Malayalam Article

കൂടത്തായി കൊലപാതക പരമ്പരക്കു സമാനമായ മറ്റൊരു കൊലപാതക പരമ്പര ഇതിനു മുന്പും ഉണ്ടായിട്ടുണ്ട്..

കൂടത്തായി കൊലപാതക പരമ്പര വാർത്തകളിൽ നിറഞ്ഞുനിൽക്കെ പഴമക്കാരുടെ മനസ്സുകളിലേക്ക് സമാനമായതും എന്നാൽ ഇതിനേക്കാൾ അത്യന്തം ഭീകരമായതും ദുരൂഹത നിറഞ്ഞതുമായ മറ്റൊരു കൊലപാതകപരമ്പര മിന്നിമറയുകയാണ്. ‘മിഥുനമാസത്തിലെ കൊലപാതകങ്ങൾ’ എന്ന് കുപ്രസിദ്ധിയാർജ്ജിച്ച, നാടിനെ നടുക്കിയ കൊലപാതക പരമ്പര. കോട്ടയം ജില്ലയിലെ കഴുകൻമല ഗ്രാമത്തിലെ ഇട്ടിച്ചൻ (64) ഭാര്യ ശോശാമ്മ (55) മകൻ തോമസ് (37) മരുമകൾ റോസി (31) എന്നിവർ കൊല്ലവർഷം 1155 ആണ്ട് മിഥുനമാസം 10 തിയ്യതി തങ്ങളുടെ മീനമറ്റം തറവാട്ടുവീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും തുടർന്ന് CBl ഉം അന്വേഷിച്ച കേസിൽ അന്വേഷകരെ ആദ്യന്തം കുഴക്കിയ മൂന്നു കാര്യങ്ങളാണുണ്ടായിരുന്നത് ഒന്ന് മരണപ്പെട്ടവരുടെ ആരുടെയും ശരീരത്തിൽ രക്തത്തിന്റെ അംശം പോലുമുണ്ടായിരുന്നില്ല. ആരോ രക്തം മുഴുവൻ വലിച്ചു കുടിച്ച് വലിച്ചെറിഞ്ഞതുപോലെ വിളർത്ത നാലു രൂപങ്ങൾ രണ്ട് എല്ലാവരുടെയും നെഞ്ചിന്റെ ഒത്തനടുക്കായി മനുഷ്യക്കുഞ്ഞിന്റെതു പോലുള്ള നാലു വിരൽപ്പാടുകൾ മൂന്ന് യാതൊരുവിധ ബലപ്രയോഗങ്ങളും നടന്നതായ ലക്ഷണങ്ങൾ പരിസരത്തോ മരിച്ചവരുടെ ദേഹത്തോ ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്ന തെളിവായ നാൽവിരൽപ്പാടുകൾ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിനൊടുവിൽ ഇട്ടിച്ചന്റെ ജ്യേഷ്ഠസഹോദരനും ഒരു വിളിപ്പാടകലെ താമസക്കാരനുമായ വറീതിന്റെ പേരമകനും അമേരിക്കയിൽ താമസക്കാരനായ ജാക്സന്റെ മകനുമായ ഏഴു വയസ്സുകാരൻ റോബിന് ജനനം മുതൽ രണ്ടു കയ്യിലും നാലു വിരലുകൾ വീതമേ ഉള്ളൂവെന്ന് അന്വേഷകർ കണ്ടെത്തി. ജോലി സംബന്ധമായ എന്തോ പ്രശ്നം കാരണം ജാക്സണും കുടുംബത്തിനും മരണം നടന്ന് ഒന്നര മാസം കഴിഞ്ഞേ നാട്ടിലെത്താനായിരുന്നുള്ളൂ. ഒരു പിടിവള്ളിയെന്ന നിലയിൽ കുട്ടിയുടെ ഫിംഗർപ്രിന്റെടുത്ത് ഫിംഗർപ്രിന്റ് ബ്യൂറേയിലേക്കയച്ച അന്വേഷകർ ഫലം വന്നപ്പോൾ അമ്പരന്നു പോയി. നാൽവിരൽപ്പാടുകൾക്ക് കുട്ടിയുടെ വിരൽപ്പാടുകളുമായി അസാധാരണമാം വിധം സാമ്യം. എന്നാൽ ഒരു ഏഴു വയസ്സുകാരനിൽ നിന്ന് എന്ത് എങ്ങനെ മൊഴിയെടുക്കുമെന്നത് അന്വേഷകർക്ക് വെല്ലുവിളിയായി. ജാക്ല ന്റെ യാത്രാരേഖകൾ പരിശോധിച്ചതിൽ നിന്നും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. അന്വേഷണം ഇഴഞ്ഞു നീങ്ങാൻ തുടങ്ങി. അങ്ങനെയിരിക്കെ പിറ്റേ വർഷം മിഥുനമാസമായി.

കൃത്യം മിഥുനം പത്തിന് ഇട്ടിച്ചന്റെ ജ്യേഷ്ഠസഹോദരൻ വറീത് (68) ഭാര്യ ഫിലോമിന (59) ഭാര്യയുടെ പ്രസവ സംബന്ധമായി നാട്ടിലെത്തിയ മകൻ ജാക്സൺ (39) എന്നിവർ കുടുംബ വീട്ടിൽ മരിച്ചതായി കാണപ്പെട്ടു. മുൻ മരണങ്ങളിലേതിനു സമാനമായി ആരുടെയും ശരീരത്തിൽ രക്തത്തിന്റെ അംശമില്ലായിരുന്നു. ബലപ്രയോഗത്തിന്റേതായ ലക്ഷണങ്ങളുമില്ല. എന്നാൽ നെഞ്ചിലെ നാൽവിരലുകൾക്കു പകരം നവജാതശിശുവിന്റേതെന്നു തോന്നിക്കുന്ന മൂന്നു വിരലുകൾ! എന്നാൽ അന്വേഷണ ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചത് ഇതൊന്നുമായിരുന്നില്ല. മരണം കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞപ്പോൾ ജാക്സന്റെ ഭാര്യ നാൻസി പ്രസവിച്ചു, കുഞ്ഞിന്റെ ഇരു കൈകളിലും മൂന്നു വിരലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ,! അന്വേഷണം ഒരു സമസ്യയായി മാറാൻ തുടങ്ങി. കൂടാതെ നാട്ടിലെങ്ങും ഭൂതപ്രേതപി ശാചുക്കളെ ചേർത്തുള്ള കഥകൾ പ്രചരിക്കാൻ തുടങ്ങി. പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു. രാത്രികാലങ്ങളിൽ പുറത്തിറങ്ങി നടക്കാൻ ഗ്രാമവാസികൾ വല്ലാതെ ഭയപ്പെട്ടു. ഭീതിതമായ ഒരന്തരീക്ഷം കരിമ്പടം പോലെ കഴുകൻമല ഗ്രാമത്തിനു മുകളിൽ വന്നു മൂടാൻ തുടങ്ങി. മാസങ്ങൾ കടന്നു പോയി. വീണ്ടും മിഥുനമാസം വന്നണഞ്ഞു. എവിടെയോ എന്തോ അരുത്താത്തത് സംഭവിക്കാൻ പോകുന്നെന്നൊരു തോന്നൽ എല്ലാവരിലും ഉളവാകാൻ തുടങ്ങി. മിഥുനം ഒന്നു മുതൽ ഒമ്പതു വരെ യാതൊരു പ്രത്യേകതകളുമില്ലാതെ കടന്നു പോയി. മിഥുനം പത്ത് രാത്രി പന്ത്രണ്ടു മണി കഴിഞ്ഞ നേരം ഇട്ടിച്ചന്റെ പൂട്ടിയിട്ട വീട്ടിൽ നിന്നും കടൽ ഇളകി മറിയുന്നപോലുള്ള ഒരു ഹുങ്കാര ശബ്ദം ചുറ്റുവട്ടത്ത് വ്യാപിക്കാൻ തുടങ്ങി. സർവ്വസജ്ജരായി നിന്ന അന്വേഷകൾ വിവരം കിട്ടി നിമിഷങ്ങൾക്ക് പൂട്ട് പൊളിച്ച് അകത്ത് കടന്നു. വീടിന്റെ തെക്കേ അറ്റത്തെ മുറി ചവിട്ടിത്തുറന്ന് അകത്തേക്ക് കയറാനൊരുങ്ങിയ അവർ ആ കാഴ്ചകണ്ട് സ്തബ്ദരായി നിന്നു. ജനൽപ്പാളികളിലൂടെ ചുവന്നരക്തം ശക്തിയായി മുറിയിലേക്ക് പ്രവഹിക്കുന്നു. മെല്ലെ മെല്ലെ, ചീഞ്ഞഴുകിയ ശവത്തിന്റെതായ ഒരു ദുർഗന്ധം പുറകിൽ നിന്നും വ്യാപിക്കാൻ തുടങ്ങി. പുറകിലേക്ക് അതിവേഗം തിരിഞ്ഞു നോക്കിയ അവർ ആ കാഴ്ച കണ്ട് ഞെട്ടിത്തരിച്ചു നിന്നു പോയി….

എന്താണ് അവർ കണ്ടത്??

അല്പനേരം ഓഫീസിൽ ഒഴിവ്‌ കിട്ടിയതിനാൽ എഴുതിയതാണ്. ക്ലൈമാക്സ് പൂർത്തിയാക്കാൻ പറ്റിയിട്ടില്ല. നാളെ BD day, മറ്റന്നാൾ Mails day…. ഇനി പറ്റുമെന്ന് തോന്നുന്നില്ല. ഇതുവായിക്കുന്ന ഓരോരുത്തരും അവരവരുടെ മനോധർമ്മമനുസരിച്ച് ഒരു ക്ലൈമാക്സ് എഴുതിച്ചേർക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ആദ്യം ആകാംക്ഷയോടെയും പിന്നെ പല്ലുഞെരിച്ചും ഇതു വായിച്ച എല്ലാ സഹ പ്രവർത്തകർക്കും നല്ലൊരു ‘ശുഭദിനം ‘നേരുന്നു.

Trending

To Top
Don`t copy text!