‘ഭാവിയില്‍ പ്രധാനമന്ത്രി വരെയാകേണ്ട വ്യക്തിയാണ്’ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് അടിച്ച് തകര്‍ത്തതിനെ കുറിച്ച് ധര്‍മ്മജന്‍ ബോള്‍ഗാട്ടി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഓഫിസ് അടിച്ച് തര്‍ത്തിനെതിരെ പ്രതികരിച്ച് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ധര്‍മജന്‍ ബോള്‍ഗാട്ടി. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നയിടമാണ് ഓരോ പൊതുപ്രവര്‍ത്തകന്റെ ഓഫീസും. രാഹുല്‍ ഗാന്ധിയെ പോലുള്ള ദേശീയ നേതാവ് നമ്മുടെ നാട്ടില്‍ വന്ന് മത്സരിച്ചത് നമുക്ക് വലിയ അഭിമാനം തോന്നേണ്ട കാര്യമാണ്. എന്നിട്ടും അദ്ദേഹത്തിന്റെ ഓഫീസ് അടിച്ചു തകര്‍ത്തത് മോശപ്പെട്ട പ്രവര്‍ത്തിയാണെന്നും ധര്‍മജന്‍ സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു.

‘രാജ്യത്തെ ഏറ്റവും മുതിര്‍ന്ന നേതാവാണ്. ഭാവിയില്‍ പ്രധാനമന്ത്രി വരെയാകേണ്ട വ്യക്തിയാണ്. മുന്‍ പ്രധാനമന്ത്രിയുടെ മകനും കൊച്ചുമകനുമൊക്കെയാണ്. അങ്ങനൊരു നേതാവിന്റെ ഓഫീസ് തല്ലിപ്പൊളിക്കുക എന്നുവച്ചാല്‍ സാധാരണക്കാരന്റെ അവസ്ഥ എന്താകുമെന്നായിരുന്നു ധര്‍മ്മജന്റെ പ്രതികരണം.

അതേസമയം മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഈ മാസം 30-ന് വയനാട്ടിലെത്തും. ജൂണ്‍ 30, ജൂലൈ ഒന്ന്, രണ്ട്, തിയതികളില്‍ രാഹുല്‍ വയനാട് ലോക്‌സഭാ മണ്ഡലത്തിലുണ്ടാകും. ഓഫീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലല്ല രാഹുലിന്റെ സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓഫീസ് അക്രമിച്ച കേസില്‍ പൊലീസ് അന്വേഷണം ത്വരിതപ്പെടുത്തി. 19 എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തു. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി, മന്ത്രി വീണാ ജോര്‍ജ്ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അവിഷിത്ത് എന്നിവരടക്കം 19 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Previous article‘സുനിച്ചനെ ചോദിച്ചവരോട്… ആള്‍ എത്തിയിട്ടുണ്ട്’; വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് മഞ്ജു സുനിച്ചന്‍
Next articleഹോളീവുഡ് ചിത്രം ‘എ ബ്യൂട്ടിഫുള്‍ ബ്രേക്കപ്പ്’; ഇളയരാജയുടെ ഇംഗ്ലീഷ് ഗാനം പുറത്തിറങ്ങി