‘ലാലേട്ടന്‍ എന്ന് കഥ കേട്ട് ഓക്കെ പറയുന്നോ അന്നേ ആ പടം ചെയ്യൂ’ അഭിലാഷ് പിള്ള

എട്ടു വയസ്സുള്ള ഒരു കൊച്ചുകുട്ടിയുടേയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥയാണ് ‘മാളികപ്പുറം’. ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. മാളികപ്പുറം വിശ്വാസികള്‍ക്ക് വേണ്ടി മാത്രമുള്ള സിനിമയല്ല. ഞാന്‍ ഒരു പത്തനംതിട്ടക്കാരനാണ്. എന്നെ സംബന്ധിച്ച് ചെറുപ്പം മുതല്‍ കേട്ട് വളര്‍ന്ന ഒരു സൂപ്പര്‍ ഹീറോ ആണ് അയ്യപ്പന്‍. ഞാന്‍ ഇതുവരെ ചെയ്തിട്ടുള്ളത് ത്രില്ലറുകള്‍ ആണ്. എന്റെ കരിയറില്‍ ഞാന്‍ ആദ്യം എഴുതിയ സ്‌ക്രിപ്റ്റ് ‘പമ്പ’ ആണ്.

എന്റെ മനസ്സില്‍ ലാലേട്ടനെ നായകനാക്കി തന്നെ ആ സിനിമ ചെയ്യണം എന്നാണ് ആഗ്രഹം. എന്റെ ഡ്രീം പ്രോജക്ട് ആണത്. ഒരു തുടക്കക്കാരന് ആദ്യം തന്നെ അത്രയും വലിയൊരു പ്രോജക്ടില്‍ എത്തിപ്പെടാന്‍ കഴിയില്ല. പിന്നീടാണ് ഞാന്‍ കഡാവര്‍, നൈറ്റ് ഡ്രൈവ് പത്താം വളവ് ഒക്കെ ചെയ്യുന്നത്. മാളികപ്പുറത്തിനു വേണ്ടി തിരക്കഥ എഴുതിയപ്പോള്‍ ഒരു പക്കാ കമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നര്‍ ആകണം എന്നുദ്ദേശിച്ച് ചെയ്തതാണ്. അതൊരു ഭക്തി സിനിമയല്ല. അയ്യപ്പന്‍ എന്ന ദൈവവും ദൈവീകതയും ഒക്കെ ഉണ്ടെന്നുള്ളത് ശരിയാണ്. പക്ഷേ ഇത് എല്ലാ പ്രായത്തിലുള്ളവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന സിനിമയാണ്. ഇതില്‍ മതമില്ല അത് സിനിമ കണ്ടാല്‍ മനസിലാകും. മതത്തിനു വേണ്ടിയുള്ള സിനിമയാണ് എന്ന തരത്തില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഉണ്ടായി. പക്ഷേ വിമര്‍ശിക്കാന്‍ പടം കണ്ടവര്‍ പോലും അഭിപ്രായം മാറി എന്ന് പറഞ്ഞു വിളിക്കാറുണ്ട്. ഒരു തിരക്കഥാകൃത്ത് എന്ന നിലയില്‍ സന്തോഷമുണ്ടെന്ന് അഭിലാഷ് പിള്ള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

അതേസമയം മോഹന്‍ലാലിനെ വെച്ച് പമ്പ എന്ന ചിത്രമെടുക്കുകയെന്നതാണ് അഭിലാഷിന്റെ അടുത്ത ആഗ്രഹം. കുറച്ചു പടങ്ങള്‍ ഇപ്പോള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. തമിഴിലും തെലുങ്കിലും സിനിമകളുടെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇതൊക്കെ ഉണ്ടെങ്കിലും ഞാന്‍ ‘പമ്പ’ ചെയ്യാന്‍ കാത്തിരിക്കുകയാണ്. അതൊരു വലിയ ക്യാന്‍വാസില്‍ ചെയ്യേണ്ട പടമാണ്. ലാലേട്ടന്‍ എന്ന് കഥ കേട്ട് ഓക്കെ പറയുന്നോ അന്നേ ആ പടം ചെയ്യൂ. മാളികപ്പുറത്തിന്റെ പ്രമോഷന്‍ വര്‍ക്കുകള്‍ കഴിഞ്ഞതിനു ശേഷം അടുത്ത പടങ്ങളുടെ വര്‍ക്കിലേക്ക് കടക്കും. വലിയ ഒരു സൂപ്പര്‍ സ്റ്റാര്‍ പടം തന്നെയാണ് ഇപ്പോള്‍ എഴുതുന്നതെന്നും അഭിലാഷ് പറയുന്നു.

Gargi