‘ദരിദ്രയാണെങ്കിലും 10,000 രൂപക്ക് വേണ്ടി ശരീരം വില്‍ക്കാന്‍ തയാറാകില്ല’!!!കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് അങ്കിത സുഹൃത്തിനയച്ചത്

ഉത്തരാഖണ്ഡിലെ റിസോര്‍ട്ട് ജീവനക്കാരി അങ്കിത ഭണ്ഡാരിയുടെ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍. കൊല്ലപ്പെടുന്നതിന് മുമ്പ് അങ്കിത സുഹൃത്തിനയച്ച വാട്‌സ്ആപ്പ് സന്ദേശം പുറത്ത് വന്നിരിക്കുകയാണ്. റിസോര്‍ട്ട് ഉടമയില്‍ നിന്നും മാനേജരില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണ് അങ്കിത…

ഉത്തരാഖണ്ഡിലെ റിസോര്‍ട്ട് ജീവനക്കാരി അങ്കിത ഭണ്ഡാരിയുടെ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍. കൊല്ലപ്പെടുന്നതിന് മുമ്പ് അങ്കിത സുഹൃത്തിനയച്ച വാട്‌സ്ആപ്പ് സന്ദേശം പുറത്ത് വന്നിരിക്കുകയാണ്. റിസോര്‍ട്ട് ഉടമയില്‍ നിന്നും മാനേജരില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണ് അങ്കിത സുഹൃത്തിനോട് വെളിപ്പെടുത്തുന്നത്.

മാനേജരും റിസോര്‍ട്ട് ഉടമയും റിസോര്‍ട്ടിലെത്തുന്ന അതിഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തന്നെ നിര്‍ബന്ധിച്ചു. ദരിദ്രയാണെങ്കിലും 10,000 രൂപക്ക് വേണ്ടി സ്വന്തം ശരീരം വില്‍ക്കാന്‍ ഒരിക്കലും തയാറാകില്ല- എന്ന് സുഹൃത്തിനയച്ച വാട്‌സ്ആപ്പ് സന്ദേശത്തില്‍ അങ്കിത പറയുന്നു.

ഉത്തരാഖണ്ഡ് മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യയുടെ ഉടമസ്ഥയിലുള്ള റിസോര്‍ട്ടിലെ ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട അങ്കിത. സെപ്റ്റംബര്‍ 18നാണ് മകളെ കാണാനില്ലെന്ന് കാട്ടി കുടുംബം റവന്യു പൊലീസില്‍ പരാതി നല്‍കിയത്.

ശനിയാഴ്ചയാണ് റിസോര്‍ട്ടിനടുത്തുള്ള കനാലില്‍ നിന്ന് അങ്കിതയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു. അങ്കിതയുടെത് മുങ്ങിമരണമാണെന്നും ശരീരത്തില്‍ നിന്ന് ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

ദാരുണ കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്ത് വന്നതോടെ ഋഷികേശിലെ റിസോര്‍ട്ടിന് ചുറ്റും വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രതിഷേധക്കാര്‍ റിസോര്‍ട്ടിന്റെ ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞ് നശിപ്പിക്കുകയും കെട്ടിടത്തിന്റെ ഭാഗങ്ങള്‍ തീവെച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ 23ന് പുല്‍കിത് ആര്യയും റിസോര്‍ട്ടിലെ മറ്റ് ജീവനക്കാരും അറസ്റ്റിലായിരുന്നു.

ആദ്യശമ്പളം വാങ്ങുന്നതിന് മുമ്പ് തന്നെ അങ്കിതയെ അവര്‍ കൊലപ്പെടുത്തി കളഞ്ഞെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വേദനയോടെ പറയുന്നു. കുടുംബം പുലര്‍ത്താന്‍ വേണ്ടിയാണ് അങ്കിത റിസപ്ഷനിസ്റ്റായി ജോലിയില്‍ പ്രവേശിച്ചത്. ചൗരാസ് ഡാമില്‍ സെക്യൂരിറ്റി ജോലി ചെയ്തു വരികയായിരുന്ന പിതാവിന് ജോലി നഷ്ടപ്പെട്ടതോടെയാണ് അങ്കിത 12 കഴിഞ്ഞയുടെനെ ജോലിക്കെത്തിയത്.

‘വീട്ടിലെ സാമ്പത്തിക സ്ഥിതി കാരണം 12ാം ക്ലാസിനുശേഷം അവള്‍ പഠനം ഉപേക്ഷിച്ചു. അവള്‍ക്ക് പഠിക്കാന്‍ മോഹമുണ്ടായിരുന്നു. കുടുംബം പുലര്‍ത്താനായിട്ടാണ് അവള്‍ റിസോര്‍ട്ടില്‍ ജോലിയ്ക്ക് പോയത്. 10000 രൂപയാണ് പ്രതിമാസ ശമ്പളമായി വാഗ്ദാനം ചെയ്തത്. എന്നാല്‍, ആദ്യത്തെ ശമ്പളം വാങ്ങുന്നതിന് മുമ്പ് തന്നെ അവര്‍ അവളെ കൊന്നുകളയുമെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു’ -ബന്ധു നിറകണ്ണുകളോടെ പറയുന്നു.

ആഗസ്റ്റ് 28നാണ് അങ്കിത വനന്ത്ര റിസോട്ടില്‍ ജോലിയില്‍ പ്രവേശിച്ചത്. റിസോര്‍ട്ടില്‍ തന്നെയായിരുന്നു താമസവും. എന്നാല്‍, സെപ്റ്റംബര്‍ 18ന് റിസപ്ഷനിസ്റ്റിനെ കാണാനില്ലെന്ന് കാട്ടി റിസോര്‍ട്ട് ഉടമ പുല്‍കിത് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പുല്‍കിതും സഹായികളും ചേര്‍ന്ന് പെണ്‍കുട്ടിയെ ദാരുണമായി കൊലപ്പെടുത്തിയത് പുറത്തറിയുന്നത്.