ആചാരങ്ങളും – അനുഷ്ടാനങ്ങളും – നിരോധനവും..!!

ആചാരങ്ങളും – അനുഷ്ടാനങ്ങളും – നിരോധനവും..!! ആചാരങ്ങള്‍ അനുഷ്ടിക്കപ്പെടുവനുള്ളതാണ്… കടമകള്‍ നിറവേറ്റപ്പെടുവാനുള്ളതും… ഏതു ജാതിയോ മതമോ ആവട്ടെ… വിശ്വാസങ്ങള്‍ നല്ലതാണ്.. പക്ഷെ, അവ അന്ധവിശ്വാസങ്ങള്‍ ആവരുത്… വിശ്വാസപ്രമാണങ്ങള്‍ അന്ധവിശ്വാസമായി പരിണമിക്കുമ്പോഴാണ് മനുഷ്യൻ മനുഷ്യനെ വെറുക്കുന്നത്……

ആചാരങ്ങളും – അനുഷ്ടാനങ്ങളും – നിരോധനവും..!!

ആചാരങ്ങള്‍ അനുഷ്ടിക്കപ്പെടുവനുള്ളതാണ്…

കടമകള്‍ നിറവേറ്റപ്പെടുവാനുള്ളതും…

ഏതു ജാതിയോ മതമോ ആവട്ടെ… വിശ്വാസങ്ങള്‍ നല്ലതാണ്..

പക്ഷെ, അവ അന്ധവിശ്വാസങ്ങള്‍ ആവരുത്…

വിശ്വാസപ്രമാണങ്ങള്‍ അന്ധവിശ്വാസമായി പരിണമിക്കുമ്പോഴാണ് മനുഷ്യൻ മനുഷ്യനെ വെറുക്കുന്നത്… തമ്മില്‍തല്ലി ചാവുന്നത്…

ഇവിടെ പറഞ്ഞു വരുന്നത്, ഇപ്പോള്‍ പൊതുമാധ്യമങ്ങളിലും, സോഷ്യല്‍ മീഡിയകളിലുമൊക്കെ വളരെ പ്രധാന്യത്തോടെ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു വിഷയമായ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും അവയോടനുബന്ധിച്ചു നടക്കുന്ന കരിമരുന്നുപ്രയോഗങ്ങളെ കുറിച്ചുമോക്കെയാണ്..

ഞാൻ ഒരു അന്ധവിശ്വാസി അല്ല…

എന്നാല്‍ ഞാനൊരു നിരീശ്വരവാദിയും അല്ല..

നിരവധി സംസ്കാരങ്ങളുടെ വിളനിലമായ, പൈതൃകങ്ങളുടെ പവിത്രതയാല്‍ പുണ്ണ്യമായതുമായ ഈ ഭാരതമെന്ന മഹാരാജ്യം ലോക ജനതയ്ക്കുമുന്‍പിൽ ഉയര്‍ത്തിപ്പിടിക്കാവുന്ന ഒരുപാടു കാര്യങ്ങൾ ഭാരതീയരായ നമുക്കു നല്‍കിയിട്ടുണ്ട്. നാമെല്ലാം മരിച്ചുമണ്ണടിഞ്ഞാലും ഒരിക്കലും വിസ്മൃതിയിലാവാത്ത നമ്മുടെ നാടിനും, ലോകത്തിനു തന്നെയും വെളിച്ചമേകുന്ന നിരവധി കണ്ടുപിടുത്തങ്ങള്‍ നമ്മുടെ പൂര്‍വ്വികർ നടത്തിയിട്ടുണ്ട്. ആചാരങ്ങളിലൂടെയും അനുഷ്ട്ടാനങ്ങളിലൂടെയും കഠിനതപസ്സ്യകളിലൂടെയുമൊക്കെ ആര്‍ജ്ജിച്ചെടുത്ത ഇത്തരം കാര്യങ്ങൾ നിര്‍ലോഭം അവർ വരും തലമുറകളിലേയ്ക്ക് പകര്‍ന്നുതന്നിട്ടുമുണ്ട്.

മാതാപിതാക്കളെയും, ഗുരുക്കന്മാരെയും ബഹുമാനിക്കുന്നതിലും, അര്‍ഹിക്കുന്നരീതിയിൽ അവരെ പരിപാലിക്കുന്നതിലും ഇന്ത്യക്കാരായ നമ്മള്‍ ലോകത്തിനുതന്നെ മാതൃകയാണ്. “ലോകാ സമസ്താ സുഖിനോ ഭവന്തുഃ..” എന്നു പ്രാര്‍ത്ഥിക്കുന്ന ലോകത്തിലെ ഒരേയൊരു രാജ്യം നമ്മുടെ ഭാരതമാണ്‌…!!

ഇന്ത്യക്കാരനാണെന്നതില്‍ അഭിമാനിക്കുകയും അതിന്‍റെ പാരമ്പര്യത്തിലും പൈതൃകമഹിമയിലും തെല്ലഹങ്കരിക്കുകയും അവയെക്കുറിച്ചോക്കെ ആത്മാഭിമാനത്തോടെ പ്രസംഗിക്കുകയും (പോസ്റ്റിടുകയുമൊക്കെ) ചെയ്യുന്ന നമുക്കും ചില കടമകളൊക്കെയുണ്ട് എന്നു പറയാതെവയ്യ. ഇവയൊക്കെ സംരക്ഷിക്കേണ്ടതായ ബാധ്യത നമുക്കുമില്ലേ..? നമ്മുടെ പൂര്‍വികർ നമുക്കു പകര്‍ന്നുനല്‍കിയ അറിവുകളും ആചാരങ്ങളും അനുഷ്ടാനങ്ങളും നമ്മുടെ വരും തലമുറകൾക്കുവേണ്ടി കരുതിവെയ്ക്കുവാനും, പകര്‍ന്നുനൽകുവാനുമുള്ള കടമ നമുക്കെല്ലാവര്‍ക്കും ഇല്ലേ..?

ഈ മഹാരാജ്യത്തിന്‍റെ തെക്കുപടിഞ്ഞാറെ ചെരുവിൽ കിടക്കുന്ന കൊച്ചു സംസ്ഥാനമായ കേരളവും അതില്‍ അതിവസിക്കുന്ന കേരളീയരായ നമ്മളുമൊക്കെ മേല്‍പ്പറഞ്ഞതിന്‍റെയൊക്കെ ഭാഗഭാക്കല്ലേ.

പതിനായിരക്കണക്കിനു അമ്പലങ്ങളും അത്രയുംതന്നെ പള്ളികളും മസ്ജിദുകളുമോക്കെയുള്ള നാടാണല്ലോ നമ്മുടെ കേരളം. ചില രാഷ്ട്രീയക്കാരുടെയും മറ്റുചില പിന്തിരിപ്പൻ ശക്തികളുടെയുമൊക്കെ ഇടപെടലുകള്‍മൂലമുണ്ടാവുന്ന ചെറിയചില പൊട്ടലും ചീറ്റലുകളും ഒഴിച്ചാൽ പൊതുവെ ജനങ്ങള്‍ സാഹോദര്യത്തോടെകഴിയുന്ന, ആചാരങ്ങളിലും, അനുഷ്ടാനങ്ങളിലും, എന്തിനു ഭാഷയില്‍പോലും വ്യത്യസ്തത പുലര്‍ത്തുന്ന ജനങ്ങള്‍ അതിവസിക്കുന്നൊരു പ്രദേശം എന്നുകൂടിപ്പറയാം നമ്മുടെ കേരളത്തെ. മേല്പറഞ്ഞ അമ്പലങ്ങളിലും പള്ളികളിലുമൊക്കെ എല്ലാ വര്‍ഷവും ഉത്സവങ്ങളും, പെരുന്നാളുകളും, ആനയെഴുന്നള്ളിപ്പുകളും, കരിമരുന്നുപ്രയോഗങ്ങളുമൊക്കെ നടക്കാറുണ്ട്. ഈ ആഘോഷങ്ങളെല്ലാം അപകടങ്ങളിലാണ് കലാശിച്ചിരുന്നതെങ്കിൽ ഇന്ന് കേരളത്തിൽ ഒരു മനുഷ്യക്കുഞ്ഞുപോലും ജീവനോടെ ഉണ്ടാകുമായിരുന്നില്ല എന്നു തീര്‍ച്ചയായും പറയാം. ഇത്തരത്തിൽ ഉണ്ടാവുന്ന അപകടങ്ങളെ നിസ്സാരവല്കരിക്കാനോ, അല്ലെങ്കില്‍ അവമൂലമുണ്ടാവുന്ന നഷ്ട്ടങ്ങളെ വിലകുറച്ചു കാണാനോ അല്ല ഞാനിതെഴുതുന്നത്.

നമ്മുടെ നാട്ടില്‍ ദിനംപ്രതിയെന്നോണം പലസ്ഥലങ്ങളില്‍, പലരീതിയിൽ ചെറുതും വലുതുമായ ഒരുപാടു അപകടങ്ങൾ നടക്കുന്നുണ്ട്. വലിയ നാശനഷ്ടങ്ങളും ജീവഹാനിയുംവരെ സംഭാവിക്കുന്നുണ്ട്. എന്നാല്‍, ഇത്തരം അപകടങ്ങള്‍ക്കെല്ലാം കാരണഹേതുവായിട്ടുള്ളവ എന്താണോ, അവയെ നിരോധിക്കുകയെന്നതാണോ നമുക്കുചെയ്യുവാന്‍ കഴിയുന്ന ഏകകാര്യം..? ഒരിക്കലും അതാണെന്ന് സാമാന്യബോധമുള്ളവര്‍ ചിന്തിക്കുകയില്ല…!! പകരം, ഒരപകടം നടന്ന് കഴിഞ്ഞാൽ എന്തുകൊണ്ട് അതുസംഭവിച്ചുവെന്നും, അങ്ങനെ സംഭവിക്കുവാനുണ്ടായ കാരണങ്ങൾ എന്തൊക്കെയായിരുന്നുവെന്നു വിലയിരുത്തി, ഇനി അവയെങ്ങിനെ ആവര്‍ത്തിക്കപ്പെടാതിരിക്കാം എന്നു ചിന്തിച്ച്, വേണ്ട മുന്‍കരുതൽ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുകയെന്നതല്ലേ ഏറ്റവും പ്രായോഗികമായിട്ടുള്ള കാര്യം. ഞാന്‍ ഈ പറയുന്നത്, ഇനി സംഭവിക്കുവാനുള്ള അപകടങ്ങള്‍ക്കു ശേഷമുള്ളകാര്യമാണെന്ന് തെറ്റിദ്ധരിക്കരുത്. സംഭവിച്ചു കഴിഞ്ഞതും, ഇനി സംഭവിക്കുവാനുള്ളതിനെ കുറിച്ചുമോക്കെയാണ്…

നമ്മുടെ വിഷയം, പൂരങ്ങളോടും അവയോടനുബന്ധിച്ചുണ്ടാവുന്ന അപകടങ്ങളും മറ്റും ആണല്ലോ..

ഇവയെല്ലാം – പൂരങ്ങള്‍/ഉത്സവങ്ങള്‍/പെരുന്നാളുകള്‍ – ഇത്യാദി ആഘോഷപ്പൊലിമകള്‍ ഒന്നും ഇല്ലാത്ത നമ്മുടെ നാടിനെക്കുറിച്ച് നമുക്ക് ചിന്തിക്കാന്‍ കഴിയുമോ..? നമുക്കിടയിൽ ആരെങ്കിലും ഒരാള്പോലും ഉണ്ടാവുമോ ഒരിക്കലെങ്കിലും ഈ ആഘോഷങ്ങളുടെ ഭാഗഭാക്കാവാത്തവരായി..? ആനയെഴുന്നള്ളിപ്പുകളും, ചെണ്ടമേളവും, ഐസ്ക്രീം കച്ചവടക്കാരുടെ മണികിലുക്കവും, വളക്കച്ചോടക്കാരുമായിട്ടുള്ള

വിലപേശലുമൊക്കെ ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിക്കാത്തവരായി, ആസ്വദിക്കാത്തവരായി ഏതെങ്കിലും മലയാളിയുണ്ടാവുമെന്ന് എനിക്കുതോന്നുന്നില്ല. ഇത് എന്‍റെ പരിമിതമായ അറിവും ഞാൻ കണ്ടിട്ടുള്ള നാടുകളും ഇടപഴകിയിട്ടുള്ള ജനവിഭാഗങ്ങളേയുമൊക്കെ വച്ചിട്ടുള്ള എന്‍റെ നിഗമനം ആണ്..

ഏതെങ്കിലുമൊരുനാട്ടിൽ ഒരു ഉത്സവമോ, പെരുന്നാളോ നടക്കുമ്പോള്‍, ആ പ്രദേശവാസികളുടെ ഒരു കൂടിച്ചേരലാണവിടെ നടക്കുന്നത്. അവിടെ നാനാജാതിമതസ്ത്തർ ഉണ്ടാവാം… പണ്ഡിതനും പാമരനും ഉണ്ടാവാം… പാവപ്പെട്ടവനും പണക്കാരനും ഉണ്ടാവാം… എങ്കിലും അവിടെ ആ വേര്‍തിരിവുകൾ ഒന്നുംതന്നെ നമുക്കു കാണേണ്ടിവരാറില്ല..!! ഈ കൂടിച്ചേരലുകളെക്കാളെല്ലാമുപരിയായി, നിങ്ങള്‍ ഈ ആഘോഷങ്ങളിൽ പങ്കെടുക്കുന്നവരുടെ മുഖം ശ്രദ്ധിച്ചിട്ടുണ്ടോ..? അവിടെകൂടിയിരിക്കുന്ന എല്ലാവരുടെയും മുഖത്ത് ഒരു “പ്രകാശം” ഉണ്ടാവും…!! മനസ്സിൽ വിരിയുന്ന സന്തോഷത്തിന്‍റെ പ്രതിഫലനമാണാചിരിയും പ്രകാശവും.. കുറച്ചുസമയത്തേയ്ക്കെങ്കിലും ജീവിതത്തിന്‍റെ വേവലാതികളിൽ നിന്നുള്ളൊരു മോചനം കൂടിയാണ് പലര്‍ക്കും ഇത്തരം കൂടിച്ചേരലുകൾ.

മനുഷ്യരെല്ലാം സന്തോഷത്തോടെ കൂടിച്ചേരുന്ന ഇത്തരം അവസ്ഥകള്‍ ഇല്ലാതാക്കണമേന്നാണോ ഇവയ്ക്കെതിരെ പ്രതിഷേധിക്കുന്നവർ ഉദ്ധേശിക്കുന്നത്..?

ഈ പൂരങ്ങളും ആനയെഴുന്നള്ളിപ്പുകളുമൊക്കെ അനാവശ്യമായ ആചാരങ്ങളല്ലേ എന്നു ചോതിക്കുന്നവരോട്…

ഇവയ്ക്കു പിന്നിലുള്ള ഐതിഹ്യങ്ങൾ എന്തുമായിക്കൊള്ളട്ടെ…

ഒരു പൂരം നടത്തുമ്പോൾ, ആനയെഴുന്നള്ളിപ്പ് നടത്തുമ്പോള്‍ അല്ലെങ്കില്‍ ഒരു വെടിക്കെട്ട്‌ നടത്തുമ്പോൾ അതിന്‍റെ പിന്നിൽ എത്രയോ മനുഷ്യരുടെ പരിശ്രമവും, കഠിനാദ്വാനവും, സമര്‍പ്പണവും ഉണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ…? ഇവയൊന്നും അവശ്യവസ്തുക്കള്‍ അല്ലായിരിക്കാം.. പക്ഷെ, ഇതിന്‍റെയെല്ലാം പിന്നിൽ ഒരുപാടുപേർ തൊഴില്ചെയ്തു ജീവിക്കുന്നുണ്ട് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. “കരിയും കരിമരുന്നും” ആണല്ലോ നിരോധനക്കാരുടെ പ്രധാന ആയുധം.. ഇവരണ്ടും പരസ്പരപൂരകങ്ങളാണ്…!! രണ്ടും അപകടം പിടിച്ചമേഖലതന്നെ. എന്നിട്ടും, ഈ അപകടങ്ങളെയെല്ലാം മുഖാമുഖംകണ്ട്, ജീവിതംതന്നെ അതിലെയ്ക്കുസമര്‍പിച്ചു, സ്വന്തം ജീവന് യാതൊരു ഗ്യാരണ്ടിയും ഇല്ലെന്നറിഞ്ഞുകൊണ്ടുതന്നെ, ഒരു നേരത്തെ അന്നത്തിനുവേണ്ടി ഞാണിന്മേല്‍കളി നടത്തുന്ന അഭ്യാസിയെപ്പോലെ ഈ മേഖലകളിൽ ജോലിചെയ്യുന്ന ഒരുപാടു തൊഴിലാളികളുണ്ട് നമ്മുടെ നാട്ടിലും അന്യനാടുകളിലും. “ആനച്ചോറു കൊലച്ചോർ” എന്നറിഞ്ഞുകൊണ്ടുതന്നെ ആ ചോറുതിന്നുന്ന എത്രയോ മനുഷ്യർ നമുക്കിടയിലുണ്ട്‌. ഒരു പാപ്പാൻ ആനയെയും തെളിച്ചുകൊണ്ടുപോകുമ്പോൾ അല്ലെങ്കിലൊരു വെടിക്കെട്ടുകാരൻ ഒരു അമിട്ടിനു തീകൊളുത്തീട്ടോടുമ്പോൾ അവനവിടെ സമര്‍പിചിരിക്കുന്നത് അവന്‍റെ ജീവനാണ്. ആ ആന ഒന്നിടഞ്ഞാൽ, തീകൊളുത്തിയ അമിട്ടിന്‍റെ കുറ്റി അല്പമൊന്നുചെരിഞ്ഞാൽ

അവിടെത്തീരുന്നതാണവരുടെ ജീവിതം. ഇത്തരത്തിലുള്ള അപകടങ്ങളൊക്കെ ഉണ്ടാവുമെന്നറിഞ്ഞിട്ടും ഒരുപാടുപേർ ഈ ജോലികൾ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു…!!

എന്തുകൊണ്ടാണന്നു ചോദിച്ചിട്ടുണ്ടോ ഇവരോട്..?

ഉത്തരം ഒന്നേകാണൂ.. “നിവൃത്തികേടുകൊണ്ടാണെന്ന്…”

വിശക്കുന്ന വയറിന്‍റെ വിങ്ങൽ അതനുഭവിക്കുന്നവനല്ലേ അറിയൂ…!!!

നാക്കിനെല്ലില്ലാത്തതുകൊണ്ട് ആര്‍ക്കും എന്തഭിപ്രായം വേണമെങ്കിലും വിളിച്ചുപറയാം… പേനയില്‍ മഷിയും കുറെ കടലാസ്സു കഷ്ണവും ഉണ്ടെങ്കില്‍ എന്തഭിപ്രായം വേണമെങ്കിലും, ആരെക്കുറിച്ചും നമ്മുക്കെഴുതാം.. ഇതാണ് ഇന്നത്തെ നമ്മുടെ നാടും, നമ്മുടെ സംസ്കാരവും..!!!

നിരോധിക്കട്ടെ… എല്ലാം നിരോധിക്കട്ടെ… പിറന്നുവീഴുന്ന കുഞ്ഞുങ്ങള്‍ക്ക് അമ്മയുടെ മുലപ്പാലെങ്കിലും നിരോധിക്കതിരിക്കട്ടെ എന്നാശിക്കാം…!

എം.ജി.ആർ.

MG Rajesh
MG Rajesh

Leave a Reply