Malayalam Article

നായ സ്‌നേഹികളുടെ കരച്ചില്‍ കാപട്യം മാത്രം! ഇവരുടെ വീടുകളില്‍ ഒരു പേ പിടിച്ച നായയെ ഇട്ടുകൊടുത്താല്‍ അന്നത്തോടെ തീരും! – അഞ്ജു പാര്‍വ്വതി

പത്തനംതിട്ട പെരുനാട്ടില്‍ തെരുവ് നായയുടെ കടിയേറ്റ് പേവിഷബാധയേറ്റ അഭിരാമിയുടെ മരണം കേരളത്തെ നടുക്കിയിരിക്കുകയാണ്. കേരളത്തില്‍ പേപ്പട്ടി ആക്രമണം കൂടുന്ന ഈ സാഹചര്യത്തിലും ഇപ്പോഴും തുടരുന്ന അനാസ്ഥയെ കുറിച്ച് രൂക്ഷ വിമര്‍ശനം നടത്തിയുള്ള ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. അഞ്ജു പാര്‍വ്വതി പ്രബീഷാണ് ഈ കുറിപ്പ് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്. അക്രമകാരിയായ ഒരു നായയെ കല്ലെടുത്തെറിഞ്ഞാല്‍ ഉടനെ തലപ്പൊക്കും മൃഗസ്‌നേഹം!.. എന്ന് കുറിച്ചാണ് ഈ കുറിപ്പ് ആരംഭിക്കുന്നത്.

നാട്ടാരെ മുഴുവന്‍ ഓടിച്ചിട്ടു കടിക്കുന്ന പേപ്പട്ടിയെ തല്ലിക്കൊന്നാല്‍ ഉടനെ വീഡിയോ ആയി; കേസായി; പൊല്ലാപ്പായി! പ്രമുഖ മൃഗസ്‌നേഹികളൊക്കെ ഇന്നോവയിലും കൂപ്പറിലും ഒക്കെ സേഫ് ആയിട്ട് യാത്ര ചെയ്യും; എന്നിട്ട് വീട്ടിലെത്തി രണ്ട് ലക്ഷം വിലയുള്ള നായയുടെ കൂടെയുള്ള സെല്‍ഫിയെടുത്ത് ഫേസ്ബുക്കിലിടും. മൃഗസ്‌നേഹം കാണിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന ഇവരൊന്നും എന്തുകൊണ്ട് തെരുവു നായകള്‍ക്ക് സംരക്ഷണം ഒരുക്കിന്നില്ലെന്ന് കുറിപ്പിലൂടെ അഞ്ജു ചോദിക്കുന്നു.. നായപ്രേമത്തെ കുറിച്ച് ഖണ്ഡകാവ്യമെഴുതും. തെരുവിലെ നായകള്‍ക്ക് വേണ്ടി വാതോരാതെ സംസാരിക്കും.

പക്ഷേ ഏക്കറു കണക്കിന് സ്ഥലവും അണ്ഡകടാഹം പോലുള്ള വീടും ഉണ്ടേലും വളര്‍ത്താന്‍ ഹസ്‌ക്കിയും ഗോള്‍ഡന്‍ റിട്രീവറും മതി; നാടന്‍ വേണ്ട! ഇവിടുത്തെ എത്ര നായപ്രേമികള്‍ റെഡിയാവും തെരുവിലെ നായകള്‍ക്കായി ഷെല്‍ട്ടര്‍ ഒരുക്കാന്‍? തെരുവിലുളള ഒരു നായയെ എങ്കിലും അഡോപ്റ്റ് ചെയ്യാന്‍.. ഇവിടെ നായ സ്‌നേഹമെന്നാല്‍ ഫേസ്ബുക്കില്‍ തളളിമറിക്കലാണ്. ഇന്നോവയില്‍ സഞ്ചരിച്ച്, ഷിറ്റ്‌സുവിനെ താലോലിച്ച് തെരുവ് നായകളില്‍ നിന്നും അകലം പാലിച്ച് മൃഗസ്‌നേഹം എഴുതി നിറയ്ക്കലാണ്.

അന്നന്നത്തെ അന്നം തേടി കാല്‍നടയായി അതിരാവിലെ ജോലിക്ക് പോകുമ്പോള്‍ കുട്ടം കൂടി ആക്രമിക്കാന്‍ വരുന്ന തെരുവ് നായ്ക്കളെ പ്രാണരക്ഷാര്‍ത്ഥം കല്ലെടുത്ത് എറിഞ്ഞാല്‍ മാത്രം തലപ്പൊക്കുന്ന നായ സ്‌നേഹികളുടെ കരച്ചില്‍ കാപട്യം മാത്രം. അങ്ങനെയുള്ളവരുടെ വീടുകളില്‍ ഒരു പേ പിടിച്ച നായയെ ഇട്ടുകൊടുത്താല്‍ അന്നത്തോടെ തീരും ഈ കപട സ്‌നേഹം. കുറിപ്പില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങളെ അനുകൂലിച്ച് നിരവധിപ്പേരാണ് അഭിപ്രായം രേഖപ്പെടുത്തി എത്തുന്നത്.

Nikhina