അതൊരു ഫണ്‍ ടോക്ക് ആയിരുന്നു, വേദനിപ്പിച്ചെങ്കില്‍ മാപ്പ്: അജു വര്‍ഗീസ്

ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതി നവാഗതനായ ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അജു വര്‍ഗീസിന്റെ വിവാദമായ വേതന പരാമര്‍ശം. പുതുമുഖ സംവിധായകര്‍ക്ക് പണം നല്‍കേണ്ടതില്ല എന്നത് നല്ല കാര്യമായി തോന്നുന്നുവെന്നായിരുന്നു അജുവിന്റെ പരാമര്‍ശം. എന്നാല്‍
താന്‍ പറഞ്ഞ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്ന് നടനും നിര്‍മാതാവുമായ അജു പറയുന്നു. അജു വര്‍ഗീസും വിശാഖ് സുബ്രഹ്‌മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

താനൊരു ‘ഫണ്‍ ടോക്ക്’ ആയാണ് അങ്ങനെ പറഞ്ഞതെന്നും തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പു ചോദിക്കുന്നുവെന്നും അജു വര്‍ഗീസ് സോഷ്യല്‍ മീഡിയ വഴി നല്‍കിയ വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കുന്നു.താന്‍ അഭിമുഖത്തില്‍ പറഞ്ഞ രണ്ട് വാക്കുകള്‍ വാര്‍ത്തയുടെ തലക്കെട്ടില്‍ ഇല്ലാതായി പോയെന്നും താരം പറഞ്ഞു.

‘ഒരു രൂപയെങ്കില്‍ ഒരു രൂപ പണിയെടുക്കുന്നവര്‍ക്ക് കൊടുക്കണം. എന്റെ കോണ്‍സെപ്റ്റില്‍, പുതുമുഖ സംവിധായകര്‍ക്ക് കാശ് കൊടുക്കുന്നില്ലെങ്കില്‍ അത് ആദ്യമേ പറയണം, ഞങ്ങള്‍ക്ക് ഈ സിനിമയില്‍ കാശില്ല, എന്ന്. അത് ഞാന്‍ ചെയ്യും. അതായത്, ഇപ്പൊ എന്റെയടുത്ത് വര്‍ക്ക് ചെയ്യാന്‍ വരികയാണെങ്കില്‍, മാസം ഇത്ര രൂപയേ ഉള്ളൂ എന്നോ, അല്ലെങ്കില്‍ മാസത്തില്‍ കാശ് ഇല്ല എന്നോ ആദ്യം പറയും. പൂര്‍ണമായും മനസിന് സമ്മതമാണെങ്കില്‍ മാത്രം ചെയ്താല്‍ മതി. സന്തോഷത്തോടെയും വേണം’ എന്നായിരുന്നു അജുവിന്റെ പരാമര്‍ശം.

 

Aswathy