കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നതുമായ ഒരു വിഷയം നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറി എന്നതാണ്. ഇപ്പോഴിതാ സംവിധായകനും ബിഗ് ബോസ് മലയാളം സീസൺ ഫൈവ് വിജയിയുമായ അഖിൽ മാരാർ പങ്കിട്ട ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. അഖിൽ ബിഗ് ബോസിൽ മത്സരിക്കുന്ന സമയത്ത് ഹൗസിലെ മറ്റ് മത്സരാർത്ഥികളുമായി ഒരു പ്രശ്നം ഉണ്ടാവുകയും ഹൗസിനുള്ളിലും പുറത്തും അത് വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തിരുന്നു. ‘ഒന്ന് രണ്ട് ചോദ്യങ്ങൾ എനിക്ക് ചോദിക്കാനുണ്ട്… തോന്നിയതാണോ തോന്നിപ്പിച്ചതാണോ?’, എന്ന തലക്കെട്ടോടെയാണ് വീഡിയോ അഖിൽ പങ്കുവെച്ചിരിക്കുന്നത്. ഹൗസിൽ വെച്ച് റിയാസ്, ഫിറോസ് അടക്കമുള്ളവരുമായി സംസാരിച്ചിരിക്കവെ അഖിൽ മുണ്ടുപൊക്കി കാണിക്കുകയും വിഷയം മത്സരാർത്ഥികൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. താൻ മുണ്ടുപൊക്കി കാണിച്ചുവെന്ന് പറയുന്ന സമയത്ത് നാദിറ അടക്കം ആരും അത് വലിയ കാര്യമായി എടുത്ത് പ്രതികരിച്ചില്ലെന്നും പിന്നീട് റിയാസ് സലീം അടക്കമുള്ളവർ ഇടപെട്ട് സംസാരിച്ചപ്പോഴാണ് തനിക്ക് എതിരെ എല്ലാവരും സംസാരിച്ച് തുടങ്ങിയത് എന്നുമാണ് അഖിൽ അന്ന് വിഷയത്തിൽ പ്രതികരിച്ച് പറഞ്ഞത്.