ആ കോടാലി ഇങ്ങെടുത്തേ!! സെറ്റിനെ മുഴുവന്‍ ഞെട്ടിച്ച ലെനയുടെ ഭീമന്‍ ലഡ്ഡു!!

അഞ്ച് കിലോയുടെ ഭീമന്‍ ലഡ്ഡു കൊണ്ട് വന്ന് ഷൂട്ടിംഗ് സെറ്റിനെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടി ലെന. താരം തന്നെയാണ് ഇതിന്റെ വീഡിയോ തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി പുറത്ത് വിട്ടത്. യാത്രകളേയും ഭക്ഷണത്തേയും ഒരുപാട് ഇഷ്ടപ്പെടുന്ന ലെന പങ്കുവെച്ച വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. തന്റെ ഏറ്റവും പുതിയ സിനിമാ സെറ്റില്‍ വെച്ചാണ് ലഡ്ഡു കൊണ്ടു വന്ന് മറ്റ് താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ലെന സര്‍പ്രൈസ് ഒരുക്കിയത്.

ബാഗ് തുറക്കുന്നതിന് മുന്‍പ് തന്നെ ഇതെത്ര ലഡ്ഡു ഉണ്ടെന്ന് ആര്‍ക്കെങ്കിലും ഊഹിക്കാമോ എന്ന് നടി സെറ്റില്‍ എല്ലാവരോടുമായി ചോദിക്കുന്നുണ്ട്. എന്നാല്‍ അത് ഇത്രവലിയ ഒറ്റ ലഡ്ഡു ആയിരിക്കുമെന്ന് ആരും കരുതിയിരുന്നില്ല.. എന്താണ് ലെന ബാഗില്‍ നിന്ന് പുറത്തെടുക്കുന്നത് എന്ന് കാണാന്‍ സെറ്റില്‍ എല്ലാവരും ആകാംക്ഷയോടെ കാത്ത്‌നില്‍ക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കുന്നുണ്ട്. ലഡ്ഡു പുറത്തെടുത്തതോടെ എല്ലാവരും ആശ്ചര്യപ്പെട്ടു..

നടന്‍ സൗബിനും വീഡിയോ പകര്‍ത്തുന്നുണ്ട്. അഞ്ച് കിലോയോളം വരുന്ന ലഡ്ഡുവാണ് ഇത് എന്ന് ലെന തന്നെ പറയുന്നു,. അതിനിടെ ലഡ്ഡുവിന്റെ വലുപ്പം കണ്ട് ആ കോടാലി ഇങ്ങെടുത്തേ എന്നാണ് സെറ്റില്‍ വെച്ച് ഒരാള്‍ കമന്റ് പറഞ്ഞത്. പിന്നീട് അവിടെ കൂട്ടച്ചിരിയാണ് ഉയര്‍ന്നത്. സൗബിനും ലെനയും എല്ലാം ഒന്നിക്കുന്ന സിനിമയുടെ ലൊക്കേഷനാണ് ഇത്.

ലൊക്കേഷന്‍ ഫണ്‍ എന്നാണ് നടി വീഡിയോ പങ്കുവെച്ച് ഹാഷ്ടാഗ് ആയി കുറിച്ചത്. അതേസമയം, മോണ്‍സ്റ്ററാണ് ലെന അഭിനയിച്ച് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമായിരുന്നു മോണ്‍സ്റ്റര്‍.

Nikhina