മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടിയുള്ള ഈ ജീവിതം തുടരാൻ ദൈവം അനുഗ്രഹിക്കട്ടെ

കെ വി അനിൽ സീമ ജി നായരെ കുറിച്ച് തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന ഹൃദയഭാരിയായ ഒരു കുറിപ്പാണു ആരാധകരുടെ ശ്രദ്ധ നേടുന്നത്. കുറിപ്പ് ഇങ്ങനെ,  ഉറക്കത്തിൽ സിനിമ നിങ്ങളെ വിളിച്ചു കൊണ്ട് പോയിട്ടുണ്ടോ ? സ്വപ്നത്തിൽ നിന്ന് ജീവിതത്തിലേക്ക് … എന്നെ സിനിമ കൈ പിടിച്ച് കൊണ്ട് പോയത് ഉറക്കച്ചടവിൽ കണ്ണും തിരുമി നിൽക്കുമ്പോഴാണ്. 2011 ‘ ഇന്ദ്രനീലം ‘ എന്ന സീരിയൽ സൂര്യ ടി.വിക്ക് വേണ്ടി എഴുതുന്ന സമയം. വെണ്ണലയിലെ ‘ റിവർ ഡെയിൽ ‘ എന്ന റിസോർട്ടിലാണ് എൻ്റെ താമസം. രാത്രി ഒരു ഫോൺ വരുന്നു. ഉറക്കം മുറിഞ്ഞ് ഫോൺ എടുത്തു. പരിചയമില്ലാത്ത നമ്പർ . മറുവശത്ത് നിന്ന് ‘ അനീ ‘ എന്ന വിളി. ആരാണ് എന്ന് ചോദിക്കും മുമ്പേ സ്വയം പരിചയപ്പെടുത്തൽ. ” ഞാൻ സീമാ .ജി.നായർ ആണ് ” സീമാജി എൻ്റെ സീരിയലിൽ ഒരു വലിയ വേഷം ചെയ്യാൻ വന്നിരുന്നു. നേരിട്ട് കണ്ടിട്ടില്ല. ” നമസ്തെ ജീ.. ” എന്ന് എൻ്റെ മറുപടി. ” ഞാൻ സീനുകൾ വായിച്ചു. ഷാർപ്പ് ആയ ഡയലോഗുകൾ . അനി എന്താണ് സിനിമ എഴുതാത്തത് ? ” സീമാജിയുടെ ചോദ്യം . ” സിനിമ എഴുതാൻ ആരാണ് കൊതിക്കാത്തത്? അവസരം കിട്ടണ്ടേ.. ” എൻ്റെ മറുപടി. ” ഡയറക്ടർ എം.എ നിഷാദിനെ ഒന്നു പോയി കാണു .ഞാൻ പറയാം. നിഷാദ് സാർ ഒരു കഥ തേടുകയാണ് … ” സീമാജി പറഞ്ഞു. പിറ്റേന്ന് തന്നെ ഞാൻ നിഷാദിക്കയെ വിളിച്ചു. സീമാജി എന്നെ കുറിച്ച് പറഞ്ഞിരുന്നു. കാണാൻ അദ്ദേഹം അവസരം തന്നു.

ആദ്യം ഞാൻ ഒരു കഥ പറഞ്ഞു. ഫുട്ബോൾ ഭ്രാന്ത് കാരണം കല്യാണം കഴിക്കാൻ മറന്നു പോയ ഒരാളുടെ കഥ. ‘ മറഡോണ ‘ എന്ന് ആയിരുന്നു അന്ന് ഞാൻ ആ കഥയ്ക്ക് ഇട്ടിരുന്ന പേര്. പിന്നീട്, ആ പേരിൽ വേറെ സിനിമ വന്നു. ആ കഥ നിഷാദ് ഇക്കയ്ക്ക് അത്ര ഇഷ്ടമായില്ല. കുടിച്ച ചായയുടെ കപ്പ് തിരികെ വച്ച് എണീൽക്കാൻ തുടങ്ങുമ്പോൾ നിഷാദിക്ക ചോദിച്ചു ; ” വേറെ എന്തെ ങ്കിലും… കൈയ്യിലുണ്ടോ ? ” ” കഥ ഒന്നും ആയിട്ടില്ല. ഒരു ക്യാപ്ഷൻ പറയാം ” ഞാൻ പറഞ്ഞു. ” പറയ് ” ” എനിക്കും … അവനും ഇടയിൽ ഒരു കത്തിമുനയുടെ അകലം മാത്രം !!! ” ഒരാൾ ഒരാളെ കൊല്ലാൻ വേണ്ടി പോവുന്ന ബസ് യാത്ര. ഒരു നിമിഷത്തിൽ അയാൾ അറിയുന്നു… താൻ തേടുന്ന ആളും തൻ്റെ ബസ്സിൽ ഒരു യാത്രക്കാരനായി ഉണ്ട് എന്ന്. അന്ന് നിഷാദിക്ക എന്നെ ചേർത്തു പിടിച്ചു. ആ സിനിമ യാഥാർത്ഥ്യമായി.

‘ നമ്പർ 66 മധുരബസ് ‘ പശുപതി ആയിരുന്നു നായകൻ. പത്മപ്രിയ നായിക. പത്മപ്രിയയുടെ ചേച്ചിയുടെ വേഷം ആയിരുന്നു സീമാ . ജി. നായർക്ക് . ബിഗ് സ്ക്രീനിൽ എൻ്റെ പേര് എഴുതി കാണിക്കുന്നത് നിറ കണ്ണുകളോടെ ഞാൻ കണ്ടു. നിഷാദിക്കയിലേക്ക്… സിനിമയിലേക്ക്… എന്നെ എത്തിച്ച സീമാ ജീ… അങ്ങയോട് നന്ദി പറയുന്നില്ല. മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടിയുള്ള ഈ ജീവിതം തുടരാൻ ദൈവം അനുഗ്രഹിക്കട്ടെ.

Previous articleആഘോഷത്തിൽ പങ്കെടുക്കാൻ ഒന്നും ഞങ്ങൾക്ക് ആരുമില്ല, വിഷമത്തോടെ ലേഖ
Next articleഒട്ടേറെ പ്രതിസന്ധികളിൽ കൂടി കടന്ന് പോയാണ് സത്യം സിനിമ ഒരുക്കിയത്