വിട്ടുവീഴ്ചയില്ലാത്ത പെണ്ണുങ്ങളെ നോക്കി അഭിമാനിക്കാൻ സാധിക്കുന്ന ‘ ഉറക്കം നഷ്ടപ്പെടുത്താത്ത’ സിനിമ

വിന്‍സി അലോഷ്യസ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് രേഖ. സിനിമ ഒടിടിയിലെത്തിയിരിക്കുകയാണ്. തമിഴ് സിനിമ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബെഞ്ചേഴ്സ അവതരിപ്പിച്ച ചിത്രമായിരുന്നു രേഖ. ജിതിന്‍ ഐസക്ക് തോമസ് സംവിധാനം…

വിന്‍സി അലോഷ്യസ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് രേഖ. സിനിമ ഒടിടിയിലെത്തിയിരിക്കുകയാണ്. തമിഴ് സിനിമ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബെഞ്ചേഴ്സ അവതരിപ്പിച്ച ചിത്രമായിരുന്നു രേഖ. ജിതിന്‍ ഐസക്ക് തോമസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ലിക്സാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘വിട്ടുവീഴ്ചയില്ലാത്ത പെണ്ണുങ്ങളെ നോക്കി അഭിമാനിക്കാന്‍ സാധിക്കുന്ന ‘ഉറക്കം നഷ്ടപ്പെടുത്താത്ത’ സിനിമയെന്നാണ് അനു ചന്ദ്ര പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

പ്രേമവും ലൈംഗികതയും നുണ പറഞ്ഞു നേടുന്ന മനുഷ്യന്റെ വന്യമായ കാടത്വം – കൃത്യം 47 മിനിറ്റും 8 സെക്കന്റും മുതല്‍ ‘രേഖ’ സിനിമ എനിക്കതാണ്. അര്‍ജുനെന്ന റൊമാന്റിക് നായകനില്‍ നിന്നും ഉണ്ണിലാലു ( UnniLalu ) പതിയെ കാടത്വം പ്രദര്‍ശിപ്പിക്കുന്ന മനുഷ്യനിലേക്ക് മാറുമ്പോള്‍ അസ്വസ്ഥതയനുഭവിച്ചു തുടങ്ങിയത് ഞാന്‍ കൂടിയാണ്. ‘രേഖ’യല്ല അവിടെയെന്റെ വിഷയം. അത് അര്‍ജ്ജുനാണ്. കാമത്തിനപ്പുറം, എല്ലാ വ്യക്തികളുടെ ജീവിതത്തിലും ഒട്ടേറെ അര്‍ത്ഥതലങ്ങളുണ്ടെന്ന് തിരിച്ചറിയാന്‍ പറ്റാത്ത അര്‍ജ്ജുനോളം പോന്ന മനുഷ്യരെ ജീവിതത്തിന്റെ പല വഴികളില്‍ , പലയിടങ്ങളില്‍ വച്ച് പലയാവര്‍ത്തി കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ആ നിലയ്ക്ക് അര്‍ജുന്‍ എനിക്ക് പുതുമയൊന്നുമല്ല. എന്നാല്‍ രേഖ അവനെ എങ്ങനെ നേരിടുന്നു എന്നതിലാണ് പുതുമ അനുഭവപ്പെട്ടത്. ആ നേരിടലിനായി രേഖ നടത്തുന്ന യാത്രക്കിടയില്‍ അവള്‍ കണ്ടുമുട്ടുന്ന ഒരു കണ്ണന്‍മാമയുണ്ട് ( Prathapan KS ). പുരുഷന്മാര്‍ക്കിടയിലെ ക്ലീഷേ മനുഷ്യനാണയാള്‍. ആണുങ്ങള്‍ പല വാഗ്ദാനങ്ങളും നല്‍കും പക്ഷെ അതുകേട്ടു വിശ്വസിച്ച് ശരീരം പങ്കു വയ്ക്കാന്‍ ക്ഷണിക്കുമ്പോള്‍ ഉടനെ അങ്ങ് വന്നേക്കരുത്, നാളെ പുരുഷന്‍ പീഡിപ്പിച്ചു എന്ന് പരാതി കൊടുക്കുമ്പോഴും ഞങ്ങള്‍ പറയും , പെണ്ണും സുഖം അനുഭവിച്ചതല്ലേ എന്നിട്ട് പരാതി മുഴുവന്‍ ആണിനാണോന്ന് – അയാള്‍ പറയാതെ പറയുന്ന വാചകങ്ങള്‍ക്കെല്ലാം ഈ അര്‍ത്ഥമാണുള്ളത്. അയാളുടെ ചിരിയിലും നോട്ടത്തിലും പോലും തികഞ്ഞ അശ്ലീലത കലര്‍പ്പുണ്ട്. അര്‍ജുനെ അന്വേഷിച്ചുള്ള അവളുടെ യാത്രയ്ക്കിടയില്‍ ലുലു മാള്‍ കാണിക്കാനായി അവളെ ക്ഷണിക്കുന്ന മനുഷ്യരുണ്ട്. അര്‍ജുനിലേക്കുള്ള അവളുടെ ദൂരത്തിനിടയില്‍ ഇത്തരം പല മനുഷ്യരെയും കൂടിയാണ് അവള്‍ക്ക് നേരിടേണ്ടി വരുന്നത്. അതുകൊണ്ടെല്ലാം രേഖ എനിക്ക് ഒട്ടും അന്യയല്ല. അവള്‍ ഞങ്ങള്‍ പെണ്ണുങ്ങളില്‍ ഒരാള്‍ മാത്രമാണ്. ജീവിതത്തില്‍ നിരവധി അനവധി മനുഷ്യരെ താണ്ടി കടന്ന് പോകുന്ന ഞങ്ങള്‍ പെണ്ണുങ്ങളില്‍ ഒരാള്‍ തന്നെയാണ്. പക്ഷേ ഈ സിനിമയില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ കണക്ട് ചെയ്തത് ‘ എനിക്ക് ഉറങ്ങണം ‘ എന്നുള്ള അവളുടെ അധമമായ അഭിവാഞ്ചനയാണ്. പെട്ടെന്നൊരു രാത്രി മുതല്‍ ഒരു മനുഷ്യന്റെ ഉറക്കം നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ അയാളെന്ത് ചെയ്യും ? ഉറക്കത്തിലേക്ക് നടന്നടുക്കുവാന്‍ സത്യം തേടി പോകണം. സത്യത്തിലേക്കുള്ള രേഖയുടെ ആ യാത്രയാണ് മുഴുനീളം ചിത്രം. ഒരുപക്ഷെ സിനിമയുടെ ക്ലൈമാക്‌സ് മറ്റൊരു തരത്തിലായിരുന്നുവെങ്കില്‍ രേഖയോടൊപ്പം ഉറക്കം നഷ്ടപ്പെടുക ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് കൂടിയായിരുന്നിരിക്കണം. അതുകൊണ്ടുതന്നെ രേഖ അതെന്റെ കൂടെ സിനിമയാണ്. വിട്ടുവീഴ്ചയില്ലാത്ത പെണ്ണുങ്ങളെ നോക്കി അഭിമാനിക്കാന്‍ സാധിക്കുന്ന ‘ ഉറക്കം നഷ്ടപ്പെടുത്താത്ത’ സിനിമ.

പ്രണയത്തിനും പ്രതികാരത്തിനും പ്രാധാന്യമുള്ള ത്രില്ലര്‍ ചിത്രമായ രേഖ തിയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണം നേടിയിരുന്നു.ഫെബ്രുവരി 10 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ഉണ്ണി ലാലുവാണ് നായക കഥാപാത്രമായി എത്തിയത്. പ്രമലത തൈനേരി,രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, പ്രതാപന്‍ കെ എസ്, വിഷ്ണു ഗോവിന്ദന്‍ എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍.

രേഖയുടെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത് കാര്‍ത്തികേയന്‍ സന്താനമാണ്. എസ് സോമശേഖര്‍, കല്‍രാമന്‍, കല്യാണ്‍ സുബ്രമണ്യന്‍ എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. സിനിമയുടെ എബ്രഹാം ജോസഫാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് രോഹിത് വി എസ് വാര്യത്ത് നിര്‍വഹിക്കുന്നു.രേഖ തിയേറ്ററുകളില്‍ എത്തിക്കുന്നത് അമിസാറാ പ്രൊഡക്ഷന്‍സാണ്.