‘മഞ്ജു വാരിയര്‍ അല്ലാത്ത ഒരാള്‍ ആ വേഷം ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും പറ്റുകയില്ല’ ആമിര്‍ പള്ളിക്കല്‍

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ- അറബിക് ചിത്രം ആയിഷ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് ആയിഷ. ചിത്രത്തിലെ വീഡിയോ ഗാനത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും…

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ- അറബിക് ചിത്രം ആയിഷ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് ആയിഷ. ചിത്രത്തിലെ വീഡിയോ ഗാനത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും മഞ്ജുവിനെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകന്‍ ആമിര്‍ പള്ളിക്കല്‍.

‘ഹലാല്‍ ലവ് സ്റ്റോറിയുടെ സെറ്റില്‍ വച്ചാണ് ഈ സിനിമയുടെ കഥാകൃത്ത് ആഷിഫ് കക്കോടിയെ പരിചയപ്പെടുന്നത്. ‘ഒരു ഹലാല്‍ ലവ് സ്റ്റോറി’യുടെ ഡയറക്ഷന്‍ ടീമില്‍ ഞാനും ഉണ്ടായിരുന്നു. ‘ഹലാല്‍ ലവ് സ്റ്റോറി’യില്‍ നിലമ്പൂര്‍ ആയിഷാത്ത അഭിനയിച്ചിട്ടുമുണ്ട്. കഥ കേട്ട ശേഷം ഞങ്ങള്‍ അവരെ നേരില്‍ കാണുകയും സംസാരിക്കുകയും ചെയ്തു. ആയിഷാത്തയ്ക്കും അത് കേട്ടപ്പോള്‍ വളരെ സന്തോഷമായി. ഈ സിനിമയുടെ ആദ്യത്തെ ചിന്തയും എഴുത്തുമെല്ലാം ആഷിഫ് തന്നെയായിരുന്നു. പിന്നീട് ഞങ്ങള്‍ ഒരുമിച്ച് ഇരിക്കുകയും അതിനെ ഡെവലപ്പ് ചെയ്യുകയും ചെയ്തുവെന്ന് ആമിര്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ലമ്പൂര്‍ ആയിഷാത്ത എന്ന വ്യക്തിത്വത്തെ സമൂഹത്തിനുമുന്നില്‍ സിനിമയിലൂടെ അവതരിപ്പിക്കുമ്പോള്‍ അത്രയും ഡെപ്ത്ത് ഉള്ള ഒരു അഭിനേതാവ് തന്നെ വേണമത് ചെയ്യാന്‍ എന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. ഇന്ന് മഞ്ജു വാരിയര്‍ അല്ലാത്ത ഒരാള്‍ ആ വേഷം ചെയ്യുന്നതിനെക്കുറിച്ച് നമുക്ക് ആലോചിക്കാന്‍ പോലും പറ്റുകയില്ല. ഒരുപക്ഷേ മറ്റൊരു നടി ആയിരുന്നെങ്കിലും ഈ സിനിമ സംഭവിക്കുമായിരുന്നു. പക്ഷേ സ്റ്റാര്‍ഡം എന്നുള്ളത് ഒരു വലിയ ഘടകമാണ്. ഒരു സൂപ്പര്‍താരമായിരിക്കണം ഇത് ചെയ്യേണ്ടത് അല്ലെങ്കില്‍ ആള്‍ക്കാര്‍ക്ക് ജനകീയ പിന്തുണയുള്ള എല്ലാ വീടുകളിലേക്കും എത്തുന്ന, എല്ലാ വീട്ടുകാര്‍ക്കും മനസ്സിലാവുന്ന ഒരാളായിരിക്കണം ഇത് ചെയ്യേണ്ടത് എന്നതുമൊക്കെയാണ് മഞ്ജു ചേച്ചി മതി ആയിഷയായി വരേണ്ടത് എന്ന തീരുമാനത്തിലേക്ക് ഞങ്ങളെ എത്തിച്ചത്. ആ തീരുമാനം ശരിയാണ് എന്ന് മഞ്ജു ചേച്ചി തെളിയിച്ചു. അവര്‍ ആയിഷയെ അത്രമാത്രം ഉള്‍ക്കൊണ്ടാണ് അഭിനയിച്ചതെന്ന് അദ്ദേഹം പറയുന്നു.