ലോകത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ നായയ്ക്ക് റെക്കോര്‍ഡ്

യുഎസിലെ സൗത്ത് കരോലിനയില്‍ നിന്നുള്ള 22 കാരനായ ടോയ് ഫോക്സ് ടെറിയര്‍ അടുത്തിടെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ നായ എന്ന പദവി സ്വന്തമാക്കി. പെബിള്‍സ് എന്ന് പേരിട്ടിരിക്കുന്ന ഈ നായ ഇപ്പോള്‍ ആളുകള്‍ക്കിടയില്‍…

യുഎസിലെ സൗത്ത് കരോലിനയില്‍ നിന്നുള്ള 22 കാരനായ ടോയ് ഫോക്സ് ടെറിയര്‍ അടുത്തിടെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ നായ എന്ന പദവി സ്വന്തമാക്കി. പെബിള്‍സ് എന്ന് പേരിട്ടിരിക്കുന്ന ഈ നായ ഇപ്പോള്‍ ആളുകള്‍ക്കിടയില്‍ വൈറലായിരിക്കുകയാണ്. നായകള്‍ക്ക് പൊതുവെ ആയുസ്സു കുറവാണെന്നാണ് പറയപ്പെടുന്നത്. ഭൂരിഭാഗവും 10 മുതല്‍ 15 വര്‍ഷം വരെ മാത്രമാണ് ജീവിക്കുന്നത്. എന്നാല്‍, ഇവിടെ ടോയ് ഫോക്‌സ് ടെറിയര്‍ ഇനത്തില്‍പ്പെടുന്ന നായ 22 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ലോകത്തില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ നായക്കുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡാണ് നാല് പൗണ്ട് മാത്രം ഭാരമുള്ള പെബിള്‍ സ്വന്തമാക്കിയിരിക്കുന്നത്. 2000 മാര്‍ച്ച് 28ന് ആണ് പെബിള്‍സ് ജനിച്ചത്. സൗത്ത് കരോലിന നിവാസികളായ ബോബിയും ജൂലി ഗ്രിഗറിയുമാണ് ഇപ്പോള്‍ പെബിള്‍സിന്റെ ഉടമസ്ഥര്‍.

അടുത്തിടെയാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയായി പെബിള്‍സിനെ തിരഞ്ഞെടുക്കുന്നത്. ഇതിന് മുമ്പ് ഈ വര്‍ഷം ഏപ്രിലില്‍, 21 വയസും 66 ദിവസവും പ്രായമുള്ള ടോബികീത്ത് എന്ന നായയെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഈ വാര്‍ത്ത ബോബിയുടെയും ജൂലി ഗ്രിഗറിയുടെയും ശ്രദ്ധയില്‍പ്പെട്ടു. അപ്പോഴാണ് തങ്ങളുടെ നായക്ക് ഇതിലും പ്രായമുണ്ടെന്ന് അവര്‍ ഓര്‍ത്തത്. പെബിള്‍സിന്റെ പ്രായം 22 വയസ്സും 59 ദിവസവുമാണ്. അങ്ങനെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ നായയ്ക്കുള്ള വേള്‍ഡ് റെക്കോര്‍ഡാണ് പെബിള്‍സ് സ്വന്തമാക്കിയത്.

‘ പെബിള്‍സ് എപ്പോഴും ഞങ്ങളോടൊപ്പമുണ്ട്. ഞങ്ങളുടെ ഉയര്‍ച്ച താഴ്ചകളിലും നല്ല സമയങ്ങളിലും മോശം സമയങ്ങളിലും അവള്‍ ഉണ്ടായിരുന്നു, അവള്‍ എപ്പോഴും ഞങ്ങളുടെ ജീവിതത്തിന്റെ വഴിവിളക്കാണ്, ”ജൂലി പറഞ്ഞു. ഒരു വലിയ ഇനം നായയെ ദത്തെടുക്കണം എന്നായിരുന്നു ബോബിയുടെയും ജൂലിയുടെയും ആഗ്രഹം. എന്നാല്‍, തുള്ളി കളിക്കുന്ന പെബിള്‍സ് കണ്ട മാത്രയില്‍ തന്നെ തങ്ങളുടെ ഹൃദയം കീഴടക്കുകയായിരുന്നുവെന്നും അങ്ങനെ അവളെ ദത്തെടുക്കുകയായിരുന്നുവെന്നും ജൂലി പറഞ്ഞു.

ഇപ്പോള്‍ പെബിള്‍സ് ഒരു രാജ്ഞിയെപ്പോലെയാണ് ജീവിക്കുന്നത് കുടുംബത്തിന്റെ മുഴുവന്‍ പരിലാളനയും അവള്‍ ആസ്വദിക്കുന്നുണ്ട്. പെബിള്‍സിന്റെ ദിനചര്യകള്‍ക്കും പ്രത്യേകതകള്‍ ഉണ്ട്. ഉറങ്ങുമ്പോള്‍ സംഗീതം കേള്‍ക്കുന്ന ശീലം ഇവള്‍ക്കുണ്ട്. ഉണര്‍ന്നു കഴിഞ്ഞാല്‍ എന്തെങ്കിലും കുടിക്കാനോ കഴിക്കാനോ വേണം. രാത്രി മുഴുവന്‍ അവള്‍ ഉണര്‍ന്നിരിക്കും.

2017ല്‍ പെബിള്‍സിന് തന്റെ പങ്കാളിയായ റോക്കിയെ നഷ്ടപ്പെട്ടു. ടോയ് ഫോക്സ് ടെറിയര്‍ ഇനത്തില്‍പ്പെട്ട 16 വയസ്സുള്ള നായ ആയിരുന്നു റോക്കി. പെബിള്‍സ് ഏറെ വിഷമിച്ച ദിവസങ്ങളായിരുന്നു അതെന്ന് ജൂലി പറയുന്നു. ക്രമേണ പെബിള്‍സ് വീണ്ടും സന്തോഷകരമായ ജീവിതത്തിലേക്ക് മടങ്ങി. പെബിള്‍സിന് ഇത്രയും പ്രായമായി എന്ന് പലരും വിശ്വസിക്കുന്നില്ലെന്നും ജൂലി പറയുന്നുണ്ട്.