Categories: Film News

‘അതുപോലെയൊരു സിനിമ വീണ്ടും ചെയ്യൂ’; മേജര്‍ രവിയോട് അല്‍ഫോണ്‍സ് പുത്രന്‍

2015ല്‍ പൃഥ്വിരാജിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത സിനിമയാണ് പിക്കറ്റ് 43. സാധാരണ മേജര്‍ രവി സിനിമകളില്‍ നിന്നും ഏറെ വ്യത്യസ്തമായി കുറച്ചുകൂടി സൈനികരുടെ ജീവിതം വൈകാരികമായ തലത്തില്‍ ആവിഷ്‌കരിച്ച ചിത്രമായിരുന്നു പിക്കറ്റ് 43. എന്നാല്‍ പിക്കറ്റ് 43 പോലെയൊരു സിനിമ ഇനിയും ചെയ്യണമെന്ന് മേജര്‍ രവിയോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. പിക്കറ്റ് 43 പോലെയൊരു സിനിമ ഇനിയും ചെയ്യണമെന്നും ഈ ആവശ്യം ഇനി താന്‍ പൃഥ്വിരാജിനോട് പറയണമോയെന്നും അല്‍ഫോണ്‍സ് പുത്രന്‍ ചോദിച്ചു.താങ്കളെപ്പോലെയുള്ള ഒരാളില്‍ നിന്ന് സൈനികരുടെ വ്യത്യസ്തമായ വീക്ഷണം കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അത്തരത്തിലൊരു സിനിമ ചെയ്യാന്‍ ഇനി ഞാന്‍ പൃഥ്വിരാജിനോട് പോയി പറയേണ്ടി വരുമോ എന്നും പറഞ്ഞ അല്‍ഫോണ്‍സ് പുത്രന്‍ ഹൃദയസ്പര്‍ശിയായ ഒരു സിനിമയായിരുന്നു അതെന്നും ഈ പോസ്റ്റിന് ലഭിക്കുന്ന ലൈക്കുകളില്‍ നിന്ന് ഞാന്‍ വെറും വിഡ്ഢിത്തം പറയുകയല്ല എന്ന് നിങ്ങള്‍ക്ക് മനസിലാകും എന്നുമാണ് കുറിച്ചിട്ടുള്ളത്.

ഗോള്‍ഡാണ് ഇനി അല്‍ഫോണ്‍സിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. നയന്‍താരയും പൃഥ്വിരാജുമാണ് ഗോള്‍ഡില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മല്ലിക സുകുമാരന്‍, ബാബുരാജ്, ഷമ്മി തിലകന്‍, അബു സലീം, അജ്മല്‍ അമീര്‍, റോഷന്‍ മാത്യൂ, ഇടവേള ബാബു തുടങ്ങി വലിയൊരു താരനിര തന്നെ ഗോള്‍ഡില്‍ അഭിനയിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിയുടെ അമ്മ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരന്‍ ആണെന്ന പ്രത്യേകതയുമുണ്ട്.

Aswathy