Current Affairs

50 രൂപ ഫീസ് കൂട്ടിയാൽ ഡോക്ടറെ കുറ്റം പറയുന്നവർ ഒരു നിമിഷം ഈ ഡോക്ടറിന്റെ കുറുപ്പ് വായിക്കുക.

Doctor's post

ഡോക്ടറിനെ കാണാൻ പോകുമ്പോൾ കഴിഞ്ഞ പ്രവിശ്യത്തിനേക്കാൾ 50 രൂപ കൂടിയാൽ ഡോക്ടറിനെ കുറ്റം പറഞ്ഞും ചീത്ത വിളിച്ചും തിരികെ വരുന്നവരാണ് നമ്മളിൽ പലരും. ഈ അടുത്തിടക്ക് ന്യുറോളജിസ്റ് ഫീസ് കൂട്ടിയെന്നും പറഞ്ഞു ഒരു യുവാവ് എഴുതിയ കുറുപ്പ് വയറൽ ആയിരുന്നു. ഇതിനെതിരെ ഒരു ഡോക്ടർ എഴുതിയ കുറിപ്പ് ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കുറുപ്പിന്റെ പൂർണരൂപം വായിക്കാം,

ന്യൂറോളജിസ്റ്റിനെ കാണാൻ പോയപ്പോൾ ഫീസിൽ വന്ന അൻപത് രൂപയുടെ വർദ്ധന കണ്ട് ഡോക്ടർക്ക് ആർത്തിയാണെന്ന് വിധിയെഴുതിയ ഒരു രോഗിയുടെ കദനകഥ ഫേസ്ബുക്കിൽ മോശമല്ലാത്ത സർക്കുലേഷൻ നേടി വിജയകരമായി പ്രദർശനം തുടരുന്നു. കഥ ഇത് വരെ : പ്രമുഖ ന്യൂറോളജിസ്റ്റിന്റെ ഫീസ് 300ൽ നിന്ന് 350 ലേക്ക് വർദ്ധിപ്പിച്ചു. അമ്പതു കൂടി ചേർത്തുവച്ചു തയ്യാറായി നിൽക്കുന്നതിനിടയിൽ വാതിൽ തുറന്നു. “ഇപ്പൊ എങ്ങനെ ണ്ട്? ” “കുഴപ്പൊന്നുല്ല” ടോർച്ചെടുത്ത് കണ്ണിലേക്കൊന്നടിച്ചു നോക്കി. സ്റ്റെതസ്കോപ്പു കൊണ്ട് രണ്ടു മൂന്നു കുത്ത്. ” പ്പെത്രകാലായി?” ” നവംബറിൽ ഒരു കൊല്ലം പൂർത്യായി ” ” കുറച്ചു കൂടി തുടർന്നോട്ടെ” .കുറിപ്പിൽ പഴയത് തുടരാൻ എഴുതി. തുടർന്ന് ഡോക്ടർക്ക് രണ്ടര മണിക്കൂർ കൊണ്ട് കിട്ടുന്ന കാശിന്റെ കണക്ക്. കൂടെ ഹോസ്പിറ്റലിലെ ജോലിയുടെ ശമ്പളം. ഇതൊക്കെ ആയിട്ടും ഡോക്ടർക്ക് കാശ് തികയാത്തതുകൊണ്ടാണ് പൈസ വാങ്ങുന്നതെന്ന് ആവലാതി. സഹായികൾക്ക് കാശ് കൊടുക്കുന്നില്ലെന്ന പരാതി. സേവനമനോഭാവമില്ലെന്ന വിമർശനം. ഡോക്ടർ എന്നത് പണമുണ്ടാക്കാനുള്ള ജോലിയല്ലെന്ന ഉപദേശം….” രോഗാതുരമായ സാമൂഹ്യ വ്യവസ്ഥിതികളെ കൂടി ശസ്ത്രക്രിയ നടത്തി തിരുത്തിക്കേണ്ടവരാണെ മനുഷ്യ സ്നേഹത്തിൻ്റെ വെളിപാട് ” എന്ന ഉപസംഹാരം..കൂടെ കുഞ്ഞിന്റെ കയ്യിൽ നിന്ന് കാശ് വാങ്ങാത്ത ഓട്ടോക്കാരനെന്ന വാലും… അവിടൊന്ന് നിർത്തിക്കേ….ശകലം കാര്യം പറയാനുണ്ട്… കാര്യം എന്തൊക്കെപ്പറഞ്ഞാലും നല്ല ഡോക്ടറെന്ന് പറയുമ്പൊ പൊതുജനത്തിന്റെ മനസിൽ ഇപ്പൊഴും കാശ് വാങ്ങിക്കാത്ത, അല്ലെങ്കിൽ തുച്ഛമായ പണം വാങ്ങുന്ന ഡോക്ടറെന്ന് ഒരു ഇമേജുണ്ടെന്നത് വാസ്തവമാണ്. മുകളിൽ പറഞ്ഞ സംഭവം തന്നെ എടുക്കാം… ന്യൂറോളജിസ്റ്റ് എന്നത് ഒരു സൂപ്പർ സ്പെഷ്യൽറ്റി ആണെന്ന് അറിയാമെന്ന് കരുതുന്നു. അതായത് എം.ബി.ബി.എസ് കഴിഞ്ഞ് പി.ജി എന്റ്രൻസ് എഴുതി മൂന്ന് വർഷമെടുത്ത് ജനറൽ മെഡിസിനിൽ സ്പെഷ്യലൈസ് ചെയ്ത് അതുകഴിഞ്ഞ് അടുത്ത എന്റ്രൻസ് ക്ലിയർ ചെയ്ത് വീണ്ടും മൂന്ന് വർഷമെടുത്ത് ന്യൂറോളജിയും പൂർത്തിയാക്കി മൂന്ന് വർഷത്തെ (ചിലയിടത്ത് ഒരു വർഷം) ബോണ്ടും ചെയ്തതിനു ശേഷമാണ് ന്യൂറോളജിസ്റ്റ് എന്ന പേരുമായി പ്രാക്ടീസ് തുടങ്ങാനാകുക.

Doctor Consulting

Doctor Consulting

ജീവിതത്തിന്റെ ഏറ്റവും മികച്ച സമയം – ഏതാണ്ട് 17 വർഷത്തോളം (ഏറ്റവും മിടുക്കന്മാരാണെങ്കിൽ 15-16 വർഷം) ആണ് അതിനുവേണ്ടി ഇന്വെസ്റ്റ് ചെയ്യുന്നത്. ആ 17 വർഷത്തെ എക്സ്പീരിയൻസ് ആണ് ഒരു വർഷമായി പ്രശ്നമൊന്നുമില്ലാത്ത – ആ ഒരു വർഷമായി പ്രശ്നമില്ലാത്ത അസുഖം ഫിറ്റ്സ് എന്ന് വിളിക്കപ്പെടുന്ന Seizure disorder ആണെന്ന് ഊഹിക്കുന്നു – കുഞ്ഞ് ഇനിയും മരുന്ന് തുടരണമോ വേണ്ടയോ എന്ന് കണ്ണിൽ ടോർച്ചടിച്ചും സ്റ്റെതസ്കോപ്പ് വച്ച് കുത്തിയും പിന്നെ നിങ്ങൾക്കാറിയാത്ത മറ്റെന്തൊക്കെയോ ചെയ്തും നിർണയിക്കാനുള്ള അറിവ് നൽകുന്നത്. ആ 17 വർഷങ്ങളുടെ അറിവിന്റെയും സമയത്തിന്റെയും വിലയാണ് ആ 350 രൂപ. അത് നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലേ? ഡോക്ടറെ മാറ്റാമല്ലോ… അതിനു പകരം ഡോക്ടർക്ക് എത്ര പൈസ കിട്ടുന്നുണ്ടെന്നും ഇതിനും മാത്രം ആവശ്യം കാണുമോ എന്നും അൻപത് രൂപ വാങ്ങിയാൽ പോരേ എന്നുമൊക്കെ ആലോചിച്ച് പരത്തുന്നത് ശുദ്ധ അസംബന്ധമാണ്. ഒരു തലവേദന ഉണ്ടായാൽ ഉടനെ ന്യൂറോളജിസ്റ്റിനെ കാണാൻ പോകുകയും ഫീസിനെ കുറ്റം പറയുകയും ചെയ്യുന്നത് ഇരട്ടത്താപ്പ്. ഒരു ദിവസം വീട്ടിൽ കയ്യാല പണിയാൻ ഒരു കൂലിപ്പണിക്കാരനെ വിളിച്ചെന്ന് വയ്ക്കുക. ആദ്യത്തെ ദിവസം അറുനൂറു രൂപ കൊടുത്തു. ശരി, ഇന്നലെ തനിക്ക് അറുനൂറ് രൂപ തന്നതാണെന്ന് പറഞ്ഞ് പിറ്റേന്ന് പണിക്ക് വരുമ്പൊ പൈസ കൊടുക്കാതിരിക്കുമോ? അതും പോട്ടെ, ഓട്ടോക്കാരനെ തന്നെ എടുക്കാം. അങ്ങോട്ട് പോയപ്പൊ 60 രൂപ തന്നു. ഏതായാലും ചേട്ടൻ ഒറ്റയ്ക്ക് തിരിച്ച് പോണ്. ഞാൻ ചുമ്മാ ഇതിനകത്ത് ഇരുന്നോളാം എന്ന് പറഞ്ഞാൽ സമ്മതിക്കുന്ന ഓട്ടോക്കാർ? സേവനവും മനുഷ്യത്വവും ഒക്കെ വേണം. സമ്മതിച്ചു. പക്ഷേ ചെയ്യുന്ന ജോലിക്ക് മാന്യമായ വേതനം ആവശ്യപ്പെടുന്നത് ആർത്തിയാണെന്ന് പറഞ്ഞാൽ സമ്മതിച്ച് തരാൻ സൗകര്യപ്പെടില്ല. ഈ 17 വർഷവും കാര്യമായി മറ്റ് ജോലിയോ ശമ്പളമോ ഇല്ലാതെ പഠിക്കുന്നതാണ് അവരും. ജീവിതം ഏതാണ്ട് പകുതി കഴിയുമ്പൊഴാണ് ജോലി ചെയ്ത് തുടങ്ങുന്നത് തന്നെ. അയാൾ സ്വകാര്യ പ്രാക്ടീസും ഹോസ്പിറ്റൽ ജോലിയും ഇനി രാത്രി എപ്പൊ വിളിച്ചാലും ഫോൺ അറ്റൻഡ് ചെയ്യലും അടക്കം 24 മണിക്കൂറും അദ്ധ്വാനിച്ചാണ് സമ്പാദിക്കുന്നത്.അതെത്രയാണെങ്കിലും താങ്കൾക്കെന്താണ് സുഹൃത്തേ? അയാൾ ടാക്സ് അടച്ചില്ലെങ്കിൽ ചോദ്യം ചെയ്തോളൂ.. ഇനി ശരി, സ്നേഹിക്കാമെന്ന് തന്നെ വച്ചോ. സ്നേഹം കൊടുത്താൽ ഏതെങ്കിലും സൂപ്പർ മാർക്കറ്റിലോ അല്ലെങ്കിൽ പച്ചക്കറിക്കടയിലോ, പോട്ടെ ഈ പോസ്റ്റ് ഇട്ട് ഷെയർ ചെയ്ത് ലൈക്ക് അടിച്ച ഏതെങ്കിലും ആൾക്കാരുടെ കടയിൽ നിന്നോ സാധനം കിട്ടുമോ? സ്കൂൾ ബസിനു സ്നേഹം കൊടുത്താൽ മതിയോ? സ്കൂളിൽ ഫീസായി സ്നേഹം ? വീട് പണിയാമോ? വാഹനം? പോട്ടെ, എം.ബി.ബി.എസ് കഴിഞ്ഞ് സ്നേഹം കൊടുത്ത് ഒരു മെറിറ്റ് പി.ജി സീറ്റിൽ അഡ്മിഷൻ എങ്കിലും കിട്ടുമോ? ഇല്ല അല്ലേ? എല്ലാ ജോലിക്കും തുല്യ മഹത്വമുണ്ട്. പക്ഷേ വേതനം അതുപോലെ തുല്യമാകില്ല. കാരണം ഓരോ ജോലിക്കും വേണ്ട പ്രയത്നവും സ്കില്ലും വ്യത്യസ്തമാണ്.

അതുകൊണ്ട് ന്യൂറോളജിസ്റ്റിന്റെ ഫീസാകില്ല ജനറൽ പ്രാക്ടീഷണറുടേത്. അവരുടെ സ്കിൽ വ്യത്യസ്തമാണ്. അറിവും.. അതുപോലെ തന്നെ ഡോക്ടർക്കൊപ്പം ശമ്പളം കിട്ടില്ല സഹായിക്കാൻ നിൽക്കുന്നവർക്ക്. കാരണം വളരെ വ്യക്തമാണ്.മെക്കാനിക്കൽ എഞ്ചിനീയർക്കും കയ്യാല കെട്ടുന്ന ആൾക്കും ഒരേ വേതനം കിട്ടില്ല. ഡോക്ടർ എന്നത് ഒരു വരുമാനമാർഗം കൂടിയാണ്. ഒരു ജോലിയുമാണ്. തട്ടിപ്പും വെട്ടിപ്പും കാണിക്കണമെന്നല്ല പറയുന്നത്. അല്ലാതെ മാന്യമായി ജീവിക്കണമെന്ന് കരുതിയാണ് ബഹുഭൂരിപക്ഷവും ഡോക്ടറാകുന്നത്. അങ്ങനെ ചെയ്യുന്നത് മിനിമം മനസിലാക്കാനുള്ള വിവേകമെങ്കിലും കാണിക്കണം. പക്ഷേ എല്ലാവരും നല്ലവരും പുണ്യവാന്മാരും പുണ്യവതികളുമാണെന്നൊന്നും അവകാശപ്പെടുന്നില്ല. കഴുത്ത് അറക്കുന്നവരുണ്ടാകും.. അതിനു ഒരു വിഭാഗത്തെ ഒന്നടങ്കം ആക്ഷേപിക്കാൻ പാടില്ല അവസാനമായിട്ട് – സമൂഹത്തിൽ നടക്കുന്നവയെക്കുറിച്ച് പ്രതികരിക്കുകയും അഭിപ്രായരൂപീകരണം നടത്തുകയും ചെയ്യാമെങ്കിലും സാമൂഹ്യപരിഷ്കരണം ഡോക്ടറുടെ ജോലി അല്ല. അത് ചെയ്യാൻ പറ്റുന്ന ആരെങ്കിലുമുണ്ടെങ്കിൽ നല്ലത്. ആരോഗ്യത്തെക്കുറിച്ച് – പ്രതിരോധവും ചികിൽസയുമാണ് ഡോക്ടറുടെ പണി.

കടപ്പാട്: Nelson Joseph

Trending

To Top
Don`t copy text!