‘അത് കേട്ട് ഞാന്‍ പൊട്ടിക്കരഞ്ഞിട്ടുണ്ട്’; താന്‍ നേരിട്ട ബോഡി ഷെയിമിങ്ങിനെക്കുറിച്ച് ധനുഷ്

അഭിനയ ജീവിതത്തിന്റെ തുടക്കകാലത്ത് താന്‍ കടുത്ത ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുണ്ടെന്ന് നടന്‍ ധനുഷ്. ധനുഷ് നായകനായ ഗ്രേമാന്‍ എന്ന ഹോളിവുഡ് ചിത്രം പ്രദര്‍ശനത്തിനൊരുങ്ങുമ്പോഴാണ് ധനുഷിന്റെ ഈ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നത്. മുന്‍പ് ഒരു ദേശീയ മാധ്യമത്തിന്…

അഭിനയ ജീവിതത്തിന്റെ തുടക്കകാലത്ത് താന്‍ കടുത്ത ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുണ്ടെന്ന് നടന്‍ ധനുഷ്. ധനുഷ് നായകനായ ഗ്രേമാന്‍ എന്ന ഹോളിവുഡ് ചിത്രം പ്രദര്‍ശനത്തിനൊരുങ്ങുമ്പോഴാണ് ധനുഷിന്റെ ഈ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നത്. മുന്‍പ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം താന്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞത്.

പിതാവ് കസ്തൂരി രാജ സംവിധാനം ചെയ്ത തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയായിരുന്നു ധനുഷിന്റെ വെള്ളിത്തരിയിലേക്കുള്ള അരങ്ങേറ്റം. ഒരു സ്‌കൂള്‍ കാലഘട്ടത്തിലെ പ്രണയകഥയായിരുന്നു ചിത്രത്തിന്റെ പ്രമേയം. പിന്നീട് സഹോദരന്‍ സെല്‍വരാഘവന്‍ സംവിധാനം ചെയ്ത കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. ഈ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ കടുത്ത ബോഡി ഷെയ്മിങ്ങിന് ഇരയാകേണ്ടി വന്നുവെന്നാണ് ധനുഷ് പറഞ്ഞത്.

‘കാതല്‍ കൊണ്ടേന്‍ ചിത്രീകരിക്കുമ്പോള്‍ ഒരാള്‍ വന്ന് ചോദിച്ചു. ആരാണ് ഈ സിനിമയിലെ നായകനെന്ന്. പരിഹസിക്കുമെന്ന് അറിയാവുന്നതിനാലും അത് താങ്ങാനുള്ള ശേഷി എനിക്ക് ഇല്ലാത്തതിനാലും ഈ സിനിമയില്‍ അഭിനയിക്കുന്ന മറ്റൊരു നടനെ ചൂണ്ടിക്കാട്ടി അതാണ് ഹീറോ എന്ന് പറഞ്ഞു. കുറച്ച് സമയത്തിന് ശേഷം അവര്‍ ഞാനാണ് നായകനെന്ന് മനസ്സിലാക്കി. ‘അയ്യേ ഇതാണോ ഹീറോ, ഈ ഓട്ടോ ഡ്രൈവര്‍ ഹീറോ ആണ് പോലും’. സങ്കടം സഹിക്കവയ്യാതെ ഞാന്‍ പൊട്ടിക്കരഞ്ഞു. ഒരു ചെറിയ പയ്യനായതിനാല്‍ ഈ പരിഹാസങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പ്രാപ്തി എനിക്കില്ലായിരുന്നു. പിന്നീട് ഞാന്‍ ചിന്തിച്ചു, എന്ത് കൊണ്ട് ഒരു ഓട്ടോ ഡ്രൈവറിന് നായകന്‍ ആയിക്കൂടാ. അതാണ് എന്നെ ഇവിടെ എത്തിച്ചത്’. എന്നാണ് ധനുഷ് പറഞ്ഞത്.

ധനുഷിന്റെ പുതിയ ഹോളിവുഡ് ചിത്രം ഗ്രേമാന്‍ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ജൂലൈ 15നാണ് ചിത്രം റിലീസ് ചെയ്യുക. റൂസ്സോ ബ്രദേഴ്സ് ആണ് സംവിധാനം. ക്രിസ് ഇവാന്‍സ്, റയാല്‍ ഗോസ്ലിങ്, അന്നാ ഡേ ആമസ് എന്നിവരാണ് മറ്റു താരങ്ങള്‍.