മകന്റെ തലയിലെ മുറിപ്പാട് സ്വന്തം തലയില്‍ ടാറ്റുവായി പതിപ്പിച്ച് കാന്‍സര്‍ ബാധിച്ച മകന് പിന്തുണയുമായി ഒരു പിതാവ്.

കാന്‍സസ്: സ്വന്തം തലയില്‍ മകന്റെ ശാസ്ത്രക്രിയ പാടിനു സമാനമായ ടാറ്റു പതിപ്പിച്ച് ക്യാന്‍സര്‍ ബാധിതനായ മകന് പിന്തുണയും ആത്മധൈര്യവും പകരുകയാണ് ഒരു പിതാവ്. അമേരിക്കയിലെ കാന്‍സസിലെ ജോഷ് മാര്‍ഷല്‍ എന്ന 28കാരനാണ് എട്ടു വയസ്സുകാരനായ തന്റെ മകന്‍ ഗബ്രിയേല് മാര്‍ഷലിനു വേണ്ടി സ്വന്തം തലയിലും സര്‍ജറി പാടുകള്‍ ടാറ്റുവിലൂടെ തീര്‍ത്തത്.

2015 മാര്‍ച്ചിലാണ് തലച്ചേറില് കണ്ടെത്തിയ മാരക ട്യൂമര്‍ നീക്കം ചെയ്യാനുള്ള സര്‍ജറിക്ക് ഏഴു വയസ്സുകാരനായ ഗബ്രിയേല്‍ വിധേയനായത്. വന്‍തുക ചെലവഴിച്ചു നടത്തിയ ശാസ്ത്രക്രിയ വിജയകരമായെങ്കിലും ഗബ്രിയേലിന്റെ തലയില്‍ സര്‍ജറി പാടുകള്‍ ശേഷിച്ചു.തലയിലെ വികൃതമായ പാട് തന്റെ മകന് അരോചകമായി തോന്നുവെന്നും അവന്റെ ആത്മവിശ്വസത്തിന് തടസ്സമായി നില്‍ക്കുന്നവെന്നുമുള്ള തോന്നലിലാണ് സ്വന്തം തലയിലും സമാനമായ ടാറ്റു പതിപ്പിക്കാന്‍ ജോഷ് തയ്യാറായത്.

ഫാദേഴ്‌സ് ദിനത്തോടനുബന്ധിച്ച് കാന്‍സസില്‍ നടത്തിയ മത്സരത്തിലാണ് ഇരുവരും ജീവിതകഥകളുമായി പ്രത്യക്ഷപ്പെട്ടത്. കാഴ്ചക്കാരുടെ കണ്ണുനനയിച്ച ജോഷിന്റേയും ഗബ്രിയേലിന്റേയും ചിത്രങ്ങള്‍ പരിപാടിയുടെ സംഘാടകര്‍ സോഷ്യല്‍ മീഡയയില്‍ വോട്ടിംഗിനിടുകയും ചെയ്തു. അന്ത്യഫലം വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടി മത്സരത്തില്‍ മുന്‍പന്തിയിലെത്തിയത് ഇരുവരുടേയും ചിത്രങ്ങളായിരുന്നു

ശസ്ത്രക്രിയ വിജയകരമായിരുന്നുവെങ്കിലും തലച്ചോറില്‍ വളര്‍ന്ന ട്യൂമര്‍ പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്കു സാധിച്ചിട്ടില്ല. ആവശ്യമെങ്കില്‍ അടുത്ത സര്‍ജറിയിലൂടെ ഇതുകൂടി നീക്കം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഗബ്രിയേലിനെ പരിശോധിക്കുന്ന ഡോക്ടര്‍മാരടങ്ങുന്ന സംഘം.

ഇരുവരം ഒന്നിച്ചുള്ള ചിത്രം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അമേസിംഗ് ഫാദര്‍ എന്ന ഹാഷ് ടാഗോടെ ഫാദേഴ്‌സ് ദിനത്തില്‍ ലോകം മുഴുവന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രം കൂടിയായിരുന്നു ഇത്.

Sreekumar R