ഷമ്മിയെ പുറത്താക്കിയിട്ടില്ല; നടപടി എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിക്കുമെന്ന് അമ്മ

നടന്‍ ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് താരസംഘടനയായ അമ്മ. എന്നാല്‍ ഷമ്മിക്കെതിരെയുള്ള നടപടി എടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഷമ്മി തിലകന്റെ വിശദീകരണം കേട്ട ശേഷമാകും നടപടി. ഇക്കാര്യം തീരുമാനിക്കാന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.…

നടന്‍ ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് താരസംഘടനയായ അമ്മ. എന്നാല്‍ ഷമ്മിക്കെതിരെയുള്ള നടപടി എടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഷമ്മി തിലകന്റെ വിശദീകരണം കേട്ട ശേഷമാകും നടപടി. ഇക്കാര്യം തീരുമാനിക്കാന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. അമ്മ ജനറല്‍ ബോഡി യോഗത്തിന് പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു അംഗങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിത്. ഷമ്മി തിലകനെ അമ്മയില്‍ നിന്നും പുറത്താക്കിയെന്നും അമ്മ ജനറല്‍ ബോഡി യോഗത്തിലായിരുന്നു തീരുമാനമെന്നുമുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയായിരുന്നു വിശദീകരണം.

ഷമ്മി ഇപ്പോഴും താരസംഘടനയിലെ അംഗമാണ്. ജനറല്‍ ബോഡിക്ക് ഷമ്മിയെ പുറത്താക്കാന്‍ കഴിയില്ല. എക്‌സിക്യൂട്ടീവ് കമ്മറ്റിക്കാണ് അതിന് അധികാരമുള്ളതെന്നും അംഗങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയിലൂടെയും വാര്‍ത്താ മാധ്യമങ്ങളിലൂടെയൊക്കെ അദ്ദേഹം സംഘടനയ്‌ക്കെതിരെ ഒരുപാടുകാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. മാഫിയാ സംഘമാണെന്നുവരെ പറഞ്ഞു. അതില്‍ അമ്മയുടെ അംഗങ്ങള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. കഴിഞ്ഞ ജനറല്‍ ബോഡിയിലും അത് പറഞ്ഞതാണെന്നും ഇന്ന് പൊതുയോഗത്തില്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നുവെന്നും അതിന് ശേഷമാണ് നടപടിയെടുക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയെ ചുമതലപ്പെടുത്തിയതെന്നും സിദ്ദിഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഷമ്മി തിലകനെ വിളിക്കുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തതിന് ശേഷം അടുത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലാണ് നടപടിയെടുക്കുക എന്നും ഇന്ന് അദ്ദേഹം വരാതിരുന്നതിനാല്‍ അദ്ദേഹത്തിന് പറയാനുള്ളതെന്തെന്ന് കേട്ടിരുന്നില്ലെന്നും ഭൂരിഭാഗം പേരുടേയും അഭിപ്രായം ഷമ്മി തിലകനെ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കണമെന്നതായിരുന്നുവെന്നും ഇടവേള ബാബു വ്യക്തമാക്കി.

സംഘടനയുടെ മുന്‍ ജനറല്‍ബോഡി യോഗത്തിനിടെ നടന്ന ചര്‍ച്ചകള്‍ ഷമ്മി തിലകന്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ചിത്രീകരിച്ചതായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. അത് ആ യോഗത്തില്‍ തന്നെ മറ്റ് അംഗങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇതിനെ തുടര്‍ന്ന് ഷമ്മി തിലകനെതിരെ നടപടി വേണമെന്ന് സംഘടനയ്ക്കുള്ളില്‍ നിന്ന് തന്നെ ആവശ്യം ഉയര്‍ന്നു. അമ്മ ഭാരവാഹികള്‍ക്കെതിരെ സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റിട്ടതും നടപടിക്ക് കാരണമായി. അമ്മയുടെ യോഗം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചത് തെറ്റാണെന്നായിരുന്നു യോഗത്തിലെ പൊതുവികാരം.