ഭർത്താവ് മരിച്ച, ഭാര്യ മരിച്ച,ഉപേക്ഷിച്ച, വിവാഹം കഴിഞ്ഞ് ജീവിതങ്ങൾ തേടി പോയ മക്കളുള്ള, ചില മനുഷ്യരുണ്ട് ആൻസി വിഷ്ണു !!

തന്റെ നിലപാടുകൾ തുറന്നു പറയുവാൻ മടിയില്ലാത്ത വ്യക്തിയാണ് ആൻസി വിഷ്ണു, അതുകൊണ്ട് തന്നെ ആൻസി പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ ആൻസി പങ്കുവെച്ച പുതിയൊരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. കുറിപ്പിലേക്ക് : ഒറ്റപെട്ട് പോയ മനുഷ്യരെ കുറിച്ച് ഓർത്തിട്ടുണ്ടോ? എന്നുമെന്നും വലിച്ച് കീറുന്ന ഏകാന്തതയെ അതിജീവിക്കേണ്ടി വരുന്ന മനുഷ്യരെ പരിഗണിക്കാറുണ്ടോ? പകലും രാവും ഒരുപോലെ, മാറ്റങ്ങളൊന്നുമില്ലാത്ത ദിവസങ്ങളെ വെറുത്ത് പോയ മനുഷ്യരെ കുറിച്ചോർക്കണം ഇടക്ക് എപ്പോഴെങ്കിലും… ഭർത്താവ് മരിച്ച, ഭാര്യ മരിച്ച,ഉപേക്ഷിച്ച, വിവാഹം കഴിഞ്ഞ് ജീവിതങ്ങൾ തേടി പോയ മക്കളുള്ള, ചില മനുഷ്യരുണ്ട്…മക്കൾ എല്ലാ മാസവും അയക്കുന്ന ചിലവ് കാശ് കൊണ്ട് മാത്രം താൻ ഇവിടെ ജീവിച്ചിരിക്കേണ്ടുന്ന ആവശ്യകതയുള്ള ചില മനുഷ്യരുണ്ട്….

മറവികളിലേക്ക്, രോഗങ്ങളിലേക്ക് കയറും മുൻപ് അവർ അനുഭവിക്കുന്ന ഏകാന്തതയാണ് വേദന എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, പുതുമകൾ ഒന്നുമില്ലാതെ ദാരിദ്ര്യത്തിലോ, ചിലപ്പോൾ സമ്പന്നതയിലോ ഒറ്റപെട്ടു പോയ മനുഷ്യർ… FREEDOM FIGHT എന്ന സിനിമയിലെ old age home ലെ ജോജുവിനെ പോലെ, അതുമല്ലെങ്കിൽ മഴ സിനിമയിലെ സംയുക്തയെ പോലെ, അല്ലെങ്കിൽ നമ്മളിൽ ഓരോരുത്തരെയും നിത്യവും കടന്നുപോകുന്ന ചില മനുഷ്യരെ പോലെ, Tv കണ്ട്, വായിച്ച്, ചിന്തിച്ച്, ഉറങ്ങി, പാചകം ചെയ്ത് ഒറ്റക്ക് ആയിപോയവർ, ഒന്ന് അമ്പലത്തിൽ പോകാൻ കൂട്ടില്ലാതെ, ഒരു ചായ കുടിക്കാൻ ആരും കൂടെയില്ലാതെ, മരുന്ന് കഴിച്ചോ, ഭക്ഷണം കഴിച്ചോ, ഉറങ്ങിയോ എന്നൊന്നും അന്വഷിക്കുവാൻ ആരും കൂടെയില്ലാതെ പോയവർ…. ചുറ്റും ബന്ധങ്ങൾ ഉള്ളപ്പോഴും അനാഥരായവർ ഉണ്ട്, വേദനിപ്പിക്കുന്ന ഏകാന്തതയിൽ പലവട്ടം ഒറ്റ കയറിൽ തൂങ്ങി എല്ലാം അവസാനിപ്പിക്കാൻ ശ്രെമിക്കുന്നവരുണ്ട്…മരിക്കുവാനും കഴിയാതെ പിന്നെയും ജീവിക്കുന്നവരുണ്ട്….

ഇടക്ക് ഒന്ന് മൊബൈലിൽ നിന്ന് കണ്ണെടുത്ത് ചുറ്റും നോക്കണം, തിരക്കുകളിൽ നിന്നിറങ്ങി പതിയെ നടക്കണം, അപ്പോൾ കാണാം നമുക്ക് ഒറ്റക്ക് ആയ ഒരുപാട് ജീവിതങ്ങളെ… ഒരിക്കൽ ആരോടോ chat ചെയ്ത് കൊണ്ടിരുന്ന എന്നോട് അമ്മ പറഞ്ഞു ” എന്നോട് എന്തെങ്കിലും ഒന്ന് മിണ്ടുമോ, എന്തെങ്കിലും വാർത്തമാനം പറയുമോ എന്ന് ” അതൊരു അപേക്ഷയായിരുന്നു. എന്നെയും പരിഗണിക്കുമോ എന്ന അപേക്ഷ…… അങ്ങനെ എന്നോടൊന്ന് മിണ്ടുമോ എന്ന് പോലും ചോദിക്കുവാൻ കഴിയാതെ പോയവരെ ഓർക്കൂ..ഹൃദയം നുറുങ്ങുന്ന വേദനയാണ്,,,,, അവർ ഒരു മൂളൽ പോലും അത്രമേൽ ആഗ്രഹിക്കുന്നു…. കരയുവാൻ പോലും കഴിയാത്ത മരവിപ്പിൽ മരിച്ച് വീണ്, ഒറ്റപ്പെടലിന്റെ തീ ഭക്ഷിക്കുന്ന മനുഷ്യരെ കുറിച് ഇടക്ക് നമുക്കൊന്ന് ഓർക്കാം

Rahul