എംആര്‍ഐ സ്‌കാനിങിനെത്തിയ യുവതിയുടെ ദൃശ്യം പകര്‍ത്തി!!! റേഡിയോഗ്രാഫര്‍ അറസ്റ്റില്‍

പത്തനംതിട്ടയില്‍ സ്‌കാനിങിന് എത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യം പകര്‍ത്തി. യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ റേഡിയോഗ്രാഫറെ അറസ്റ്റ് ചെയ്തു. അടൂര്‍ ദേവി സ്‌കാനിങ് സെന്ററിലെ റേഡിയോഗ്രാഫര്‍ കടയ്ക്കല്‍ സ്വദേശി അംജിത് ആണ് അറസ്റ്റിലായത്. അടൂര്‍ പൊലീസ് ആണ് യുവതിയുടെ പരാതിയില്‍ പ്രതിയെ പിടികൂടിയത്.

ഇന്നലെ രാത്രിയോടെയാണ് സംഭവം. ഏഴാംകുളം സ്വദേശിനിയായ യുവതിയാണ് എംആര്‍ഐ സ്‌കാനിങിന് വേണ്ടി അംജിത്തിന്റെ ദേവി സ്‌കാനിങ് സെന്ററിലെത്തിയയത്. വസ്ത്രം മാറുമ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതായി സംശയം തോന്നി. ഇതോടെ യുവതി ബന്ധുക്കളേയും തുടര്‍ന്ന് അടൂര്‍ പൊലീസിനേയും അറിയിച്ചു. ഫോണ്‍ പരിശോധനയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ഉറപ്പായതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പൊലീസ് സ്ഥലത്തെത്തി റേഡിയോഗ്രാഫറെ പിടികൂടുകയായിരുന്നു.

പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടന്നെങ്കിലും യുവതി പരാതിയില്‍ ഉറച്ചുനിന്നതോടെ കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തി. സമാന കുറ്റകൃത്യം പ്രതി മുന്‍പ് ചെയ്തിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

അടുത്തിടെയാണ് ദേവി സ്‌കാന്‍ ആന്റ് ലാബ് പ്രവര്‍ത്തനം തുടങ്ങിയത്. സ്‌കാനിങ്ങ് സെന്ററിലേക്ക് ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് , ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.