തിരികെ കിട്ടാൻ സാധ്യത ഇല്ലാത്ത കഴിഞ്ഞു പോയ ഓർമ്മകളിലേക്കുള്ള ഒരു യാത്രയായിരുന്നു രോമാഞ്ചം

നവാഗതനായ ജിത്തു മാധവ് സംവിധാനം ചെയ്ത ചിത്രമാണ് രോമാഞ്ചം. പ്രമോഷനുകളോ വലിയ പ്രീ റിലീസ് പബ്ലിസിറ്റിയോ ഒന്നും കൂടാതെ എത്തിയ ചിത്രം ആദ്യ ദിനം മുതല്‍ ഹൗസ്ഫുള്‍ ആയിട്ടാണ് തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്തുന്നത്. ഒന്നല്ല,…

നവാഗതനായ ജിത്തു മാധവ് സംവിധാനം ചെയ്ത ചിത്രമാണ് രോമാഞ്ചം. പ്രമോഷനുകളോ വലിയ പ്രീ റിലീസ് പബ്ലിസിറ്റിയോ ഒന്നും കൂടാതെ എത്തിയ ചിത്രം ആദ്യ ദിനം മുതല്‍ ഹൗസ്ഫുള്‍ ആയിട്ടാണ് തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്തുന്നത്. ഒന്നല്ല, രണ്ടല്ല എത്ര തവണ കണ്ടാലും പ്രേക്ഷകര്‍ക്ക് മടുക്കില്ല. അത്രയേറെ റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രമാണ് രോമാഞ്ചം. സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, ചെറിയ സീനില്‍ വന്നുപോകുന്ന ചെമ്പന്‍ വിനോദ് തുടങ്ങിയവരാണ് ഈ ഹൊറര്‍ കോമഡി ചിത്രത്തിലെ പ്രേക്ഷകര്‍ക്ക് സുപരിചിതരായ ചില താരങ്ങള്‍. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. തിരികെ കിട്ടാന്‍ സാധ്യത ഇല്ലാത്ത കഴിഞ്ഞു പോയ ഓര്‍മ്മകളിലേക്കുള്ള ഒരു യാത്രയായിരുന്നു രോമാഞ്ചം എന്നാണ് അഹ്‌നസ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്

ചില സിനിമകള്‍ക്ക് മാത്രം നല്‍കാന്‍ കഴിയുന്ന ഒരു തരം ആശ്വസിപ്പിക്കല്‍ ഉണ്ട്
ജീവിതത്തില്‍ എത്ര മോശം അവസ്ഥയിലൂടെ കടന്ന് പോകുമ്പോഴും,
അരണ്ട വെളിച്ചത്തില്‍ ഒരു രണ്ട് രണ്ടര മണിക്കൂര്‍ സര്‍വ്വതും മറന്ന് നമ്മളെ ഇരുത്തി അങ്ങ് സന്തോഷിപ്പിച്ചു കളയും,
നമ്മളെ പോലെ തന്നെ പരിസരം മറന്ന് ആസ്വദിക്കുന്ന നല്ലൊരു ക്രൗഡും കൂടെ ഉണ്ടേല്‍ പിന്നെ പറയണ്ടാ ആ സന്തോഷം ഇരട്ടി ആയിരിക്കും. പറഞ്ഞ് വന്നത് രോമാഞ്ചത്തെ കുറിച്ചാണ് ??
രോമാഞ്ചം മോളിവുഡില്‍ ഇന്നേവരെ ഇറങ്ങിയതില്‍ വെച്ച് ഏറ്റവും മികച്ച എന്റെര്‍റ്റൈനെര്‍ ആണെന്ന അഭിപ്രായം എനിക്കില്ല
രോമാഞ്ചം എന്നെ ചിരിപ്പിച്ച പോലെ എല്ലാവരെയും ചിരിപ്പിച്ചിട്ടുണ്ടോ എന്നും എനിക്കറിയില്ല,എന്നെ സംബന്ധിച്ചടുത്തോളം വെറുമൊരു എന്റര്‍ടൈനര്‍ എന്നതില്‍ ഉപരി
ഇനി ഒരിക്കലും തിരികെ കിട്ടാന്‍ സാധ്യത ഇല്ലാത്ത കഴിഞ്ഞു പോയ രസകരമായ ഓര്‍മ്മകളിലേക്കുള്ള ഒരു യാത്രയായിരുന്നു
സീനിയേഴ്സ്സിന്റെ കൂടെ ചെറുതാണെങ്കില്‍ പോലും 5 വര്‍ഷം മുന്‍പുള്ള ഒരു ഹോസ്റ്റല്‍ ലൈഫ് ഏറെക്കുറേ അതേപടി സ്‌ക്രീനില്‍ കണ്ട ഫീല്‍ ആയിരുന്നു രോമാഞ്ചം കണ്ടോണ്ടിരുന്നപ്പോള്‍
ഓരോ കഥാപാത്രങ്ങളും എന്തിന് അധികം പറയുന്നു അവരുടെ എക്‌സ്പ്രഷന്‍സ് പോലും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന
ഒരു പടം , പ്രേതവും ഓജോ ബോര്‍ഡും ഹോസ്റ്റല്‍ ലൈഫുമൊക്കെ ഇതിന് മുന്‍പ് പല തവണ പറഞ്ഞിട്ടുള്ള കഥ ആണെങ്കിലും രോമാഞ്ചം വേറിട്ട് നില്‍ക്കുന്നത് അതിന്റെ കാസ്റ്റിങ്ങിലും പെര്‍ഫോമന്‍സിലുമാണ്,കൂടെ സുഷിന്റെ ബിജിഎം കൂടി ആകുമ്പോള്‍ അടി മുടി വേറൊരു വൈബാണ്
ഒരു ആയുസ്സ് മുഴുവന്‍ ഓര്‍ത്ത് വെക്കാന്‍ പാകത്തിനുള്ള ഓര്‍മ്മകളുടെ കലവറയാണ് ഹോസ്റ്റല്‍ /PG ജീവിതം
രോമാഞ്ചം എന്നെ കൂട്ടികൊണ്ട് പോയതും ആ ഓര്‍മ്മകളിലേക്കാണ്
ഞങ്ങളുടെ കൂട്ടത്തില്‍ പ്രേതത്തെ കണ്ട് പ്രേതത്തിന്റെ ഫോട്ടോ വരക്കുന്ന ഒരുത്തന്‍ ഉണ്ടായിരുന്നു
ഹാന്‍സിനോട് കൂടുതല്‍ ആസക്തി ഉള്ള ഒരുവന്‍ വേറേ
കൂട്ടത്തില്‍ എല്ലാവരെയും വിറപ്പിച്ചു നിര്‍ത്തുന്ന പുറമേ ടഫ് ലുക്ക് കൊടുക്കുന്ന പിഞ്ചു മനസുള്ള ഒരാളും ഉണ്ട്
ആന്‍ഡ്രോയ്ഡ് ഫോണും, പഴയ നോക്കിയ ഫോണും ഒരുപോലെ ഉപയോഗിച്ച് ഇരുട്ട വെളുക്കെ സൊള്ളുന്ന ഒരുത്തന്‍ എല്ലാ ടീമിലും കാണും
പിന്നെ വമ്പന്‍ ഐഡിയാസ് കൊണ്ട് വരുന്ന ബിസിനസ് മാഗ്നെറ്റും ഉണ്ടായിരുന്നു
ഇടക്ക് കുറച്ച് പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടായിരുന്നെങ്കിലും,പടുത്തമൊക്കെ കഴിഞ്ഞ് ജോലി കിട്ടി പല വഴിക്ക് ആയിട്ടും ഇടക്ക് എല്ലാവരും ആ ഫ്‌ലാറ്റില്‍ ഒത്തു കൂടുമായിരുന്നു
പതിയെ പതിയെ അതൊക്കെ നിന്നു
ഒരു ബാച്ചിലര്‍ ഹോസ്റ്റല്‍ ലൈഫ് കിട്ടാന്‍ ഇനിയും സാദ്ധ്യതകള്‍ ഏറെയുണ്ട്
പക്ഷേ ആ ഒരു ടീം ഉണ്ടല്ലോ അതുപോലെ ഒരെണ്ണം ഒത്തു കിട്ടാന്‍ പാടായിരിക്കും
രോമാഞ്ചം ഇതിനോടകം രണ്ട് തവണ തിയേറ്ററില്‍ കണ്ടു, സാഹചര്യവും സമയവും ഒത്തു വന്നാല്‍ ഇനിയും തിയേറ്ററില്‍ പോയി കാണണം എന്ന് ആഗ്രഹമുണ്ട്
OTT ഇറങ്ങുമ്പോള്‍ നല്ലൊരു പ്രിന്റ് ഡൗണ്‍ലോഡ് ചെയ്ത് ഫോണില്‍ സൂക്ഷിക്കും, ഒരു സ്‌ട്രെസ് ഫ്രീ പില്‍ പോലെ ആവശ്യമുള്ളപ്പോഴൊക്കെ എടുത്ത് വെച്ച് കാണണം സന്തോഷിക്കണമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

അതേസമയം ഫെബ്രുവരി മൂന്നിന് കേരളത്തിലെ 144 സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ചിത്രം 2023ല്‍ മലയാള സിനിമയിലെ ആദ്യ ബോക്‌സ് ഓഫീസ് വിജയമായി മാറി. കേരളത്തിനൊപ്പം റിലീസ് ചെയ്യപ്പെട്ട മറ്റ് മാര്‍ക്കറ്റുകളിലും ചിത്രം വിജയമായിരുന്നു. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും ബോക്‌സ് ഓഫീസ് തകര്‍ത്തു വാരുകയാണ് രോമാഞ്ചം. പേര് പോലെ തന്നെ പ്രേക്ഷകനെ രോമാഞ്ചം കൊള്ളിക്കാന്‍ ചിത്രത്തിന് സാധിച്ചുവെന്നതിന്റെ തെളിവാണ് ഈ വമ്പന്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍. വളരെ വേഗം തന്നെ 50 കോടി ക്ലബില്‍ കയറിയ ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുന്നു. മലയാള സിനിമയുടെ ബോക്‌സ് ഓഫീസ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളുടെ കൂട്ടത്തില്‍ രോമാഞ്ചവും ഇടംപിടിച്ചിരിക്കുകയാണ്.