‘എന്റെ ജീവിതത്തിലേക്ക് ദൈവദൂതനെപ്പോലെ കടന്നുവന്ന ഒരാള്‍’ മനസു തുറന്നു മല്ലിക

പൃഥ്വിരാജും ഇന്ദ്രജിത്തും മലയാളത്തിലെ രണ്ടു മുന്‍നിര നടന്മാരാണെങ്കിലും, മക്കളുടെ പേരില്‍ അറിയപ്പെടാന്‍ മല്ലിക സുകുമാരന് താല്‍പര്യമില്ല. നടന്‍ സുകുമാരന്റെ ഭാര്യ എന്ന മേല്‍വിലാസത്തില്‍ അറിയപ്പെടാനാണ് തനിക്ക് ഇഷ്ടമെന്ന് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടി മല്ലിക വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സുകുമാരന്റെ മരണത്തോടെ താന്‍ എങ്ങനെ പിടിച്ചു നിന്നു എന്നതിനെ കുറിച്ച് മനസു തുറന്നിരിക്കുകയാണ് താരം. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മല്ലിക.

‘സുകുവേട്ടന്‍ പോയതോടെ ഞാനും രണ്ടു കുട്ടികളും തനിച്ചായി. ജീവിതം ശൂന്യമായതുപോലെ. പക്ഷേ പിടിച്ചുനില്‍ക്കാതെ പറ്റില്ലായിരുന്നു. അതിനു കരുത്തു പകര്‍ന്നതും സുകുവേട്ടനായിരുന്നു. എന്റെ ജീവിതത്തിലേക്ക് ദൈവദൂതനെപ്പോലെ കടന്നുവന്ന ഒരാള്‍. അദ്ദേഹം പോകുമ്പോള്‍ അത്യാവശ്യം ഭൂമി ഉണ്ട്. ബാങ്കില്‍ സ്ഥിര നിക്ഷേപമുണ്ട്. പണം ഒരിക്കലും ആര്‍ഭാടത്തിന് ചെലവഴിച്ചിരുന്നില്ല. ഉള്ള സമ്പാദ്യം വച്ച് ജീവിതം നന്നായി പ്ലാന്‍ ചെയ്തു. ലോണുകള്‍ എടുക്കുകയും കൃത്യമായി തിരിച്ചടക്കുകയും ചെയ്തിരുന്നു.

എല്ലാറ്റിലും ഞങ്ങളുടെ മേല്‍ ഒരു കരുതലുണ്ടായിരുന്നു. അന്നെനിക്കു 39 വയസ്സാണ്. വീണ്ടും വിവാഹം കഴിക്കണമെന്നു പറഞ്ഞവരുണ്ട്. നാട്ടുമ്പുറത്തെ കാരണവന്മാരൊക്കെ സ്വാഭാവികമായും അങ്ങനെയേ പറയു. കുഞ്ഞുങ്ങളെ നന്നായി വളര്‍ത്തണമെന്നതു മാത്രമായിരുന്നു എന്റെ ചിന്ത. ഞാന്‍ പതറിയാല്‍, സങ്കടപ്പെട്ടാല്‍ അതില്‍ നിന്നുള്ള ബലഹീനതയില്‍ എന്റെ കുഞ്ഞുങ്ങളും തളരും. ജീവിതമെന്നത് മനസ്സിലെ വാശിയായിരുന്നു. മക്കളെ നന്നായി വളര്‍ത്തണം- സുകുവേട്ടന്‍ എന്നെ ഏല്‍പിച്ച ഉത്തരവാദിത്തം നിറവേറ്റണമായിരുന്നു. എന്റെ മക്കള്‍ക്ക് എന്നോടുള്ള സ്‌നേഹം കാണുമ്പോള്‍ അതില്‍ വിജയിച്ചു എന്നു തന്നെയാണ് എന്റെ വിശ്വാസം.

കിടപ്പുമുറിയില്‍ കട്ടിലിന് എതിരായി സുകുവേട്ടന്റെ ചിത്രമുണ്ട്. അതിലേക്കു നോക്കുമ്പോള്‍ മല്ലികേ..എന്നു നീട്ടിയുള്ളൊരു വിളി കേള്‍ക്കാം. നോക്കുമ്പോള്‍ ചിരിച്ചുകൊണ്ട് ഇരിക്കുന്നതു കാണാം. എന്നാലും എന്നെ ഒറ്റയ്ക്കാക്കി പോയല്ലോ എന്നൊരു പരിഭവം തോന്നാറുണ്ട്. അതൊക്കെ പോട്ടേടീ എന്നൊരു ആശ്വസിപ്പിക്കലും ആ മുഖത്തുണ്ടാകുമെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു.

Gargi