ഞാന്‍ ചിലപ്പോള്‍ ബാധ്യതയായേക്കാം; ചില സിനിമകള്‍ക്ക് നോ പറയേണ്ടി വന്നതിനെക്കുറിച്ച് ഷറഫുദ്ദീന്‍

കഥ ഇഷ്ടപ്പെട്ടിട്ടും നോ പറയേണ്ടി വന്ന സിനിമകളുണ്ടെന്ന് തുറന്ന് പറഞ്ഞ് നടന്‍ ഷറഫുദ്ദീന്‍. നോ പറയേണ്ടി വന്നത് സിനിമകള്‍ മോശമായതുകൊണ്ടല്ലെന്നും താന്‍ ആ ചിത്രത്തിന് ചേരില്ല എന്ന് തോന്നിയതുകൊണ്ടാണെന്നും ഷറഫുദ്ദീന്‍ പറഞ്ഞു. പ്രിയന്‍ ഓട്ടത്തിലാണ്…

കഥ ഇഷ്ടപ്പെട്ടിട്ടും നോ പറയേണ്ടി വന്ന സിനിമകളുണ്ടെന്ന് തുറന്ന് പറഞ്ഞ് നടന്‍ ഷറഫുദ്ദീന്‍. നോ പറയേണ്ടി വന്നത് സിനിമകള്‍ മോശമായതുകൊണ്ടല്ലെന്നും താന്‍ ആ ചിത്രത്തിന് ചേരില്ല എന്ന് തോന്നിയതുകൊണ്ടാണെന്നും ഷറഫുദ്ദീന്‍ പറഞ്ഞു. പ്രിയന്‍ ഓട്ടത്തിലാണ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിലാണ് ഷറഫുദ്ദീന്‍ മനസ് തുറന്നത്.

‘നോ പറയാന്‍ മടിയുള്ളതുകൊണ്ട് ചില സിനിമകള്‍ പോസ്റ്റാവാറുണ്ട്. എനിക്ക് ഇഷ്ടമായ സിനിമകള്‍, അല്ലെങ്കില്‍ നല്ല സിനിമകള്‍ എന്ന് തോന്നിയിട്ട് ചെയ്യാതിരുന്ന സിനിമകളുണ്ട്. മോശം സിനിമ ആയതുകൊണ്ടല്ല. സസ്പെന്‍സ് കഥാപാത്രമാണെങ്കില്‍ ഞാന്‍ ചെയ്താല്‍ അത് ആ സിനിമക്ക് ഒരു ബാധ്യതയാവും. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ അത് പറഞ്ഞു മാറാറുണ്ട്. ചിലപ്പോള്‍ സ്വന്തമായി താല്‍പര്യങ്ങളുണ്ടാവാറുണ്ടല്ലോ. എന്റെ ഇഷ്ടത്തിനാണ് ഞാന്‍ വില കൊടുക്കുന്നത്. എനിക്ക് ഇഷ്ടമില്ലെങ്കില്‍ അത് നൈസായി പറയും’ എന്നാണ് ഷറഫുദ്ദീന്‍ പറഞ്ഞത്.

എപ്പോഴും നോ പറയുന്ന ആളല്ല, ഒരുപാട് സിനിമകളില്‍ വന്നിട്ട് നോ പറയുന്ന ആളല്ല, വളരെ കുറച്ച് സിനിമകളാണ് തന്റേതായി വന്നതെന്നും ഒരു മൂന്നെണ്ണം വന്നാല്‍ രണ്ടെണ്ണം ചെയ്യുന്നു എന്നുള്ള അവസ്ഥയിലൊക്കെ തന്നെയാണ് സിനിമയില്‍ നില്‍ക്കുന്നതെന്നും താരം വ്യക്തമാക്കി. കൊവിഡിന്റെ സമയത്ത് വ്യത്യസ്തമായൊരു സിനിമ ചെയ്യണമെന്ന ആഗ്രഹത്തില്‍ നില്‍ക്കുമ്പോഴാണ് പ്രിയന്‍ ഓട്ടത്തിലാണ് എന്ന സിനിമയുടെ കഥ കേള്‍ക്കുന്നതെന്നും തനിക്ക് അതൊരു രസകരമായ കഥയായിട്ട് തോന്നിയെന്നും അത് ചെയ്യണമെന്ന് തോന്നുകയായിരുന്നെന്നും ഷറഫുദ്ദീന്‍ പറഞ്ഞു. ജൂണ്‍ 24നാണ് പ്രിയന്‍ ഓട്ടത്തിലാണ് റിലീസ് ചെയ്യുന്നത്. ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നൈല ഉഷ, അപര്‍ണ ദാസ് എന്നിവരാണ് നായികമാര്‍.