‘എവിടെയോ സത്താറിന്റെ ശരീരം ഇപ്പോഴും ആരും കാണാതെ കിടപ്പുണ്ടാവാം’

‘ഓപ്പറേഷന്‍ ജാവയ്ക്കു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമായ ‘സൗദി വെള്ളക്ക’ തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടുകയാണ്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘സൗദി വെള്ളക്ക വെറുമൊരു നന്മമരം സിനിമയാണോ അതോ കണ്ണുനനയിക്കുന്ന ഒരു കഥയാണോ എന്നത് അവിടെ നിക്കട്ടെ. സംസാരിക്കാനുള്ളത് സത്താറിനെ പറ്റിയാണ്’ എന്ന് ആഷിഷ് നായര്‍ മൂവീ ഗ്രൂപ്പില്‍ കുറിക്കുന്നു.

സത്താര്‍
സൗദി വെള്ളക്ക വെറുമൊരു നന്മമരം സിനിമയാണോ അതോ കണ്ണുനനയിക്കുന്ന ഒരു കഥയാണോ എന്നത് അവിടെ നിക്കട്ടെ. സംസാരിക്കാനുള്ളത് സത്താറിനെ പറ്റിയാണ്.
ഒരുപാട് പേരെ കണ്ടിട്ടുണ്ട് ഇങ്ങനെ. ജനിച്ച് വീഴുന്നത് തന്നെ സമൂഹത്തിന്റെയോ പണത്തിന്റെയോ യാതൊരു വിധ പ്രിവിലേജും ഇല്ലാതെ, അന്നന്നത്തേടം വിശപ്പില്ലാതെ തീര്‍ക്കണം എന്ന ചിന്ത മാത്രം ഉള്ളവര്‍. സത്താറിന് സ്വപ്നങ്ങള്‍ ഇല്ല എന്നല്ല, സ്വപ്നം കാണാന്‍ അവനു സമയമില്ല സാഹചര്യവുമില്ല. Introvert എന്ന് ഗ്ലോറിഫൈ ചെയ്ത് വിളിക്കപ്പെടുന്ന അധികമാരോടും മനസ്സ് തുറക്കാന്‍ കഴിവില്ലാത്ത ഒരു പാവം. അവനു കുഞ്ഞുനാളില്‍ സംസാരിക്കാനും കൂടെ ചിരിക്കാനും കൂട്ടുകാര്‍ ഉണ്ടായിരുന്നില്ല, അവന്റെ ഉമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. പാവമായ അവനെ ‘കൂട്ടുകാര്‍’ ഉപദ്രിവിക്കുന്നതും ഉപയോഗിക്കുന്നതും കണ്ട ഉമ്മ അവനെ എല്ലാവരില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടാവും.
അയല്പക്കത്തെ പെണ്‍കുട്ടിയെ അകമഴിഞ്ഞ് സ്‌നേഹിച്ചിട്ടുണ്ടാവാം അവന്‍. പക്ഷെ സ്വപ്നം കാണാന്‍ മാത്രമല്ല സ്‌നേഹിക്കാനും അവകാശമില്ല എന്ന് അവനു വൈകിയാവും മനസിലായിട്ടുണ്ടാവുക. അവളെ ഏതോ ഒരുത്തന്‍ കെട്ടിക്കൊണ്ട് പോയത് കൈയും കെട്ടി നോക്കി നില്കാനേ അവനെക്കൊണ്ട് പറ്റിയുള്ളൂ.
ഭാര്യയെ സ്‌നേഹിക്കാനും കഷ്ടപെടുത്താതിരിക്കാനും അവന്‍ കഴിവതും ശ്രമിച്ചു പക്ഷെ ഉമ്മയും ഭാര്യയും തമ്മിലുള്ള തര്‍ക്കങ്ങള്‍ അവനു നേരെയുള്ള അമ്പുകളായി മാറിയപ്പോള്‍ അവനെ ഒന്ന് ആശ്വസിപ്പിക്കാന്‍ ആരുമില്ലായിരുന്നു. ഭാര്യയോടുള്ള കടമയും അമ്മയോടുള്ള സ്‌നേഹവും, ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കണം എന്ന അവസ്ഥ വന്നപ്പോള്‍ ജീവിതത്തില്‍ ആദ്യമായി അവന്‍ ലോജിക്കല്‍ ആയി. ഹൃദയം കൊണ്ട് മാത്രം തീരുമാനം എടുക്കാറുള്ള സത്താര്‍ അന്ന് ലോജിക്കല്‍ ആയി. പക്ഷെ ആ കുറ്റബോധം അവനു താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.
പോയി ചത്തൂടെടാ എന്ന കൂട്ടുകാരന്റെ വാക്കുകളേക്കാള്‍ അവനെ വേദനിപ്പിച്ചത് മറ്റൊന്നായിരുന്നു. ഉമ്മയെ തിരിച്ചു വിളിക്കാന്‍ ചെല്ലുമ്പോ അവനെ മനസിലാക്കേണ്ട ഉമ്മ തന്നെ അവന്റെ മുഖത്തു വാതില്‍ കൊട്ടിയടയ്ക്കുന്നു. അപ്പോഴേ ഞാന്‍ ഉറപ്പിച്ചു സത്താര്‍ ആ രാത്രിക്കപ്പുറം ജീവിച്ചിരിക്കില്ല എന്ന്. അവസാനം തന്നെ ഓട്ടോ ഏതോ ഒരു പാടവരമ്പത്ത് നിര്‍ത്തിയിട്ട് എല്ലാം മറന്നു കരഞ്ഞ ആ നിമിഷം ആവും അവന്റെ ജീവിതത്തിലെ ഏറ്റവും ലൗഡ് ആയ മൊമെന്റ്.
ആ പാടത്തെ ചതുപ്പില്‍ എവിടെയോ സത്താറിന്റെ ശരീരം ഇപ്പോഴും ആരും കാണാതെ കിടപ്പുണ്ടാവാമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഒരു സാമൂഹിക ആക്ഷേപഹാസ്യ ചിത്രമായി ഒരുക്കിയ സൗദി വെള്ളക്ക 53-ാമത് അന്താരാഷ്ട്ര ചലചിത്രമേളയില്‍ വളരെയധികം നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും പിടിച്ചുപറ്റിയിരുന്നു.
ഏകദേശം ഇരുപതോളം അഭിഭാഷകര്‍, റിട്ടയേര്‍ഡ് മജിസ്ട്രേറ്റുമാര്‍, കോടതി ജീവനക്കാര്‍ എന്നിവരുടെ സഹായത്തോടെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തരുണ്‍മൂര്‍ത്തി തിരക്കഥയൊരുക്കിയ ചിത്രത്തില്‍ ബിനു പപ്പു, ലുക്മാന്‍ അവറാന്‍, വിന്‍സി അലോഷ്യസ്, സിദ്ധാര്‍ഥ് ശിവ, സുജിത്ത് ശങ്കര്‍, ഗോകുലന്‍, റിയ സെയ്റ, ധന്യ അനന്യ തുടങ്ങിയവര്‍ക്കൊപ്പം മലയാളത്തിലെ നിരവധി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും പ്രധാന വേഷങ്ങളിലെത്തുന്നു. ഉര്‍വശി തിയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് നിര്‍മ്മാണം.

Previous articleസിപിഒ ബിനീഷ് ആയി അഭിരാം; ഇരട്ടയിലെ പുതിയ പോസ്റ്റര്‍
Next articleധ്യാന്‍, ഷൈന്‍, ഉര്‍വ്വശി, ദുര്‍ഗ ചിത്രം ‘അയ്യര് കണ്ട ദുബായ്’- മോഷന്‍ പോസ്റ്റര്‍