‘100% ഉറപ്പിച്ചു പറയുന്നു ഇതാണ് യഥാര്‍ത്ഥ സ്ത്രീപക്ഷ സിനിമയെന്ന്’

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് വണ്ടര്‍ വുമണ്‍. ഗര്‍ഭിണികളുടെ കഥ പറയുന്ന സിനിമ നേരിട്ട് ഒടിടി റിലീസാണ്. വണ്ടര്‍ വുമണ്‍ സോണി ലൈവിലാണ് റിലീസ് ചെയ്തത്. ചിത്രത്തില്‍ പാര്‍വതി തിരുവോത്തും…

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് വണ്ടര്‍ വുമണ്‍. ഗര്‍ഭിണികളുടെ കഥ പറയുന്ന സിനിമ നേരിട്ട് ഒടിടി റിലീസാണ്. വണ്ടര്‍ വുമണ്‍ സോണി ലൈവിലാണ് റിലീസ് ചെയ്തത്. ചിത്രത്തില്‍ പാര്‍വതി തിരുവോത്തും നിത്യ മേനോനും പദ്മ പ്രിയയും സയനോരയയും പ്രധാനവേഷത്തില്‍ എത്തുന്നു. ഇവരെ കൂടാതെ നദിയ മൊയ്തുവും അര്‍ച്ചന പദ്മിനിയും ചിത്രത്തില്‍ മികച്ച വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

മികച്ച സ്ത്രീ പക്ഷ സിനിമയെന്നാണ് പ്രേക്ഷകാഭിപ്രായം. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ‘അഞ്ജലി മേനോന്‍’ സംവിധാനം ചെയ്ത വണ്ടര്‍ വുമണ്‍ കണ്ടു എന്നു പറഞ്ഞാണ് അനു ചന്ദ്ര മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ആരംഭിക്കുന്നത്. 100% ഉറപ്പിച്ചു പറയുന്നു ഇതാണ് യഥാര്‍ത്ഥ സ്ത്രീപക്ഷ സിനിമയെന്ന്.ഇവിടുത്തെ ആണുങ്ങള്‍ സ്ത്രീപക്ഷസിനിമ എന്ന ലേബലില്‍ പടം പിടിച്ചു എത്രത്തോളം മുന്‍പോട്ട് വന്നാലും അതിലെല്ലാം ഒരു അപൂര്‍ണ്ണതയുണ്ട്. ചവിട്ടും തൊഴിയും ആട്ടും തുപ്പും സഹിക്കുന്ന പെണ്ണുങ്ങളുടെ ഒടുവിലത്തെ സ്വാതന്ത്ര്യത്തിലേക്കുള്ള ഇറങ്ങി പോക്കാണ് ഇവിടത്തെ ആണുങ്ങളുടെ പരമാവധി സ്ത്രീപക്ഷ കാഴ്ചപ്പാട്. അതില്‍ കൂടുതല്‍ സ്ത്രീപക്ഷമായി സംസാരിക്കാന്‍ ഇവിടെ ആണുങ്ങള്‍ക്ക് എത്രത്തോളം സാധിച്ചിരിക്കുന്നു എന്നുള്ളത് ഒരു ചോദ്യമാണ്.

ഇനി അഞ്ജലി മേനോന്റെ സിനിമയിലേക്ക് വരാം. വൈകാരികപരമായി സ്ത്രീകളുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്നാണ് അഞ്ജലി മേനോന്‍ ഈ സിനിമ ഒരുക്കിയിരിക്കുന്നത്. സ്ത്രീകളുടെ ഹൃദയത്തോട് പക്ഷം ചേരുന്ന യഥാര്‍ത്ഥ സ്ത്രീപക്ഷ സിനിമയായി ഈ സിനിമ മാറുന്നതും അതുകൊണ്ട് തന്നെയാണ്. അവിടെ സ്വാതന്ത്ര്യത്തെക്കുറിച്ചു ബോധമുള്ള സ്ത്രീകളുണ്ട്, നിലപാടുകള്‍ ഉള്ള സ്ത്രീകളുണ്ട്,കൃത്യമായ സ്വത്വബോധമുള്ള സ്ത്രീകളുണ്ട്. സ്വന്തം പക്ഷത്തുനിന്ന് ചിന്തിക്കാന്‍ ശേഷിയുള്ള സ്ത്രീകളാണ് എല്ലാവരും. അതുകൊണ്ടുതന്നെ ഈ സിനിമ എത്രയോ മഹത്തരമായി എനിക്ക് തോന്നുന്നു. അതുകൊണ്ടുതന്നെ ഈ സിനിമയെ ഒരു മികച്ച സ്ത്രീപക്ഷ സിനിമയായി ഞാന്‍ കണക്കാക്കുന്നു.കാരണം ഇത് വണ്ടര്‍ വുമണ്‍സിന്റെ കഥയാണെന്ന് പറഞ്ഞ് കുറിപ്പ് അവസാനിപ്പിക്കുന്നു.

വണ്ടര്‍ വുമണിന്റെ ചിത്രീകരണം 12 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ഫ്ലൈയിംഗ് യൂണികോണ്‍ എന്റര്‍ടെയ്ന്‍മെന്റ് ആര്‍എസ്വിപി മൂവീസ് എന്നീ ബാനറുകളിലാണ് വണ്ടര്‍ വുമണ് നിര്‍മിച്ചിരിക്കുന്നത്. സിനിമയുടെ മറ്റൊരു പ്രത്യേകത ഗായിക സയനോര ഫിലിപ്പ് ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.