‘അന്ന് അവന്‍ നാട്ടുകാരേ ഓടി വരണേ… ഫ്‌ളാറ്റിന് തീ പിടിച്ചേയെന്നും പറഞ്ഞ് ഓടി’; ഇസുവിന്റെ കുസൃതികളെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍

റൊമാന്റിക് ഹീറോ പരിവേഷത്തില്‍ നിന്നും മാറി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ഇപ്പോള്‍ ഏത് കഥാപാത്രവും കുഞ്ചാക്കോ ബോബന്റെ കൈയില്‍ ഭദ്രമാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ന്നാ താന്‍ കേസ്…

റൊമാന്റിക് ഹീറോ പരിവേഷത്തില്‍ നിന്നും മാറി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ഇപ്പോള്‍ ഏത് കഥാപാത്രവും കുഞ്ചാക്കോ ബോബന്റെ കൈയില്‍ ഭദ്രമാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ന്നാ താന്‍ കേസ് കൊട് എന്ന സിനിമക്കായി കുഞ്ചാക്കോ ബോബന്‍ നടത്തിയ മേക്കോര്‍. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ കൊഴുമ്മല്‍ രാജീവന്‍ അഥവാ അംബാസ് രാജീവന്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ദേവദൂതര്‍ പാടി എന്ന വീഡിയോ സോങ് ഏറെ ഹിറ്റായിരുന്നു. മമ്മൂട്ടി അഭിനയിച്ച കാതോട് കാതോരം എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ദേവദൂതര്‍ പാടി എന്ന ഗാനം ന്നാ താന്‍ കേസ് കൊട് സിനിമയ്ക്ക് വേണ്ടി റീമേക്ക് ചെയ്യുകയായിരുന്നു. ഗാനരംഗത്തിലെ കുഞ്ചാക്കോ ബോബന്റെ ഡാന്‍സ് ആണ് ഏറെ വൈറലായത്.

ഇപ്പോഴിതാ തന്റെ സിനിമാ വിശേഷങ്ങളും കുടുംബവിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ഫിലിമി ബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നത്. കൊഴുമ്മല്‍ രാജീവന്‍ അഥവാ അംബാസ് രാജീവന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. പ്രോസ്‌തെറ്റിക് മേക്കപ്പ് ഇല്ലാതെ ഈ കഥാപാത്രത്തിന്റെ ഒരു ശരീര ഭാഗവും പുറത്തുകാണില്ല. മുന്‍ നിരയില്‍ ഒരു പല്ല് തള്ളി നിര്‍ത്തിയിരിക്കുകയാണെന്നും ഇതുവരെ കാണാത്ത രൂപം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമോ എന്ന ആശങ്ക ഉണ്ടായിരുന്നുവെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

‘വര്‍ഷങ്ങള്‍ക്ക് മുമ്പ് രതീഷ് എന്നോട് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെ കഥ പറയാന്‍ വന്നിരുന്നു. അന്ന് എനിക്കൊന്നും മനസിലായില്ല. അന്ന് ഓക്കെ സലാം എന്ന് പറഞ്ഞ് പുള്ളിയെ വിടുകയായിരുന്നു. പിന്നീട് അദ്ദേഹം ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ ചെയ്ത ശേഷം അദ്ദേഹത്തെ വിളിച്ച് വേറൊരു സാധനവുമായിട്ട് വരാന്‍ പറഞ്ഞു. ആ സിനിമയാണ് ന്നാ താന്‍ കേസ് കൊട്’ ഈ സിനിമയിലേക്ക് വരാനുള്ള സാഹചര്യവും കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കി.

മകന്‍ ഇസഹാക്ക് എന്ന ഇസയെക്കുറിച്ചും കുഞ്ചാക്കോ ബോബന്‍ പറയുന്നുണ്ട്. കൊവിഡും ലോക്ക് ഡൗണും കാരണം വീട്ടിലിരുന്നതിനാല്‍ മകന്റെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍ കാണാന്‍ സാധിച്ചുവെന്നും അവന് വാത്തി കമിങ്, ബുട്ട ബൊമ്മ, തന്റെ തന്നെ കല്യാണ രാമനിലെ സോങ്‌സ് ഒക്കെ ഇഷ്ടമാണെന്നും അതൊക്കെ കാണുമ്പോള്‍ ഡാന്‍സ് കളിക്കാന്‍ ശ്രമിക്കുമെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ഇതിനിടെ മകന്റെ കുസൃതികളെക്കുറിച്ചും താരം പറഞ്ഞു.

‘വലിയ കുരുത്തക്കേടില്ലെങ്കിലും ചെറിയതായി എന്റെ കഞ്ഞിയില്‍ പാറ്റയിടുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ ഉണ്ടാകാറുണ്ട്. അവന്‍ മിന്നല്‍ മുരളി സിനിമ ഇഷ്ടമാണ്. ഒരിക്കല്‍ അതിലെ ഗുരു സോമസുന്ദരം പറയുന്ന നാട്ടുകാരെ ഓടി വരണെ… ഡയലോഗ് നാട്ടുകാരെ ഓടി വരണേ… ഫ്‌ലാറ്റിന് തീ പിടിച്ചേയെന്ന് മാറ്റി പറഞ്ഞ് ഇവന്‍ ഫ്‌ലാറ്റിന് പുറത്തേക്ക് ഓടി. അപ്പോഴാണ് ഒരു പ്രൊഡ്യൂസര്‍ എന്നെ കാണാന്‍ വന്നത്. അദ്ദേഹം ഇത് കേട്ടതും ആകെ ടെന്‍ഷനിലായി. കാരണം കൊച്ചുകുട്ടിയാണല്ലോ ഓടി വരുന്നത്. പിന്നെ ഇസുവിനെ പറഞ്ഞ് മനസിലാക്കി. അതിന് ശേഷം അവന്‍ നാട്ടുകാരെ ഓടി വരണെ കിച്ചണില്‍ തീ പിടിച്ചേയെന്നും പറഞ്ഞാണ് ഓടി നടന്നത്. അവനോട് അധികം ദേഷ്യപ്പെടാറില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ഉണ്ടായ കുട്ടിയായതിന്റെ ഹാപ്പിനസ് ഞങ്ങള്‍ക്കുണ്ട്. എന്നാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്.