നടി അമല പോളിന് തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ വിലക്ക്!! ദേവിയെ കണ്ടില്ലെങ്കിലും ചൈതന്യം അനുഭവിച്ചെന്ന് താരം

നടി അമല പോളിന് ദര്‍ശനം നിഷേധിച്ച് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം. നടതുറപ്പ് ഉത്സവത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് താരം ക്ഷേത്രത്തിലെത്തിയത്. എന്നാല്‍ ക്ഷേത്രത്തില്‍ ഗുരുവായൂരിലേത് പോലെ ഹിന്ദുമതവിശ്വാസികള്‍ക്ക് മാത്രമാണ് പ്രവേശനമെന്ന് ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കി.…

നടി അമല പോളിന് ദര്‍ശനം നിഷേധിച്ച് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം. നടതുറപ്പ് ഉത്സവത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് താരം ക്ഷേത്രത്തിലെത്തിയത്. എന്നാല്‍ ക്ഷേത്രത്തില്‍ ഗുരുവായൂരിലേത് പോലെ ഹിന്ദുമതവിശ്വാസികള്‍ക്ക് മാത്രമാണ് പ്രവേശനമെന്ന് ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്ന് റോഡില്‍ നിന്ന് താരം ദര്‍ശനം നടത്തി പ്രസാദവും വാങ്ങി മടങ്ങി.

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ പാര്‍വതീ ദേവിയുടെ 12 ദിവസത്തെ നടതുറപ്പ് ഉത്സവത്തിന്റെ സമാപന ദിനമായിരുന്നു ഇന്നലെ. 1991 മേയില്‍ രൂപീകൃതമായ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിനു കീഴിലാണ് ഇപ്പോള്‍ ക്ഷേത്രത്തിന്റെ നിയന്ത്രണം.

നിലവിലെ ആചാരങ്ങള്‍ പാലിക്കുക മാത്രമാണ് ചെയ്തതെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നു. മാത്രമല്ല, ഇതരമത വിശ്വാസികള്‍ അമ്പലത്തില്‍ എത്തുന്നില്ലെന്ന് പറയുന്നില്ല. പക്ഷെ അതൊന്നും ആരും അറിയുന്നില്ല. എന്നാല്‍ ഒരു സെലിബ്രിറ്റി വരുമ്പോള്‍ വിവാദമാകും, അതുകൊണ്ടാണ് നടിയെ തടഞ്ഞതെന്ന് ട്രസ്റ്റ് സെക്രട്ടറി പ്രസൂണ്‍ കുമാര്‍ പറഞ്ഞു.

ക്ഷേത്രത്തില്‍ ദര്‍ശനം നിഷേധിച്ച സംഭവത്തില്‍ നടിയുടെ പ്രതികരണമിങ്ങനെ,
ദേവിയെ കണ്ടില്ലെങ്കിലും ആ ചൈതന്യം അനുഭവിച്ചുവെന്ന് അമല പോള്‍ പറഞ്ഞു. ക്ഷേത്രത്തിലെ രജിസ്റ്ററില്‍ എഴുതിയ കുറിപ്പിലാണ് അമല പോള്‍ കുറിച്ചത്.

”മതപരമായ വിവേചനം 2023ലും നിലനില്‍ക്കുന്നുവെന്നതില്‍ ദുഃഖവും നിരാശയുമുണ്ട്. എനിക്ക് ദേവിയുടെ അടുത്തേക്ക് പോകാനായില്ല, പക്ഷെ അകലെ നിന്ന് ആ ചൈതന്യം അനുഭവിക്കാനായി. മതപരമായ വിവേചനത്തില്‍ ഉടന്‍ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ മനുഷ്യരായി നമ്മെ പരിഗണിക്കുന്ന സമയം വരും”എന്നാണ് നടി ക്ഷേത്ര രജിസ്റ്ററില്‍ കുറിച്ചത്.