‘കുറച്ച് നന്ദനം കുറച്ച് കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ കുറേയധികം ഭക്തി’

ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലെത്തിയ മാളികപ്പുറത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ബോക്‌സ് ഓഫീസില്‍ കുതിപ്പു തുടരുന്ന മാളികപ്പുറത്തിനെ പ്രശംസിച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘കുറച്ച്…

ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലെത്തിയ മാളികപ്പുറത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ബോക്‌സ് ഓഫീസില്‍ കുതിപ്പു തുടരുന്ന മാളികപ്പുറത്തിനെ പ്രശംസിച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘കുറച്ച് നന്ദനം കുറച്ച് കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ കുറേയധികം ഭക്തി’യെന്നാണ് അജിത്ത് പി വി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

കുറച്ച് നന്ദനം കുറച്ച് കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ കുറേയധികം ഭക്തി. മാളികപ്പുറം റെഡി. പലരും ഈ പടത്തെ നന്ദനവും ആമേനും ഒക്കെ ആയി താരതമ്യം ചെയ്യുന്നത് കണ്ടിരുന്നു. മൂന്ന് പടങ്ങളും ദൈവം എന്ന ആശയത്തെ ആസ്പദമാക്കിയാണ് മുന്നോട്ട് പോകുന്നതെങ്കിലും നന്ദനത്തിലും ആമേനിലും സബ് പ്ലോട്ട് ആയി മികച്ച ഒരു കഥയും ധാരാളം എന്റര്‍ടൈമെന്റ് എലമെന്റ്‌സും ഉണ്ടായിരുന്നു. മാത്രമല്ല മറ്റ് രണ്ട് പടങ്ങളും കാണുമ്പോള്‍ ഒരു ഫാന്റസി പടം കാണുന്ന ഫീലും കിട്ടി. പക്ഷേ മാളികപ്പുറത്തില്‍ അവസാനമുള്ള സംഘട്ടന രംഗങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ കണ്ട് മടുത്ത കഥാപരിസരവും വളരെ ചൈല്‍ഡിഷ് ആയ സീനുകളും മാത്രം അവശേഷിക്കും. പടത്തില്‍ വ്യത്യസ്തരായ സൈക്കോകളെ പലയിടങ്ങളില്‍ കാണുവാന്‍ കഴിയും.
– എന്നും രാവിലെ തൊട്ട് രാത്രി വരെ ഒരു ഫിക്ഷണല്‍ കഥാപാത്രത്തിന്റെ കഥ കൊച്ചുമകള്‍ക്ക് പറഞ്ഞുകൊടുത്തുകൊണ്ട് ചെറുപ്പത്തില്‍ തന്നെ അന്ധവിശ്വാസത്തിന്റെ ഇരുട്ടു പകര്‍ന്നുകൊടുക്കുന്ന മുത്തശി. കഥകള്‍ പറഞ്ഞുകൊടുത്തു ആ കഥാപാത്രത്തെ നേരിട്ട് കാണണമെന്ന ആഗ്രഹം പരോക്ഷമായി കല്ലുവിലേക്ക് അടിച്ചേല്‍പ്പിച്ച മുത്തശ്ശി ഒരവസരത്തില്‍ കല്ലുവിന്റെ ആഗ്രഹം നിറവേറ്റാനായി കല്ലുവിന്റെ അച്ഛന് സമ്മര്‍ദ്ദം കൊടുക്കുന്നതും കാണാം. ഇതേ മുത്തശ്ശി ആ ആഗ്രഹം കാരണം ആ കുടുംബം തകരുമ്പോള്‍ അവിടെനിന്ന് നൈസായി എസ്‌കേപ്പ് ആവുന്നതും കാണാം.
– വീടും സ്ഥലവും ബാങ്കുകാര്‍ ജപ്തി ചെയ്യുവാന്‍ തയ്യാറെടുക്കുമ്പോഴും കൂട്ടുകാരന്‍ ഗള്‍ഫില്‍ പോയി രക്ഷപ്പെടുവാന്‍ ഉപദേശിക്കുമ്പോഴും കല്ലുവിന്റെ മേല്‍ അടിച്ചേല്‍പ്പിച്ച് ഉണ്ടാക്കിയെടുത്ത കല്ലുവിന്റെ ആഗ്രഹം നിറവേറ്റാന്‍ ആയി എല്ലാം ത്യജിക്കുകയാണ് ഇവിടെ നായകന്‍. അതിന്റെ ഫലമോ, ഒരു കുടുംബത്തിന്റെ പൂര്‍ണ ദുരന്തവും. ഇവിടെ മകളോടുള്ള സ്‌നേഹവും വാത്സല്യവും ആണ് സംവിധായകന്‍ കാണിക്കുവാന്‍ ഉദ്ദേശിച്ചതെങ്കിലും തീരുമാനങ്ങള്‍ എടുക്കുവാന്‍ അറിയാത്ത, ഒരു രക്ഷിതാവ് എങ്ങനെയാവണം എന്നറിയാത്ത ഒരാളെയാണ് കാണുവാന്‍ കഴിയുക.
– പണ്ട് ടീച്ചര്‍ ക്ലാസില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ പുസ്തകത്തില്‍ മോഹന്‍ലാലിന്റെ പടം വരച്ച എന്നെ എല്ലാവരുടെയും മുന്നില്‍ വച്ച് അപമാനിച്ചതും വീട്ടില്‍ നിന്ന് ആളെ വരുത്തിച്ചതുമായ ടീച്ചറെ യഥാര്‍ത്ഥ ഒരു ടീച്ചര്‍ എങ്ങനെയാവണം എന്നറിയുവാന്‍ ഈ പടം കാണിച്ചു കൊടുക്കേണ്ടതായിരുന്നു. ക്ലാസ്സില്‍ പഠിപ്പിക്കുന്ന സമയം കല്ലു പുസ്തകത്തില്‍ അയ്യപ്പന്റെ പടങ്ങള്‍ വരയ്ക്കുമ്പോള്‍ തെറ്റ് ചൂണ്ടി കാണിക്കാത്തതും അതിന് കൂടുതല്‍ പിന്തുണ കൊടുക്കുന്നതുമായ ഒരു ടീച്ചര്‍.
– എനിക്കിപ്പോ അയ്യപ്പനെ കാണണം എന്ന് കല്ലു വാശി പിടിക്കുമ്പോള്‍ കൂടെ പോകാന്‍ തയ്യാറാകുന്ന കൂട്ടുകാരനും അപകടമാണെന്ന് അറിവുണ്ടായിട്ടും അതിനായി പുറപ്പെടുന്ന കല്ലുവും. മുത്തശ്ശിയുടെ കഥകളുടെ ഭാഗമായി നേരാവണ്ണം ഉറങ്ങുവാന്‍ പോലും കഴിയാത്ത കല്ലുവിനെ പറഞ്ഞിട്ടും കാര്യമില്ല.
– ഇതിനെല്ലാം പുറമേ താന്‍ ആരാണെന്ന് സ്വയം അറിയാത്ത ഒരു വില്ലനും ഒരു കുഞ്ഞു കൊച്ചിനെ തട്ടിക്കൊണ്ടു പോകുവാന്‍ കാട്ടിലെ മരത്തിലെല്ലാം വലിഞ്ഞു കയറി ഏതറ്റം വരെയും പോകുവാന്‍ തയ്യാറാക്കുന്ന കൂട്ടാളികളും.
– തിരക്ക് കുറയുമ്പോള്‍ നേരായ വഴിയില്‍ സന്നിധാനത്ത് പോകുവാന്‍ അവസരം ഉണ്ടായിട്ടും കല്ലുവിന്റെ വാശിയില്‍ ആ രണ്ട് കുട്ടികളെയും കൊണ്ട് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കൊടുംകാട്ടിലൂടെയുള്ള വഴിയിലൂടെ പോകുന്ന നായകന്‍. ഇത്രയും ധൈര്യം ഞാന്‍ ചാര്‍ജ് ശോഭരാജില്‍ മാത്രമേ കണ്ടിട്ടുള്ളൂ.
– ഇതെല്ലാം കണ്ടിട്ടും ഒരു കുടുംബത്തിന് ദുരിതവും സങ്കടങ്ങളും മാത്രം നല്‍കിയ കല്ലു ആരാധിക്കുന്ന ആ ഫിക്ഷണല്‍ കഥാപാത്രവും.
ബ്രഹ്‌മാസ്ത്ര എന്ന ചിത്രത്തില്‍ അലിയ ഭട്ട് അന്‍പതില്‍ കൂടുതല്‍ തവണയെങ്കിലും ശിവ ശിവ എന്ന് വിളിക്കുന്നുണ്ട്. ഈ പടത്തില്‍ അതുപോലെ നോക്കുകയാണെങ്കില്‍ ഒരു അന്‍പത് തവണയെങ്കിലും എല്ലാ കഥാപാത്രങ്ങളും ചേര്‍ന്ന് അയ്യപ്പ അയ്യപ്പ എന്ന് വിളിക്കുന്നുണ്ട്.
അഭിനേതാക്കളുടെ കാര്യം പറയുകയാണെങ്കില്‍ അത് സൈജു കുറുപ്പിന്റെയും രമേഷ് പിഷാരടിയുടെയും പേരുകളില്‍ മാത്രം ഒതുങ്ങി പോകും. അവരുടെ പ്രകടനങ്ങളും അവര്‍ തമ്മിലുള്ള ബോണ്ടിംഗും നല്ല രീതിയില്‍ വര്‍ക്ക് ആയി. കല്ലുവായി വന്ന ബാലതാരം ഉള്‍പ്പെടെ ബാക്കി എല്ലാവരുടെയും പ്രകടനം മികച്ചതായി തോന്നിയില്ല. അജയ് വാസുദേവ് അറിയാവുന്ന തൊഴില്‍ ചെയ്ത് ജീവിച്ചാല്‍ നല്ലതായിരിക്കും എന്ന് ഒരു അഭിപ്രായമുണ്ട്.
കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുക എന്ന് പറയും പോലെ കറക്റ്റ് ലക്ഷ്യസ്ഥാനത്തില്‍ വലയെറിഞ്ഞ് വാരിക്കൂട്ടിയ നിര്‍മ്മാതാവ് മാത്രം ഇവിടെ കുറച്ച് യുക്തി കാണിച്ചു. ബാക്കിയെല്ലാം സര്‍വ്വ ഭക്തിമയം.
[Note:] 100 കോടി നേടിയ പടത്തെ കുറ്റം പറയാന്‍ പാടില്ല എന്ന കമന്റ് നിരോധിച്ചിരിക്കുന്നുവെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് മാളികപ്പുറം. ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളാണ് സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. മലയാളത്തിലെ രണ്ട് പ്രബല നിര്‍മാണ കമ്പനികള്‍ ചേര്‍ന്നാണ് നിര്‍മാണം. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും നിര്‍മാണ പങ്കാളികളാണ്.