ഹല്ല മൻഷ്യാ എന്താ ഇങ്ങളെ വിചാരം

രചന: ഇബ്രാഹിം നിലമ്പൂർ ” ഹല്ല മൻഷ്യാ എന്താ ഇങ്ങളെ വിചാരം..? കണ്ണിക്കണ്ട പെണ്ണുങ്ങക്കൊക്കെ ഇങ്ങളെ ചളുങ്ങിയ മോന്തന്റെ പോട്ടവും വിട്ട് കൊടുത്ത് ഒന്നുമറിയാത്ത പോലെ കെടക്കണത് കണ്ടീലേ…?” ഞമ്മളെ ബീവി മാളൂന്റെ കൂട്ടുകാരിയുടെ…

രചന: ഇബ്രാഹിം നിലമ്പൂർ
” ഹല്ല മൻഷ്യാ എന്താ ഇങ്ങളെ വിചാരം..? കണ്ണിക്കണ്ട പെണ്ണുങ്ങക്കൊക്കെ ഇങ്ങളെ ചളുങ്ങിയ മോന്തന്റെ പോട്ടവും വിട്ട് കൊടുത്ത് ഒന്നുമറിയാത്ത പോലെ കെടക്കണത് കണ്ടീലേ…?” ഞമ്മളെ ബീവി മാളൂന്റെ കൂട്ടുകാരിയുടെ കല്യാണത്തിന് പോയി ഒന്നാന്തരം മന്തി തിന്നതിന്റെ മന്തപ്പിൽ ഒരുച്ചയുറക്കിലേക്ക് ഊളിയിടാൻ തുടങ്ങിയപ്പോഴാണ് അവൾ ഒരു യുദ്ധ സന്നാഹവുമായി വന്നേക്കണത്.. വന്ന ഉറക്കം വന്നതിനേക്കാൾ സ്പീഡിൽ പിണങ്ങിപ്പോയെങ്കിലും അറിയാത്ത പോലെ കണ്ണുകളടച്ചു തന്നെ കിടന്നു. ” ഏയ് മൻഷ്യാ ഇങ്ങൾ എണീക്ക്ണണ്ടോ..? ഇങ്ങളെ ഒറക്കൊക്കെ ഞാനിപ്പം ശര്യാക്കി തരാന്നും” പറഞ്ഞ് ചുമരിനോട് ചേർന്നു കമിഴ്ന്നു കിടന്ന എന്നെ പത്തിരിമറിച്ചിടുന്ന ലാഘവത്തോടെ മറിച്ചിട്ടു. ഉറക്കം അവളായിട്ടു നശിപ്പിച്ചതോണ്ട് ഇനി നോക്കിയിട്ടു കാര്യമില്ലെന്നു മനസ്സിലാക്കി കുറച്ചു ഗൗരവമൊക്കെ മുഖത്തു ഫിറ്റു ചെയ്തു കുറച്ചു ഗൗരവത്തിൽ തന്നെ ചോദിച്ചു. അല്ല പത്തോ കൊറേ നേരായല്ലോ ഇജ്ജ് ഇങ്ങനെ ഭ്രാന്തത്തികൾക്ക് പള്ളീലുണ്ടായ മാതിരി കെടന്ന് പുറുപുറുക്കുണു.. ന്താ അന്റെ പ്രശ്നം..?

“ഹും ഇങ്ങനെ പോയാ കൊറേ പിരാന്തത്ത്യാക്ക് വയറ്റിലുണ്ടാവും” ന്നും പറഞ്ഞ് മുഖം വെട്ടിച്ച് ഒറ്റപ്പോക്ക്.. ഹൗ പോയല്ലോന്ന് സമാധാനിച്ച് വീണ്ടും കിടക്കാൻ നിന്നപ്പോ അതാ ഓള് പോയതിനേക്കാൾ വേഗതയിൽ കൊടുങ്കാറ്റ് പോലെ വന്നു നിക്കുന്നു. നോക്കുമ്പോൾ ഓള് മൊബൈലെടുക്കാൻ പോയതാ.. എനിക്കെതിരെയുള്ള സകല തെളിവുകളുടെയും ഫയലുകൾ ഭദ്രമായി സൂക്ഷിച്ച മെബൈലിന്റെ ഗ്യാലറി ഓണാക്കി ചിറി കോട്ടി ഒരു ആക്കിയ ചിരിയുമായി എന്നോട് പറഞ്ഞു “ഈ ഫോട്ടങ്ങൾ ഇങ്ങൾ ആർക്കെക്കെ ബിട്ടു കൊടുത്ത്ക്ണ്..? ഞാൻ: ങ്ങേ” “എന്ത് ങ്ങേന്നും …. ബേം പറഞ്ഞോളീം ഇല്ലെങ്കി ഞാനിപ്പം ഒരു തീരുമാനം കാണുംന്ന് ” പറഞ്ഞ് ഓള് അലമാരീന്ന് തുണിയൊക്കെ മടക്കി വെക്കാൻ തുടങ്ങി. അതവൾ എന്നെ ഇടക്കിടെ ഭീഷണിപ്പെടുത്താൻ ചെയ്യുന്നതാ . ആദ്യമൊക്കെ ഞാൻ ബ്ലീസ് മുത്തേ…

എന്നോട് ക്ഷമി.. എന്നൊക്കെയങ്ങ് കാച്ചിയാൽ എടുത്ത തുണിയൊക്കെ അവിടെത്തന്നെ വെച്ചു ഒരു കള്ളച്ചിരിയോടെ അടുത്തുവന്നിരിക്കും. പിന്നെ പിന്നെ ഞമ്മളും കളറാക്കാൻ തുടങ്ങി. തുണി മടക്കാൻ തുടങ്ങിയാൽ അച്ചോടി ഇതൊക്കെപ്പാടെ നീയൊറ്റക്ക് മടക്കുമ്പോഴേക്കും തീവണ്ടി സ്റ്റേഷൻ വിടും ഞാനും സഹായിക്കാട്ടോന്നും പറഞ്ഞ് ഒന്നു കൂടി കൊടുക്കും. “കാലമാടൻ എന്നോട് ഒരു സ്നോഹോല്ല… ബെർതെയാണ് ഇങ്ങക്കൊക്കെ വെച്ച് വെളമ്പിത്തരരണത്…” എന്നൊക്കെ സെൻറിയടിച്ച് ഒരു നുള്ളും പാസ്സാക്കി വാഴ വെട്ടിയിട്ട പോലെ കിടക്കയിൽ ഒറ്റ വീഴലാ.. നെറ പുന്നാര മാളൂ.. ഇജ്ജെന്താ വിഷയാച്ചാ തെളിച്ച് പറ.. ” അതോ.. അതേയ് ആ കുരിപ്പാളോട് പോയ് ചോയ്ക്കിം… ഓലിക്ക് പോട്ടംബിട്ട കൊടുത്തിറ്റ് ഒന്നും അറിയത്ത പോലെ ഭയങ്കര അഭിനയം..

മമ്മൂട്ടിയൊക്കെ ങ്ങളെ ബേക്കില് നിക്കണ്ടി ബരും ” ശരിക്കും മാളൂ….. “ങ്ങള് കൊഞ്ചാതെ കാര്യം പറയിം… എന്തിനാ ഇങ്ങൾ ഇന്റെ കൂട്ടുകാര്യാൾക്ക കൊറേ പോട്ടങ്ങൾ ബിട്ട് കൊടുത്തത്…?” ശ്ശെടാ ഇത് ബല്ലാത്ത ജാതി പുകിലായല്ലോ.. അന്റെ ഏത് കൂട്ടുകാരീന്റെ ഫോണിലാ ഇന്റെ ഫോട്ടം..? ” ങ്ഹാ… അങ്ങനെ ചോയിക്കിം.. സാറ, നജ്മ, നാഫിയ, അജ്ജു, സരിഗ, സഫീല,നാജിയ……..etc .. ഇഞ്ഞി മാണോ..?” മാണ്ട.. സത്യം പറഞ്ഞാ ഇതിൽ പലതും ഞാൻ അവളുടെ വിശുദ്ധവായീന്ന് കേൾക്കാത്തതാണ്. ചില പേരുകൾ രാത്രിയെന്നെ കഥ പറഞ്ഞുറക്കുമ്പോൾ പാതിയുറക്കിൽ കേട്ടതുമാണ്… ശ്ശോ ഇത്രേം പെൺകുട്ടികൾ എന്റെ ഫോട്ടോ സൂക്ഷിച്ചു വെച്ചത് ഞാനറിഞ്ഞില്ലല്ലോയെന്ന ഉൾപുളകം പുറത്തു കാണിക്കാതെ മുഖത്ത് കുറച്ചു ഗൗരവം വാരി വിതറി കൊണ്ട് ചോദിച്ചു. ആട്ടെ എവിടെ ആ ഫോട്ടോസ്..? ഒരഞ്ചാറ് ഫോട്ടോസ് കാണിച്ചോണ്ട് അവൾ പറഞ്ഞു “ഇതാ ഇതൊക്കെ തന്നെ ” ശരി ഇതെങ്ങനെ എല്ലാരെ ഫോണിലും കണ്ടത്.? “അതേയ് ഞാനേതാ മോള്ന്ന് ഇങ്ങക്കറ്യോ…?” ഇയ്യാ ബഡായി കുഞ്ഞാപ്പൂന്റെ മോളു തന്നല്ലേ.. ബാപ്പ മാറീട്ടൊന്നുംല്ലല്ലോ..നിക്ക് ശരിക്കറിയാം.. ബഡായി ഇങ്ങളെ മറ്റോള്..” ശ്ശോ വീണ്ടും എന്നെ ധ്യതംഗ പുളകിതനാക്കാതെ കാര്യം പറ.. ” അത് പിന്നെ ഞാനില്ലേ…” ആ ഇജ്ജണ്ട് “തന്തേ പറീണത് കേക്കീം മൻഷനെ കോയിയാക്കാതെ..

” എളുപ്പം പറഞ്ഞ് തൊലക്ക്..നിക്ക് ഒറങ്ങണം. ” ഞാൻ സാറന്റെ ഫോണിലെ ഫോട്ടോസ് നോക്കുന്നതിനിടേല് ഇങ്ങളെ കരി മൂന്ത കണ്ട്…. അപ്പോ മറ്റുള്ളോരെ ഫോൺ ഇസ്കി ഗ്യാലറീ കേറി നോക്കിയപ്പോ എല്ലാത്തിലും കണ്ട് ഈ ചളുങ്ങിയ മോന്ത.. അപ്പഴാണ് എനിക്ക് കാര്യം കത്തിയത്.. നുമ്മ പ്രവാസാവധിക്ക് (പ്രസവാവധി എന്ന് വായിക്കരുത്) നാട്ടീ വന്നപ്പോ പൈസ ലാഭിക്കാൻ ഓൾടെ സിമ്മും ഫ്രീ നെറ്റും ഉപയോഗിച്ചു. ഒരു പണിയും ഇല്ലാത്ത തോണ്ട് ഇടക്കിടെ ഡി പി മാറ്റിക്കൊണ്ടിരുന്നു. സിം അവളുടേതായതോണ്ട് അതെല്ലാം അവൾടെ ഫ്രണ്ട്സ് കാണുകയും അവരുടെ ചങ്കിന്റെ ഹസ്സല്ലേ ഒരു കൗതുകത്തിന് കിടക്കേട്ടേന്ന് കരുതി അവർ ഗ്യാലറിയിലേക്ക് സേവ് ചെയ്തു വെച്ചതാവും പോത്തേന്ന് വിശദീകരിച്ചപ്പോ ചന്ദ്രഗ്രഹണം ബാധിച്ചിരുന്ന അവൾടെ മുഖം പൂനിലാവ് പൊഴിക്കുന്ന ചന്ദ്രനെപ്പോലെ വെട്ടിത്തിളങ്ങി. “ഇക്കൂസേ ഇന്നോട് ക്ഷമിക്കീം ട്ടോ.. വെറുതെ തെറ്റിദ്ധരിച്ചതിന്” എന്തിന് മുത്തേ… അവരിന്റെ ഫേട്ടല്ലേ കട്ടിട്ടുള്ളൂ.. ഇജിന്റെ ഖൽബ് തന്നെ കട്ടില്ലേ.. അത് ഞമ്മൾ ഒരു ഹൂറിക്കും കൊടുക്കൂല കുരിപ്പേ… ന്നും കൂടി പറഞ്ഞപ്പോ ഓളിന്നെ കെട്ടിപ്പിടിച്ചോണ്ട് പറയാ.. എന്നാ ഇഞ്ഞി ഒറങ്ങിക്കോളീം… ഇങ്ങൾ ഒറ്റക്കല്ല ഞാനും കൂടിയുണ്ടെന്നു പറഞ്ഞു എന്റെ പുതപ്പിനുള്ളിലേക്കവൾ വലിഞ്ഞുകയറി.. വാൽകഷ്ണം: തെറ്റിദ്ധാരണകൾ മനസ്സിൽ കൊണ്ടു നടക്കരുത്.. കാലാന്തരത്തിൽ അത് അഗ്നിപർവ്വതത്തിലെ ലാവാപ്രവാഹം പോലെ ഉരുകിയൊലിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്യും..