‘ആടുജീവിതം’ കാത്തിരിക്കുന്ന ആരാധകര്‍ക്കായിതാ പുതിയ വീഡിയോ സമ്മാനിച്ച് സംവിധായകന്‍ ബ്ലെസി

സിനിമാ പ്രേമികള്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് ആടുജീവിതം. ഇപ്പോഴിതാ ചിത്രത്തിന്റെ പൂജ ചടങ്ങിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍ ബ്ലെസി. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം പ്രഖ്യാപിച്ചതു മുതല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ്.

നജീബ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത്. കഥാപാത്രത്തിനായി പൃഥ്വിരാജ് നടത്തിയ തയ്യാറെടുപ്പുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. എ.ആര്‍.റഹ്‌മാനാണ് സംഗീത സംവിധാനം. കെ.യു മോഹനന്‍ ഛായാഗ്രഹണവും ശ്രീകര്‍പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനിങ്. ചിത്രത്തിന്റെ ജോര്‍ദാനിലെ സെറ്റില്‍ എ.ആര്‍. റഹ്‌മാന്‍ സന്ദര്‍ശിക്കുന്നതിന്റെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ നേരത്തേ പുറത്തുവിട്ടിരുന്നു. കളിമണ്ണ് എന്ന ചിത്രത്തിന് ശേഷം ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുജീവിതം.

മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഷൂട്ടിംഗിന് ഏറ്റവും പ്രയാസം അനുഭവിച്ച ടീമാണ് ആടുജീവിതത്തിന്റേത്. ബെന്യാമിന്റെ 2008ല്‍ പുറത്തിറങ്ങിയ ആടുജീവിതമാണ് ബ്ലെസ്സി അതേ പേരില്‍ സിനിമയാക്കിയിരിക്കുന്നത്. നാലര വര്‍ഷം കൊണ്ടാണ് ബ്ലെസിയും സംഘവും ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ആകെ ചിത്രീകരണത്തിനായി വേണ്ടിവന്നത് 160 നു മുകളില്‍ ദിവസങ്ങള്‍ മാത്രമാണ്.

മരുഭൂമിയിലെ ചിത്രീകരണവും കൊവിഡുമെല്ലാം ഷൂട്ടിംഗിനെ കാര്യമായിട്ടു തന്നെ ബാധിച്ചിരുന്നു. നജീബാകാന്‍ വേണ്ടി പൃഥ്വിരാജിന് ശരീരഭാരം കുറച്ച് വലിയ മേക്കോവറും നടത്തേണ്ടിവന്നിരുന്നു. കൊവിഡ് പ്രതിസന്ധി അവസാനിച്ചതോടെ ജോര്‍ദാനില്‍ ഷൂട്ട് ചെയ്യാന്‍ ബാക്കിയുള്ള ഭാഗം ചിത്രീകരിക്കാന്‍ പൃഥ്വിയും സംഘവും ഏപ്രിലിലാണ് ജോര്‍ദാനിലേക്ക് പോയത്.

ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ണമായും കഴിഞ്ഞതോടെ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചതിങ്ങനെയായിരുന്നു. ’14 വര്‍ഷം, ആയിരം പ്രതിബന്ധങ്ങള്‍, ഒരു ദശലക്ഷം വെല്ലുവിളികള്‍, ഒരു മഹാമാരിയുടെ മൂന്ന് തരംഗങ്ങള്‍. ഒരു വിസ്മയകരമായ കാഴ്ച. ബ്ലെസിയുടെ ആടുജീവിതം പാക്ക് അപ്പ്.’ എന്നാണ് പൃഥ്വി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള രണ്ട് ചിത്രങ്ങളും പൃഥി ഒപ്പം പങ്കുവെച്ചിരുന്നു.

Previous articleകഞ്ഞി പ്രതീക്ഷിച്ച എനിക്ക് നല്ല അസൽ ചിക്കൻ ബിരിയാണി കിട്ടിയ അവസ്ഥയായിരുന്നു!!
Next articleപ്രണയവിലാസത്തിലെ ‘മേഘം പൂത്തുതുടങ്ങി’ വീഡിയോ ഗാനം പുറത്തുവിട്ടു