സ്വന്തം അമ്മയെ അല്ലാതെ മറ്റാരെയും വിശ്വസിക്കരുത് : താര സംഘടനയില്‍നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്ന് അതിജീവിത

നടന്‍ വിജയ് ബാബുവിന് എതിരായ തന്റെ പീഡന പരാതിയില്‍ താര സംഘടനയായ അമ്മയില്‍ നിന്നും നീതി ലഭിക്കില്ലെന്ന് തനിക്ക് ബോധ്യപ്പെട്ടതായ സൂചന നല്‍കുന്ന അതിജിവിതയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. സ്വന്തം അമ്മയെ അല്ലാതെ മറ്റാരെയും വിശ്വസിക്കരുത്…

നടന്‍ വിജയ് ബാബുവിന് എതിരായ തന്റെ പീഡന പരാതിയില്‍ താര സംഘടനയായ അമ്മയില്‍ നിന്നും നീതി ലഭിക്കില്ലെന്ന് തനിക്ക് ബോധ്യപ്പെട്ടതായ സൂചന നല്‍കുന്ന അതിജിവിതയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. സ്വന്തം അമ്മയെ അല്ലാതെ മറ്റാരെയും വിശ്വസിക്കരുത് എന്ന കുറിപ്പാണ് അതിജീവിത പങ്കുവെച്ചത്. അതേസമയം, ആരോപണ വിധേയനോട് മൃതു സമീപനം കാണിക്കുന്നതില്‍ പ്രതിഷേധിച്ച് അമ്മയുടെ ആഭ്യന്തര പ്രശ്‌ന പരിഹാര സെല്ലില്‍ നിന്നും രാജിവെച്ച മാല പാര്‍വ്വതിയെ അഭിനന്ദിക്കാനും അതിജീവിത മറന്നില്ല. മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, തന്റെ തീരുമാനത്തിന് പിന്തുണ അറിയിച്ച നടന്‍ ബാബുരാജിന് ഉള്ള നന്ദി മാല പാര്‍വ്വതി ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു. ഇത് അപൂര്‍വ്വവും അസാധാരണവുമാണ്. വിവാദങ്ങള്‍ നേരിടുകയും ട്രോള്‍ ചെയ്യപ്പെടുകയും ചെയ്യുന്നവരുടെ കൂടെ സാധാരണ ആളുകള്‍ ആരും നില്‍ക്കാറില്ല. നന്ദി ബാബുരാജ്, മാല പാര്‍വ്വതി ഫെയ്സ്ബുക്കില്‍ കുറിച്ചു.


മാല പാര്‍വ്വതിയുടെ രാജിയെ സ്വാഗതം ചെയ്ത ബാബു രാജ്, രാജിയിലൂടെ അമ്മയിലെ വനിതാ താരങ്ങള്‍ പാവകളല്ല എന്നും അവര്‍ക്ക് പ്രതികരണ ശേഷി ഉണ്ടെന്ന് സമൂഹത്തിന് മനസ്സിലാക്കി നല്‍കാന്‍ സാധിച്ചതായും ഒരു മാധ്യമത്തോട് പറഞ്ഞിരുന്നു. സ്ത്രീകള്‍ക്ക് പരാതി പറയാന്‍ വേറെ സംഘടന ഉണ്ടല്ലോ, അവിടെ പോയി പറയട്ടെ എന്ന് നടിമാരുടെ സംഘടനയായ ഡബ്‌ള്യു സി സിയെ സൂചിപ്പിച്ചുകൊണ്ടുള്ള മണിയന്‍ പിള്ള രാജുവിന്റെ പ്രസ്താവന തെറ്റായി പോയെന്നും, അമ്മയുടെ വൈസ് പ്രസിഡന്റ് അത് ഒരിക്കലും പറയാന്‍ പാടില്ലാത്തത് ആയിരുന്നുവെന്നും താരം പ്രതികരിച്ചു. ഒരു മുന്‍നിര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബാബു രാജിന്റെ പ്രതികരണം.

മാല പാര്‍വ്വതിയുടെ രാജിക്ക് പിന്നാലെ അഭ്യന്തര പ്രശ്‌ന പരിഹാര സെല്ലില്‍ നിന്നും രാജി വയ്ക്കുന്നതായി നടി ശ്വേതാ മേനോനും കുക്കു പരമേശ്വരനും അറിയിച്ചിരുന്നു.