ഹലോ ഏട്ടാ… പ്രഷറിന്റെ ഗുളിക കഴിച്ചാരുന്നോ ? ഞാൻ എടുത്ത് ടേബിളിൽ വച്ചാരുന്നു

രചന: പി സുധി “ഹലോ ഏട്ടാ… പ്രഷറിന്റെ ഗുളിക കഴിച്ചാരുന്നോ ? ഞാൻ എടുത്ത് ടേബിളിൽ വച്ചാരുന്നു.. ഏട്ടൻ ഇറങ്ങിയപ്പോ ചോദിക്കാൻ വിട്ടു.. ” ” ഇല്ല മറന്നു… ഇനി വൈകിട്ട് കഴിക്കാം” ”…

രചന: പി സുധി

“ഹലോ ഏട്ടാ… പ്രഷറിന്റെ ഗുളിക കഴിച്ചാരുന്നോ ? ഞാൻ എടുത്ത് ടേബിളിൽ വച്ചാരുന്നു.. ഏട്ടൻ ഇറങ്ങിയപ്പോ ചോദിക്കാൻ വിട്ടു.. ” ” ഇല്ല മറന്നു… ഇനി വൈകിട്ട് കഴിക്കാം” ” അയ്യോ ഏട്ടാ ഞാനത് ഓഫീസിലേക്ക് കൊടുത്തയക്കാം.. അത് സ്ഥിരായിട്ട് കഴിക്കണതല്ലേ.” ” നിനക്ക് പറഞ്ഞാ മനസിലാകൂല്ലെ ഞാൻ വൈകിട്ട് കഴിച്ചോളാം.. നീ ഫോൺ വയ്ക്ക് ഞാൻ ഡ്രൈവിങ്ങിലാ .. ” (മനു ഫോൺ കട്ട് ചെയ്തു) “ആരാ മനു …രേണു ആയിരുന്നോ ഫോണിൽ ” ” അതേന്നേ ഇങ്ങനെ ഓരോരോ ചെറിയ കാര്യത്തിനും വിളിച്ച് ശല്യപ്പെടുത്തിക്കൊണ്ടിരിക്കും” (മനുവും രേണുവുമായുള്ള വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമാകുന്നു… രേണു പഠിപ്പും പത്രാസും കുറഞ്ഞ ഒരു നാട്ടുമ്പുറത്തുകാരി ആയതു കൊണ്ടാണോന്ന് അറിയില്ല മനുവിനു രേണുവിനെ മടുത്തു തുടങ്ങിയിരുന്നു) ( ഓഫീസിൽ എത്തി ഫയലുകൾ പരിശോധിക്കവേ വീണ്ടും രേണുവിന്റെ കോൾ) “ഹലോ ഏട്ടാ… ഉച്ചക്ക് കഴിക്കാൻ വരുവോ… നല്ല പുഴമീൻ കിട്ടീട്ടുണ്ട് … ഏട്ടനു വലിയ ഇഷ്ടമല്ലേ…” ” ഉം നോക്കട്ടെ… ” ” വരുവോ ഏട്ടാ… കഴിഞ്ഞ ആഴ്ച ഏട്ടന്റെ പിറന്നാൾ ദിവസം ഇതുപോലെ സദ്യ ഉണ്ടാക്കി വച്ചിട്ടും ഏട്ടൻ വരാന്നു പറഞ്ഞതല്ലാതെ വന്നില്ല.” ” രേണൂ എനിക്കിവിടെ പിടിപ്പതു പണി ഉണ്ട്… ബൈ ” (ഫോണിൽ വരാമെന്നു പറഞ്ഞെങ്കിലും അതൊരു വെറുംവാക്കാണെന്ന് മനുവിന് സ്വയം ബോധ്യമുണ്ടായിരുന്നു.) (വൈകിട്ട് വീട്ടിലെത്തിയ മനു കുളിക്കാനായി തോർത്ത് എടുത്തു )

” ഏട്ടാ പച്ച വെള്ളത്തിൽ കുളിക്കണ്ട ഞാൻ വെള്ളം ചൂടാക്കിത്തരാം.. നല്ല മഞ്ഞുള്ള സമയമാ..” “ഉം… എന്നാൽ പെട്ടെന്നായിക്കോട്ടെ. ” (മനു ചൂടുവെള്ളത്തിലുള്ള കുളി കഴിഞ്ഞെത്തി) “ഏട്ടാ കുളി കഴിഞ്ഞു വന്നതല്ലേ…ഈ രാസ്നാദിപ്പൊടി നെറുകയിൽ വച്ചോ…ജലദോഷമുള്ളതല്ലേ ” ” വേണ്ട വേണ്ട എനിക്ക്തൊന്നും ശീലമില്ല.. നീ അടുക്കളേൽ പോയി നിന്റെ പണി നോക്ക്.” “ഏട്ടാ ഞാനൊന്നു മാർക്കറ്റിൽ പോയിട്ട് വരാം..” (രേണു മാർക്കറ്റിലേക്ക് പോയി.. മനു ടി.വി യുടെ മുന്നിലേക്കും) (രാത്രി) ” ഇന്നെന്താ കഴിക്കാൻ ചപ്പാത്തി ഇല്ലേ… ” ” അത് ഏട്ടാ.. ഗോതമ്പുപൊടി ഇല്ലാരുന്നു…മാർക്കറ്റിൽ പോയി വാങ്ങി വന്നപ്പോ താമസിച്ചു. ചപ്പാത്തി ഉണ്ടാക്കാനുള്ള സമയം കിട്ടിയില്ല… പിന്നെ ഉച്ചക്ക് ഏട്ടൻ വരാത്ത കൊണ്ട് ചോറും പുഴമീൻ കറിയും ഉണ്ടായിരുന്ന കൊണ്ടാ…” “എനിക്ക് രാത്രി ചപ്പാത്തി വേണോന്നു നിനക്കറിയാല്ലോ..ചോറാണെങ്കി എനിക്കു വേണ്ട നീ കഴിച്ചോ…” “അയ്യോ ഏട്ടാ കഴിക്കാതെ കിടക്കണ്ട…

ഇത്തിരി നേരം വെയ്റ്റ് ചെയ്… ഞാൻ ഇപ്പൊ ഉണ്ടാക്കിത്തരാം.. ” ( രാവിലെ ) ” രേണു… ഒന്നിങ്ങു വന്നേ ” “എന്താ ഏട്ടാ? ” ” നീ എന്തിനാ ഈ ഷർട്ട് തേച്ചത്.. ഞാൻ ഇന്നു ഇടുന്നത് ആ ബ്ലു ഷർട്ട് ആണ് ” “ഏട്ടൻ കുളിച്ചു വരുമ്പോഴേക്ക് ഞാൻ അത് തേച്ചു വയ്ക്കാം ” ( ഓഫീസിൽ പോകാനായി മനു ഇറങ്ങി ) “ഏട്ടാ ഇന്നു നേരത്തേ വരുവോ… രണ്ടു ദിവസമായി എനിക്കൊരു തല കറക്കം പോലെ… ഒന്നു ഡോക്ടറെ കാണാൻ പോകാനായിരുന്നു ” ” മാസാവസാനം അല്ലേ നേരത്തേ ഇറങ്ങാ. ന് പ്രയാസമാ.. ” ” എന്നാൽ സാരമില്ല… ഏട്ടൽ സൗകര്യമുള്ള ഒരു ദിവസം പോകാം.. ” ” ഉം.. പിന്നെയാകട്ടെ…ഈ കാർ ആരാ കഴുകി ഇട്ടത്?” “ഞാനാ ഏട്ടാ .. രാവിലെ നോക്കിയ പ്പൊ..അപ്പടി ചെളി ആരുന്നു ” ” നന്നായി ഞാൻ കഴുകണം എന്നോർത്തിരിക്കുവാരുന്നു” ( യാത്ര പറഞ്ഞ് മനു ഓഫീസിലേക്ക് പോയി.രേണുവിന്റെ ഫോൺ വിളി ഒഴിവാക്കാനായി മനു ഫോൺ ഓഫാക്കി വച്ചു) (വൈകിട്ട് വീട്ടിൽ) “ഏട്ടനെ ഞാൻ ഇന്നു കുറെ വിളിച്ചിരുന്നു… കിട്ടിയല്ല.” “തിരക്കായ കൊണ്ട് ഞാൻ ഓഫ് ആക്കി വച്ചതാ.. എന്താ വിളിച്ചേ?” “ഏട്ടാ നാളെ ഞായറാഴ്ച അല്ലേ.. നമുക്കൊന്ന് അമ്പലത്തിൽ പോകാം.. ” ” അമ്പലത്തിൽ നീ പോയാമതി…ഞായറാഴ്ച എനിക്കു കൂട്ടുകാരുമായി ഒന്നു പുറത്തു പോണം” (ഞായർ രാവിലെ മനു ടൗണിൽ പോകാനായി ഇറങ്ങി ) “ഏട്ടാ പോകുന്ന വഴി എന്നെ അമ്പലത്തിനു മുന്നിൽ ഇറക്കാവോ?” “അമ്പലത്തിലോട്ടുള്ള റോഡ് മോശമാ … ഞാൻ കറങ്ങിയാ പോകുന്നത്… നീ ഒരു ഓട്ടോയ്ക്ക് പൊക്കോ … പൈസ വേണോ?” ” പൈസ ഒന്നും വേണ്ട എട്ടാ… ഏട്ടൻ പൊയ്ക്കോ ഞാൻ നടന്നോളാം.. ” ( യാത്ര പറഞ്ഞ് മനു കൂട്ടുകാരുമായി ടൗണിലേക്ക് പോയി. ഉച്ച ആയപ്പോൾ രേണുവിന്റെ കോൾ)

“ഓ… ഇവൾക്കു വേറേ പണി ഇല്ലേ.. ” എന്നു മനസ്സിൽ ആലോചിച്ച് മനു ഫോൺ മാറ്റി വച്ചു.. വീണ്ടും വീണ്ടും വിളിച്ചപ്പോൾ ഫോൺ അറ്റന്റ് ചെയ്തു.. മറുതലയ്ക്കൽ ഒരു പുരുഷ ശബ്ദം ” “ഹലോ മനു ആണോ” “അതെ നിങ്ങളാരാ.. ഇത് എന്റെ ഭാര്യയുടെ നമ്പർ ആണല്ലോ” “നിങ്ങളുടെ ഭാര്യ ഒന്നു റോഡിൽ തല കറങ്ങി വീണു… ഒരു കാർ തട്ടുകയും ചെയ്തു.. അല്പം സീരിയസ് ആണ്… സിറ്റി ഹോസ്പിറ്റലിലോട്ട് കൊണ്ടു പോകുവാ ” “ശരി ഞാൻ ഉടനെ എത്താം.. ” (മനു സിറ്റി ഹോസ്പിറ്റലിലേക്ക് പാഞ്ഞു.. അവിടെ എത്തിയപ്പോ രേണുവിനെ സ്ട്രച്ചറിൽ കൊണ്ടുപോകുന്നു. ഓടിച്ചെന്ന മനു ചോരയിൽ കുളിച്ചു കിടക്കുന്ന രേണുവിനെ നോക്കി…) ” രേണു….. ” “ഏട്ടാ… ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചാരുന്നോ(പാതി തുറന്ന കണ്ണുകളോടെ അബോധാവസ്ഥയിൽ രേണു ചോദിച്ചതു കേട്ട് മനുവിന്റെ ഉള്ളു വിങ്ങി) ” “എന്റെ രേണൂ……. (മനു വാവിട്ടു കരഞ്ഞു ) (ഓപ്പറേഷൻ തീയറ്ററിലേക്കു കയറ്റുമ്പോഴും മനുവിന്റെ പേരിൽ അമ്പലത്തിൽ നടത്തിയ വഴിപാടിന്റെ പ്രസാദം രേണു കയ്യിൽ വിടാതെ മുറുകെ പിടിച്ചിരുന്നു)