അങ്കമാലി ഡയറീസിലെ ലിച്ചിയെ പ്രേക്ഷകര്‍ക്കെല്ലാം ഇഷ്ടമാണ്. നടി അന്ന രാജനാണ് ലിച്ചിയുടെ കഥാപാത്രത്തെ മനോഹരമാക്കിയത്. അന്നയെ ലിച്ചി എന്നു തന്നെ വിളിക്കാനാണ് ആരാധകര്‍ക്ക് ഇഷ്ടം. നഴ്‌സായിരുന്ന അന്ന ഒരു ഫ്ളക്സ് ബോര്‍ഡ് പരസ്യത്തിന്റെ ഭാഗമായതിന് ശേഷമാണ് അങ്കമാലി ഡയറീസിലെത്തുന്നത്. നഴ്സിംഗിന്റെ പരീക്ഷയ്ക്ക് പോലും ഭയക്കാതിരുന്ന താന്‍ ടെന്‍ഷന്‍ അടിച്ചത് അങ്കമാലി ഡയറീസിന്റെ സെറ്റില്‍ എത്തിയപ്പോഴാണെന്ന് അന്ന പറയുന്നു.
തനിക്ക് സ്‌കൂളില്‍ വച്ച് തന്റെ കലാപരമായ കഴിവുകള്‍ തെളിയിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ അനുവദിച്ചിരുന്നില്ലായെന്ന് പറഞ്ഞ നടി അമല പോളിനൊപ്പം നാടകത്തില്‍ അഭിനയിച്ച് കുളമാക്കിയതിനെ കുറിച്ചും ഓര്‍ക്കുന്നു. ഒരിക്കല്‍ കോളജില്‍ വച്ച് ഒരു നാടകത്തില്‍ അഭിനയിച്ചപ്പോള്‍ മുഖത്ത് ഭാവങ്ങള്‍ വരാത്തത് കണ്ട് കൂട്ടുകാര്‍ തന്നോട് ചോദിച്ചിരുന്നു ഒരു ബബിള്‍ഗം എങ്കിലും വാങ്ങി വായിലിട്ട് ചവച്ച് കൂടായിരുന്നോ എന്ന്.

ആ ഭാവമെങ്കിലും മുഖത്ത് വന്നോട്ടെയെന്ന് കരുതിയാണ് അവര്‍ അങ്ങനെ പറഞ്ഞത്. അന്ന് തനിക്ക് മനസിലായി അഭിനയം തനിക്ക് പറഞ്ഞിട്ടുള്ള പരിപാടിയല്ല. അതുകൊണ്ട് പരിപാടികള്‍ കോര്‍ഡിനേറ്റ് ചെയ്യാന്‍ മാത്രം നിന്നാല്‍ മതിയെന്ന് തീരുമാനിച്ചു. അതേസമയം അങ്കമാലി ഡയറീസിന്റെ ഷൂട്ടിംഗ് സെറ്റില്‍ ആദ്യ ദിവസം എത്തിയപ്പോഴാണ് ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ അടിച്ചതെന്നും അന്ന പറയുന്നു.
ലിജോ സാറിനെ പേടിച്ചിട്ടാണോ എന്നറിയില്ല, ആദ്യത്തെ സീനുകള്‍ നന്നായി ചെയ്തു. അതിന് ശേഷമാണ് അഭിനയം ഇങ്ങനെയാണ്. കൈകാര്യം ചെയ്യേണ്ട രീതി ഇതാണ് എന്നൊക്കെ മനസിലാക്കുകയായിരുന്നു. സിനിമയില്‍ തന്റെ സീനുകളൊക്കെ മൂന്ന് ടേക്ക് മുതല്‍ മുകളിലോട്ടാണ് പോകുന്നത്. അതങ്ങനെ നീണ്ട് കിടക്കുമെന്നും അന്ന ചിരിയോടെ പറയുന്നു.