ഹോട്ടൽ മുറിയിൽ നിന്നും യുവാവും യുവതിയും അറസ്റ്റിൽ

രചന: അതിഥി അമ്മു ഹോട്ടൽ മുറിയിൽ നിന്നും യുവാവും യുവതിയും അറസ്റ്റിൽ….. തുറന്നു പിടിച്ച പത്രത്തിലെ സ്വന്തം ഫോട്ടോയിലേക്ക് നോക്കി ഗൗരി പുഞ്ചിരിച്ചു…. *** *** **** തന്നെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് ചുറ്റും…

രചന: അതിഥി അമ്മു

ഹോട്ടൽ മുറിയിൽ നിന്നും യുവാവും യുവതിയും അറസ്റ്റിൽ….. തുറന്നു പിടിച്ച പത്രത്തിലെ സ്വന്തം ഫോട്ടോയിലേക്ക് നോക്കി ഗൗരി പുഞ്ചിരിച്ചു…. *** *** **** തന്നെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് ചുറ്റും നോക്കി ഗൗരി ഹോട്ടൽ മുറിയെ ലക്ഷ്യം വച്ചു നടന്നു…. ഇല്ല ആരും തന്നെ പുറത്തില്ല. നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു…. ജോലി സംബന്ധമായ കാര്യത്തിന് പോണു എന്ന് വീട്ടിൽ കള്ളം പറഞ്ഞിറങ്ങിയതാണ്… എത്തി നിൽക്കുന്നത് ഇവിടെ…. ആരെങ്കിലും ഇവിടെ വച്ച് തന്നെ കണ്ടാൽ ഓർത്തപ്പോൾ നെഞ്ചിടിച്ചു. വീട്ടിലെ ബുദ്ധിമുട്ടുകൾ അമ്മയുടെ അസുഖം അനിയന്റെ പഠനം ഇതിനെല്ലാം പരിഹാരമായി കണ്ടെത്തിയ മാർഗം ആണിത്. ഇന്നീ ഹോട്ടൽ മുറിയിൽ അയാൾ തന്റെ ശരീരത്തിന് വിലയിടും അതുകൊണ്ട് വേണം അമ്മയുടെ ജീവൻ നിലനിർത്താൻ. അനിയന്റെ ജീവിതം ഒരു വഴിക്കാക്കാൻ. അല്ലെങ്കിൽ ചിലപ്പോൾ അമ്മ…… താൻ ജീവിക്കുന്നത് തന്നെ അവർക്ക് വേണ്ടിയല്ലേ….. പണമുണ്ടാക്കാൻ മാർഗം ഇത് മാത്രമാണോ എന്ന് കേൾക്കുന്നവർ ചോദിക്കാം. മാന്യമായി ജോലി ചെയ്തു കുടുംബം നോക്കണം എന്ന് തന്നെയായിരുന്നു ആഗ്രഹം. എന്നാൽ ഇന്നു അമ്മയുടെ ജീവൻ, അനിയന്റെ ജീവിതം, ഒക്കെ ഒരു വലിയ തുകയെ ആശ്രയിച്ചാണ്. അതിനു ഇതല്ലാതെ വേറെ മാർഗമില്ല. ഒരു സുഹൃത്ത് മുഖേനയാണ് അയാൾ വിളിച്ചത്.

ഫോണിൽ പറഞ്ഞത് പ്രകാരമാണ് ഇന്നീ ഹോട്ടൽ മുറി തേടിയെത്തിയതും. ഭയം നിറഞ്ഞ മനസുമായി അവൾ വാതിലിൽ മുട്ടി അല്പസമയത്തിന് ശേഷം വാതിൽ തുറക്കപ്പെട്ടു… മുന്നിൽ സുമുഖനായ ഒരു ചെറുപ്പക്കാരൻ അയാൾ അവളെ അകത്തേക്ക് ക്ഷണിച്ചു ഗൗരി അയാൾക്കു മുന്നിലായി ഇരുന്നു. അയാൾ സംസാരിച്ചു തുടങ്ങി… ഗൗരീ….. തന്നെ പോലെ ഒരാൾ ഇത്ര ചെറുപ്പത്തിൽ ആരും അറിയാതെ ഇങ്ങനൊരു തീരുമാനം… ശരിക്കും ആലോചിച്ചു തന്നെയാണോ…. ? തന്റെ ഭാവി ജീവിതത്തെ പോലും ഇത് ബാധിച്ചെന്ന് വരാം…… കൂടുതൽ സംസാരിക്കാൻ നേരമില്ല സർ നമുക്ക് കാര്യത്തിലേക്കു കടക്കാം….

ഒരു വലിയ തുകയാണ് എന്റെ ലക്ഷ്യം. അതിനു മുന്നിൽ എന്റെ ജീവനോ ജീവിതത്തിനോ യാതൊരു പ്രസക്തിയും ഇല്ല. നിങ്ങളാൽ കഴിയുന്ന തുക തരുക. അത് വലിയൊരു സഹായമായിരിക്കും സർ. അവൾ കരച്ചിലിന്റെ വക്കോളമെത്തി… അയാൾ അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കവേ വാതിലിൽ ആരോ തട്ടി വിളിക്കുന്ന ശബ്ദം… വാതിൽ തുറന്നപ്പോൾ പുറത്തു അസഭ്യ വർഷവുമായി പോലീസ്…. ക്യാമറ ഫ്ലാഷുകൾ മിന്നി മാഞ്ഞു എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാനാവാതെ ഗൗരി സ്തംഭിച്ചു നിന്നു…. അമ്മ…… ചികിത്സ…… വൃക്ക ദാനം ചെയ്യാൻ വന്നതാണ്…..എന്നിങ്ങനെ അവ്യക്തമാം വിധം അവൾ പറഞ്ഞു കൊണ്ടിരുന്നു……