സെവന്‍ത് ഡേയും മൊയ്തീനും ചെയ്യാനിരുന്നത് താനായിരുന്നു രാജുവല്ലെന്ന് അനൂപ് മേനോന്‍

പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തിയ ചിത്രം സെവന്‍ത് ഡേ ചെയ്യാനിരുന്നത് താനായിരുന്നുവെന്ന് നടന്‍ അനൂപ് മേനോന്‍. റെഡ് എഫ് എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ആ ചിത്രത്തിന്റെ നിര്‍മ്മാതാവുമായുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ്…

പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തിയ ചിത്രം സെവന്‍ത് ഡേ ചെയ്യാനിരുന്നത് താനായിരുന്നുവെന്ന് നടന്‍ അനൂപ് മേനോന്‍. റെഡ് എഫ് എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ആ ചിത്രത്തിന്റെ നിര്‍മ്മാതാവുമായുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ് അതില്‍ നിന്ന് പിന്മാറിയെന്നും പിന്നീടാണ് ആ സിനിമ രാജു ചെയ്യുന്നതെന്നും അനൂപ് വെളിപ്പെടുത്തി. അത്തരത്തില്‍ കുറേ സിനിമയുണ്ടെന്നും നടന്‍ പറഞ്ഞു.

അതിലൊന്നാണ് എന്ന് നിന്റെ മൊയ്തീന്‍ എന്നും താരം പറയുകയുണ്ടായി. മൊയ്തീന്‍ ഞാനും മംമ്തയും കൂടെ ചെയ്യാനിരുന്നതായിരുന്നു. പക്ഷെ ഇങ്ങനെയൊന്നും ആയിരുന്നില്ല. രാജു അത് ചെയ്യുമ്പോള്‍ അതില്‍ ഫുട്‌ബോള്‍ അങ്ങനെയൊക്കെയുള്ളതാണ്, ഇത് കുറച്ചു കൂടി ചെറിയ സിനിമയായിരുന്നു. അതും ഏകദേശം ഒരു വര്‍ഷത്തോളം ഡിസ്‌കഷന്‍ നടന്നു. ശങ്കര്‍ ആ സിനിമ എഴുതാന്‍ വന്നു. പിന്നെ പിന്നെയാണ് അത് രാജുവിലേക്ക് വരുന്നതെന്നും അനൂപ് മേനോന്‍ പറയുകയുണ്ടായി.

താരത്തിന്റെ പുതിയ ചിത്രമാണ് വരാല്‍. അനൂപ് മേനോന്‍, പ്രകാശ് രാജ്, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ വരാല്‍ കണ്ണനാണ് സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നതും അനൂപ് മേനോന്‍ തന്നെയാണ്. പത്മയ്ക്ക് ശേഷം അനൂപ് മേനോന്‍ തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണ് വരാല്‍. ചിത്രം ഇന്നാണ് (ഒക്ടോബര്‍ 14) തിയേറ്ററില്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ മാധുരി, സണ്ണി വെയ്ന്‍, നന്ദു, ഹരീഷ് പേരടി, രഞ്ജി പണിക്കര്‍, സെന്തില്‍ കൃഷ്ണ, പ്രിയങ്ക, ഗൗരി നന്ദ, മാലാ പാര്‍വ്വതി തുടങ്ങിയവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ആടുപുലിയാട്ടം, പട്ടാഭിരാമന്‍, മരട് 357 എന്നിവയ്ക്ക് ശേഷം കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വരാല്‍.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രവി ചന്ദ്രനും, എഡിറ്റിംഗ് അയൂബ് ഖാനുമാണ്. സംഗീതം നല്‍കുന്നത് ഗോപി സുന്ദര്‍. ദീപ സെബാസ്റ്റ്യനും, കെ.ആര്‍ പ്രകാശും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരായിരിക്കുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ് കൈകാര്യം ചെയ്യുന്നത് അജിത് എ ജോര്‍ജ്ജാണ്. സിനിമയിലെ സംഘട്ടനങ്ങളൊരുക്കിയിരിക്കുന്നത് മാഫിയ ശശി.