അക്ഷയ്, ആമിര്‍ ചിത്രങ്ങള്‍ ഒരേ ദിവസം; വീണ്ടുമൊരു താരയുദ്ധമോ?

ബോളിവുഡില്‍ സൂപ്പര്‍താര ചിത്രങ്ങളടക്കം ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുന്നത് തുടര്‍ക്കഥയാവുകയാണ്. അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജും കങ്കണ റണൌത്തിന്റെ ധാക്കഡുമൊക്കെയാണ് ഇതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങള്‍. എന്നാല്‍ ഒരിടവേളയ്ക്കു ശേഷം രണ്ട് സൂപ്പര്‍താര ചിത്രങ്ങളാണ് ഒരേദിവസം തിയറ്ററുകളിലെത്തുന്നത്.…

ബോളിവുഡില്‍ സൂപ്പര്‍താര ചിത്രങ്ങളടക്കം ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുന്നത് തുടര്‍ക്കഥയാവുകയാണ്. അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജും കങ്കണ റണൌത്തിന്റെ ധാക്കഡുമൊക്കെയാണ് ഇതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങള്‍. എന്നാല്‍ ഒരിടവേളയ്ക്കു ശേഷം രണ്ട് സൂപ്പര്‍താര ചിത്രങ്ങളാണ് ഒരേദിവസം തിയറ്ററുകളിലെത്തുന്നത്. ആമിര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദയും അക്ഷയ് കുമാറിന്റെ രക്ഷാബന്ധനുമാണ് ഒരേ ദിവസമിറങ്ങുന്ന ഈ ചിത്രങ്ങള്‍.

ഓഗസ്റ്റ് 11ന് ആണ് ഇരുചിത്രങ്ങളും തിയറ്ററുകളില്‍ എത്തുക. രണ്ട് ചിത്രങ്ങളും നേരത്തേ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നതാണെങ്കിലും ഇത് മാറാന്‍ സാധ്യതയുണ്ടെന്ന് സിനിമാ മേഖലയിലുള്ളവര്‍ പ്രതീക്ഷിച്ചിരുന്നു. നേരത്തെ പലതവണ റിലീസ് മാറ്റിവച്ച ചിത്രമാണ് ആമിറിന്റെ ലാല്‍ സിംഗ് ഛദ്ദ. ഇനി ഒരിക്കല്‍ക്കൂടി ഇതിന്റെ റിലീസ് തീയതി മാറ്റിവെക്കാനുള്ള സാധ്യതയുമില്ല.
1994ല്‍ ടോം ഹാങ്ക്‌സ് നായകനായി പുറത്തിറങ്ങിയ പ്രശസ്ത ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ റീമേക്ക് ആണ് ലാല്‍ സിംഗ് ഛദ്ദ. അതുല്‍ കുല്‍ക്കര്‍ണിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അദ്വൈത് ചന്ദന്‍ ആണ് സംവിധാനം. കരീന കപൂര്‍, മോന സിംഗ്, നാഗ ചൈനത്യ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രക്ഷാബന്ധന്റെ റിലീസ് തീയതിയിലും മാറ്റമില്ലെന്ന് അണിയറക്കാര്‍ അറിയിച്ചതോടെയാണ് ബോളിവുഡില്‍ താരയുദ്ധത്തിനുള്ള സാധ്യതകള്‍ കാണുന്നത്. അതേസമയം രണ്ട് ചിത്രങ്ങളും ഒരേ ദിവസം എത്തുന്നതിനെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. തനു വെഡ്‌സ് മനു, സീറോ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഒരുക്കിയ ആനന്ദ് എല്‍ റായ് ആണ് ‘രക്ഷാബന്ധന്റെ’ സംവിധാനം. സംവിധായകന്‍ ആനന്ദ് എല്‍ റായ്‌ക്കൊപ്പം അക്ഷയ് കുമാറിന്റെ സഹോദരി അല്‍ക ഹിരനന്ദാനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.