ്ണടയും മുൻപ് ആദിയെ ഒന്ന് കാണണം എന്നുണ്ട്. നടക്കില്ലന്നറിഞ്ഞിട്ടും വെറുതെ ഒരു മോഹം.. “പിന്നെ ഒന്നും ചിന്തിച്ചില്ല. ആദിയെ കണ്ടെത്താനുള്ള ശ്രമം അന്ന് തുടങ്ങിയതാണ്. ഇന്നലെ അറിഞ്ഞു 4കിലോമീറ്റർ മാത്രം അകലെ അയാളുണ്ടായിരുന്നു എന്ന്. അയാളോടൊന്നും പറഞ്ഞില്ല. ഒന്ന് കാണണം.. അത്ര മാത്രം. അങ്ങോട്ടാണീ യാത്ര.റോഡ് അവസാനിക്കുന്നിടത്തു കാർ നിർത്തി ഹരി ഇറങ്ങി. ഗൗരിയും. “പാറൂ.. നീ കാറിലിരിക്ക്. ഞാൻ പോയി നോക്കിട്ടു വരാം “. ഹരി നടന്നു നീങ്ങുന്നതും നോക്കി ഗൗരി നിന്നു. കുറച്ചു കഴിഞ്ഞു പുറകിൽ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി. ഹരിയേട്ടൻ. “വാടോ. ആളിവിടുണ്ട്. “. ഹരിയുടെ കൈ പിടിച്ചു കൊണ്ട് ആ പടിക്കെട്ടുകൾ കയറി ഗൗരി ചെല്ലുമ്പോൾ പൂമുഖത്തുണ്ടായിരുന്നു ആദിയുടെ അമ്മ. അമ്മയോട് സംസാരിച്ചു കഴിഞ്ഞു ഹരി അമ്മയെയും കൂട്ടി പുറത്തിറങ്ങി. കൂടെ ആദിയുടെ 8വയസുകാരൻ മകനും. അവർ പറമ്പിലൂടെ നടന്നു പോകുന്നതു ഗൗരി നോക്കി നിന്നു. മനപ്പൂർവം ഹരിയേട്ടൻ പോയതാണ്. തന്നെയും ആദിയെയും തനിച്ചാക്കാൻ.. ദൈവങ്ങളെത്ര ദുഷ്ട്ടന്മാരാണെന്ന് ഗൗരി ഒരു നിമിഷം ചിന്തിച്ചു.ഇങ്ങനെ സ്നേഹിക്കുന്ന ഹരിയേട്ടനിൽ നിന്നും തന്നെ അടർത്തിയെടുക്കുന്ന ദൈവങ്ങൾ ഹൃദയമുള്ളവരാണെന്നു വിശ്വസിക്കാൻ പ്രയാസം. “അമ്മൂ.. “വർഷങ്ങൾക്ക് ശേഷം വീണ്ടും ആ വിളി. ഗൗരി തിരിഞ്ഞു നോക്കി. ആദി. 13വർഷങ്ങൾക്കു ശേഷവും ആ കണ്ണുകൾക്ക് പഴയ തിളക്കമുണ്ട്. തന്നെ കാണുമ്പോൾ മാത്രം ഉണ്ടായിരുന്ന ആ തിളക്കം. “ഒന്ന് കാണണമെന്നേ പറഞ്ഞുള്ളു ഞാൻ ഹരിയേട്ടനോട്. അറിഞ്ഞോ എന്റെ കാര്യം വല്ലതും. പറഞ്ഞോ ഹരിയേട്ടൻ “ആദി ഗൗരിയെ നോക്കി “എന്തേ.. ഹരി എന്നോട് കാണണം ന്നേ പറഞ്ഞുള്ളു.

“ഗൗരി ഒന്ന് ചിരിച്ചു. “ഞാൻ യാത്ര ചോദിക്കാനാ വന്നത് ഇയാളോട്. എന്റെ ഇവിടത്തെ ആഘോഷം കഴിഞ്ഞു. എല്ലാ ആഗ്രഹങ്ങളും സാധിച്ചു തന്നു എന്റെ ഹരിയേട്ടൻ. ” കാര്യമെന്തെന്നറിയാതെ നിന്ന ആദിക്കു മുൻപിലേക്ക് കരഞ്ഞു കൊണ്ട് അമ്മയും കൂടെ ഹരിയും കയറി വന്നു. ഗൗരി ആദിയുടെ മകനെ ചേർത്ത് പിടിച്ചു. നെറ്റിയിലൊരു മുത്തം കൊടുത്തു അവനോടവൾ പറഞ്ഞു “ഇനിയൊരു ജന്മമുണ്ടെങ്കിൽ എന്റെ മോനായി നീ ജനിക്കണം. ഈ ജന്മം കിട്ടാതെ പോയ ഒരമ്മയുടെ വാത്സല്യം അന്ന് ഞാൻ നിനക്ക് തരാം. “കണ്ണ് തുടച്ചു നടന്നു നീങ്ങുന്ന ഗൗരിയെ ഇമ വെട്ടാതെ നോക്കി നിന്ന ആദിയോട് കണ്ണീരടക്കാൻ പാടുപെട്ടു കൊണ്ട് അമ്മ കാര്യം പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞു ആദി തളർന്നു താഴെക്കിരുന്നു. ഒരാർത്തനാദം അയാളുടെ തൊണ്ടയിൽ തടഞ്ഞു. 7വർഷങ്ങൾക്കു മുൻപ് അപ്പുവിന്റെ അമ്മ മരിച്ചപ്പോഴാണ് അയാളിങ്ങനെ തളർന്നു പോയത്. അതിനു ശേഷം ഒന്നിനും ഇത് വരെ കീഴ്പ്പെടുത്താൻ പറ്റിയിട്ടില്ല അയാളെ. പക്ഷേ ഇപ്പോൾ…. രണ്ടു ദിവസങ്ങൾക്കു ശേഷം ആദിയ്ക്ക് ഹരിയുടെ call വന്നു.” അവൾ പോയെടോ ആദി… തനിക്കു കാണണ്ടേ അവളെ.. “കേട്ടത് സത്യമാവല്ലേ എന്ന പ്രാർത്ഥനയോടെ ആദി പോയി. അവിടെ വീടിനകത്തു ഹാളിൽ കിടത്തിയിരിക്കുന്ന ഗൗരിയെ ഒന്നേ നോക്കിയുള്ളൂ ആദി. അയാൾ കണ്ടു. തനിക്കും അവൾക്കും പ്രിയപ്പെട്ട നിറമായ മഞ്ഞ പട്ടുസാരി ചുറ്റി അവളാഗ്രഹിച്ചതു പോലെ സീമന്ത രേഖയിൽ സിന്ദൂരം ചാർത്തി നെറ്റിയിൽ പൊട്ടും ചന്ദനക്കുറിയും വരച്ചു ഗൗരി… അല്ല തന്റെ അമ്മു.. തന്നെ പ്രതീക്ഷിച്ചെന്ന പോലെ പാതിമാത്രം അടഞ്ഞ അവളുടെ കണ്ണുകൾ അയാളുടെ ഹൃദയം കീറിമുറിച്ചു. “ആരാ ഹരീ കർമ്മം ചെയ്യണത്.. “ഏതോ കാരണവരുടെ ചോദ്യം ചിന്തകളെ തടഞ്ഞു കൊണ്ട് കാതിലെത്തി. ഹരി അപ്പോഴാണ് അതോർത്തത്. മക്കളില്ലാത്ത അച്ഛനമ്മമാർ ശരിക്കും ഹതഭാഗ്യരാവുന്നതു ഇപ്പോഴാണെന്നു അയാൾക്ക്‌ തോന്നി. അയാൾ ആദിക്കരികിലേക്കു ചെന്നു. “ആദി അവൾ ഒരുപാടാഗ്രഹിച്ചിരുന്നു. തന്നോടൊപ്പമുള്ള ഒരു ജീവിതം.

അത് നടന്നില്ല. ഇപ്പോ ഒന്ന് ഞാനാവശ്യപ്പെടുന്നു. തന്റെ അപ്പൂനെ എനിക്കൊന്നു വിട്ടു തരുവോ.. കർമ്മം ചെയ്യാനാളില്ലാത്തതിന്റെ പേരിൽ എന്റെ പാറു കാത്തു കിടക്കരുത്. തരുവോ എനിക്ക്… “ഹരിയുടെ കൂപ്പിയ കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ട് ആദി കരഞ്ഞു.അങ്ങനെ അപ്പു ചിതയ്ക്ക് തീ കൊളുത്തി. ചിത കെട്ടടങ്ങിയിട്ടും മനസ്സിലെ തീയണയാതെ രണ്ടു പേർ അവിടെയുണ്ടായിരുന്നു. ഒരു വർഷം കടന്നുപോയി. ഇന്ന് ഗൗരിയുടെ ശ്രാദ്ധം ആണ്. ഹരി കടൽക്കരയിലെ മണലിൽ ഗൗരിയുടെ പേരെഴുതിയും മായ്ച്ചും ഇരിക്കുകയായിരുന്നു. അപ്പോഴാണ് പുറകിൽ നിന്നും ഒരു വിളി. “പപ്പാ.. “ഹരി തിരിഞ്ഞു നോക്കി. അപ്പു. ആദിയും ഉണ്ട് കൂടെ. “എന്താ ആദി ഇവിടെ അതും ഇത്ര രാവിലെ തന്നെ” മറുപടി പറഞ്ഞത് അപ്പുവാണ് “ഞാൻ അമ്മയ്ക്ക് ബലിയിടാൻ വന്നതാ പപ്പാ.. ” “ഓ.. മീരയുടെയും ശ്രാദ്ധം ഇന്നാണോ “”അല്ല ഹരി.. അവൻ പറഞ്ഞത് അടുത്ത ജന്മം അവന്റെ അമ്മയാവാമെന്നു വാക്കു കൊടുത്തവളുടെ കാര്യാ.. ഗൗരിയുടെ. “”ഈശ്വരാ.. “ഹരി തേങ്ങി. അരികിലെത്തിയ അപ്പു ആ കൈകളിൽ പിടിച്ചു. “അമ്മുമ്മ പറഞ്ഞിട്ടുണ്ടല്ലോ.. ബലിയിട്ടില്ലെങ്കിൽ മരിച്ചവരുടെ ആത്മാവിന് മോക്ഷം കിട്ടില്ലെന്ന്. അവര് കരഞ്ഞു നടക്കുംന്നു.. അപ്പൂന് സങ്കടായി. ആന്റി.. അല്ല. അമ്മ കരഞ്ഞു നടക്കണ്ടാ.. അതോണ്ടാ അപ്പു ബലിയിടാൻ വന്നത്. “അവനെ വാരിയെടുത്തു മാറോടണച്ചു ഉമ്മകൾ കൊണ്ട് മൂടി ഹരി. തിരികെ പോകുമ്പോൾ ആദിയും ഹരിയും കണ്ടു… അപ്പുവിന്റെ കാലടികൾക്കൊപ്പം മറ്റൊരു കാൽപ്പാടും. അത് ഗൗരിയുടേതാണെന്നു തിരിച്ചറിഞ്ഞ അവർ കൈകൾ പരസ്പരം കോർത്ത് പിടിച്ചു. ആശ്വസിക്കാനോ ആശ്വസിപ്പിക്കാനോ ആവാതെ മനസുകൾ വിതുമ്പി…..