‘കുറച്ചു തെറികള്‍ ഉള്ളത് കാര്യമാക്കാത്തവരാണെങ്കില്‍ കാണേണ്ട മികച്ച ചിത്രമാണ് അപ്പന്‍’

സണ്ണിവെയ്‌നും അലന്‍സിയറും പ്രധാന വേഷത്തിലെത്തിയ അപ്പന്‍ എന്ന സിനിമ റിലീസ് ചെയ്ത് ആഴ്ചകള്‍ കഴിഞ്ഞും കാഴ്ചക്കാരെ നേടി മുന്നേറുകയാണ്. സ്വന്തം അപ്പന്‍ പെട്ടെന്ന് മരിച്ച് കിട്ടണം എന്ന് ഒരു മകന്‍ ആഗ്രഹിക്കുന്നെങ്കില്‍ അപ്പനോട് അവനുള്ള…

സണ്ണിവെയ്‌നും അലന്‍സിയറും പ്രധാന വേഷത്തിലെത്തിയ അപ്പന്‍ എന്ന സിനിമ റിലീസ് ചെയ്ത് ആഴ്ചകള്‍ കഴിഞ്ഞും കാഴ്ചക്കാരെ നേടി മുന്നേറുകയാണ്. സ്വന്തം അപ്പന്‍ പെട്ടെന്ന് മരിച്ച് കിട്ടണം എന്ന് ഒരു മകന്‍ ആഗ്രഹിക്കുന്നെങ്കില്‍ അപ്പനോട് അവനുള്ള രോഷം എന്തുമാത്രം ആയിരിക്കും? മജു സംവിധാനം ചെയ്ത അപ്പന്‍ എന്ന ചിത്രം ഒടിടിയിലാണ് എത്തിയത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘സിനിമ ഒരു പ്രധാന ‘അപ്പനെ’യും അയാള്‍ കാരണം അയാളുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റുള്ളവര്‍ അനുഭവിക്കുന്ന പ്രതിസന്ധികളെക്കുറിച്ചുമാണ് പറയുന്നതെന്ന് അനന്ദു പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

‘സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ നാട്ടിന്‍പുറത്തെ കുടുംബത്തിന്റെ കഥ പറയുന്ന ഒരു നോവല്‍ വായിച്ച അനുഭൂതി ആയിരുന്നു ലഭിച്ചത്. പാരമ്പര്യം, കാഴ്ചപ്പാടുകള്‍, ബന്ധങ്ങള്‍ എന്നിവയെ ആഴത്തില്‍ വിശകലനം ചെയ്യുന്ന സിനിമയാണ് അപ്പന്‍. സിനിമ ഒരു പ്രധാന ‘അപ്പനെ’യും അയാള്‍ കാരണം അയാളുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റുള്ളവര്‍ അനുഭവിക്കുന്ന പ്രതിസന്ധികളെക്കുറിച്ചുമാണ് പറയുന്നത്. ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ ‘കുട്ടിയമ്മ’ എന്ന കഥാപാത്രം താന്‍ കണ്ട സ്വപ്നത്തെക്കുറിച്ച് മരുമകളോട് പറയുമ്പോള്‍ തന്നെ പ്രധാന അപ്പന്റെ സ്വഭാവഗുണങ്ങളും മറ്റു കുടുംബാംഗങ്ങള്‍ക്ക് അപ്പനോടുള്ള സമീപനവും പ്രേക്ഷകര്‍ക്ക് മനസ്സിലാക്കി കൊടുത്തത് ഒരു ബ്രില്ല്യന്‍സ് ആയിരുന്നു! താന്‍ ആയകാലത്ത് ചെയ്ത ലീലാവിലാസങ്ങളുടെ പേരില്‍ കുടുംബത്തിന് തലയുയര്‍ത്തി നടക്കാന്‍ പറ്റാതാക്കിയ, മറ്റുള്ളവര്‍ക്ക് സ്വസ്ഥതയും സമാധാനവും കൊടുക്കാത്ത ഒരപ്പന്‍, തന്റെ കുടുംബത്തെ മറ്റെന്തിനേക്കാളും സ്‌നേഹിക്കുന്ന, തന്റെ അപ്പന്റെ സ്വഭാവം തന്നിലും അടിച്ചേല്‍പ്പിക്കപ്പെടുമോ എന്നും താന്‍ അപ്പനെ കാണുന്നതുപോലെ തന്റെ മകനും തന്നെ കാണുമോ എന്ന വേവലാതിയുമുള്ള മറ്റൊരപ്പന്‍. ഇവരാണ് സിനിമയുടെ നട്ടെല്ലായ കഥാപാത്രങ്ങള്‍.

ആദ്യത്തെ അഞ്ച് മിനിറ്റ് കണ്ടാല്‍ തന്നെ ബാക്കി കണ്ടിരുന്നു പോകുന്ന, ഒരു കുടുംബത്തിലെ അംഗങ്ങളുടെ മാനസിക സംഘര്‍ഷങ്ങളെ വരച്ചുകാട്ടുന്ന ഒരു ചിത്രമാണ് അപ്പന്‍. കുടുംബത്തിലെ പുരുഷന്മാര്‍ ഉണ്ടാക്കുന്ന ചീത്ത പേരുകള്‍ കാരണം വീട്ടിലെ ബാക്കിയുള്ളവരെയും ആ കാഴ്ചപ്പാടിലൂടെ കാണുന്ന നാട്ടുകാരെയും നമുക്ക് വളരെയധികം റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ഒന്നാണ്.
തന്റെ ബന്ധുക്കളെ തന്റെ പരിചാരകരായി കാണുന്ന, തന്റെ ആഗ്രഹങ്ങള്‍ നടക്കാന്‍ എന്തിനും തയ്യാറാകുന്ന പ്രധാന അപ്പനായ ‘ഇട്ടി’ യായി അലന്‍സിയര്‍ അതിഗംഭീരമായി അഭിനയിച്ചിട്ടുണ്ട്. അപ്പന്‍ മരിച്ചിരുന്നെങ്കില്‍ എന്ന് ചിന്തിക്കുകയും അതേസമയം അതിനുവേണ്ടി ചെയ്യുന്ന കാര്യങ്ങളില്‍ നിന്ന് പിന്മാറാന്‍ തന്റെ മനസ്സാക്ഷി അനുവദിക്കാത്തതുമായ മറ്റൊരപ്പനായി സണ്ണി വെയ്നും(ഞ്ഞുഞ്ഞ്), ഭര്‍ത്താവ് എന്ന പരിഗണന മാത്രം വച്ച് അയാളുടെ ആട്ടും തുപ്പും സഹിച്ചു കഴിയുന്ന ‘കുട്ടിയമ്മ’യായി പോളി വില്‍സണും നല്ല പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. കുറച്ചു തെറികള്‍ ഉള്ളത് കാര്യമാക്കാത്തവരാണെങ്കില്‍ ഫാമിലിയായിട്ട് തന്നെ കാണേണ്ട മികച്ച ചിത്രം തന്നെയാണ് അപ്പനെന്ന് പറഞ്ഞാണ് അനന്ദു കുറിപ്പ് അവസാനിപ്പിക്കുന്നത്.

‘വെള്ളം’ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍മാരായ ജോസ്‌കുട്ടി മഠത്തില്‍, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സണ്ണി വെയിന്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രമാണ് ‘അപ്പന്‍’. തൊടുപുഴയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്‌റഫ്, ദ്രുപദ് കൃഷ്ണ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ചിത്രത്തിന്റെ തിരക്കഥ ആര്‍.ജയകുമാറും മജുവും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം പപ്പു, വിനോദ് ഇല്ലമ്പള്ളി. എഡിറ്റര്‍ കിരണ്‍ ദാസ്, സംഗീതം ഡോണ്‍ വിന്‍സെന്റ്, സിങ്ക് സൗണ്ട് ലെനിന്‍ വലപ്പാട്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ദീപു ജി പണിക്കര്‍, മേക്കപ്പ് റോണെക്‌സ് സേവ്യര്‍, ആര്‍ട്ട് കൃപേഷ് അയ്യപ്പന്‍കുട്ടി, കോസ്റ്റ്യൂം സുജിത്ത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് പ്രസാദ്, ലൊക്കേഷന്‍ മാനേജര്‍ സുരേഷ്, സ്റ്റില്‍സ് റിച്ചാര്‍ഡ്, ജോസ് തോമസ്.