ഗാര്‍ഹിക പീഡനത്തിനെതിരെ സംസാരിക്കുന്ന ചിത്രം; അമ്മുവിന്റെ ലൊക്കേഷന്‍ ചിത്രങ്ങളുമായി ഐശ്വര്യ

ഐശ്വര്യ ലക്ഷ്മിയെ കേന്ദ്രകഥാപാത്രമാക്കി ചാരുകേഷ് ശേഖര്‍ സംവിധാനം ചെയ്ത ‘അമ്മു’ ഗാര്‍ഹിക പീഡനത്തിനെതിരെ സംസാരിക്കുന്ന ചിത്രമാണ്. ആമസോണ്‍ പ്രൈമിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. തെലുങ്കില്‍ ചിത്രീകരിച്ച് മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റിയ ചിത്രമാണെങ്കിലും…

ഐശ്വര്യ ലക്ഷ്മിയെ കേന്ദ്രകഥാപാത്രമാക്കി ചാരുകേഷ് ശേഖര്‍ സംവിധാനം ചെയ്ത ‘അമ്മു’ ഗാര്‍ഹിക പീഡനത്തിനെതിരെ സംസാരിക്കുന്ന ചിത്രമാണ്. ആമസോണ്‍ പ്രൈമിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. തെലുങ്കില്‍ ചിത്രീകരിച്ച് മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റിയ ചിത്രമാണെങ്കിലും അമ്മു മലയാളികള്‍ക്ക് അപരിചിതമായ കഥാപശ്ചാത്തലമൊന്നുമല്ല.

സ്ത്രീധന പീഡനവും ഭര്‍ത്തൃവീട്ടിലെ ദുരിതങ്ങളും കാരണം ആത്മഹത്യ ചെയ്ത നിരവധി പെണ്‍കുട്ടികളെ, ഇപ്പോഴും നിശബ്ദമായി ഗാര്‍ഹിക പീഡനം സഹിച്ചു ജീവിക്കുന്ന സ്ത്രീകളെയൊക്കെ ചിത്രം ഓര്‍മ്മിപ്പിക്കുന്നുണ്ട്.

സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറില്‍ കല്യാണ്‍ സുബ്രഹ്‌മണ്യം, കാര്‍ത്തികേയന്‍ സന്താനം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും ചാരുകേഷ് ശേഖറാണ് നിര്‍വഹിച്ചിരിക്കുന്നത്.

വിവാഹത്തിനു ശേഷം കുടുംബത്തിനുള്ളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രതിബന്ധങ്ങളെ കേന്ദ്രീകരിച്ചുള്ള നിരവധി സിനിമകള്‍ ഈയടുത്ത കാലത്തായി വന്നിരുന്നു. അക്കൂട്ടത്തില്‍ ഉള്‍പ്പെടുന്ന സിനിമയാണ് അമ്മുവും.

ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ് ഐശ്വര്യ. ചിത്രങ്ങള്‍ക്കൊപ്പം രസകരമായ അടിക്കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. പൊന്നിയിന്‍ സെല്‍വന്‍, ഗാര്‍ഗി എന്നിവയാണ് ഐശ്വര്യയുടേതായി അടുത്തിടെ എത്തിയ ചിത്രങ്ങള്‍. ‘ കുമാരി’ യാണ് ഇനി താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്.