അളവുകളിലൊതുങ്ങാതെ തിങ്ങിവിങ്ങി നില്ക്കുന്ന ശരീരം മലയാളി പുരുഷുവിന്റെ മനസിളക്കുമെന്ന മാനകീകരണവും വന്നു!

മലയാള സിനിമയെ കുറിച്ച് അനു പാപ്പച്ചൻ എന്ന യുവതി തന്റെ ഫേസ്ബുക്കിൽ എഴുതി കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് ഇങ്ങനെ, എ പടം എന്ന വാക്കിനു തൊട്ടുപിറകെ ഷക്കീല എന്ന പേരു വന്നു വീഴും.…

മലയാള സിനിമയെ കുറിച്ച് അനു പാപ്പച്ചൻ എന്ന യുവതി തന്റെ ഫേസ്ബുക്കിൽ എഴുതി കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് ഇങ്ങനെ, എ പടം എന്ന വാക്കിനു തൊട്ടുപിറകെ ഷക്കീല എന്ന പേരു വന്നു വീഴും. ‘ഷക്കീല തരംഗം ‘എന്നത് ഷക്കീലയുടേത് ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ പൊതു നാമമാക്കി പറത്തി വിട്ടത് ‘കിന്നാരത്തുമ്പി’കളായിരുന്നു.അളവുകളിലൊതുങ്ങാതെ തിങ്ങിവിങ്ങി നില്ക്കുന്ന ശരീരം മലയാളി പുരുഷുവിന്റെ മനസിളക്കുമെന്ന മാനകീകരണവും വന്നു. ഷക്കീലയെ ആർത്തിയോടെ ഒളിഞ്ഞു നോക്കുന്ന ആൺ ഹോസ്റ്റലുകളെത്ര സിനിമക്ക് സീനായി.!! ചോട്ടാ മുംബൈയിൽ ഷക്കീലയെ ജീവനോടെ കൊണ്ടും വന്ന് ‘മുതലാ’ക്കി. വശീകരിക്കുന്ന മസാജിനും കുളിക്കും എണ്ണ തേപ്പിനും ഒക്കെ മുൻപ്, ആണിന്റെ സെക്ഷൽ ഫാന്റസിയായി, ദമ്പതികൾക്കു നടുവിൽ ഇടിത്തീ വീഴ്ത്തി കടന്നു വരുന്ന സ്ത്രീകൾക്ക് കുടുംബം കലക്കുക എന്ന ഉത്തരവാദിത്തമായിരുന്നു. അവർ സിനിമയിൽ നൃത്തക്കാരികളും ആട്ടക്കാരികളുമായിരുന്നു.എന്നാൽ ശരീരം തുറന്നു കാണിക്കുന്ന കഥാപാത്ര ചിത്രീകരണങ്ങളല്ല,നായകന്റെ സദാചാര ലംഘനത്തിനുള്ള ഉപകരണമായി ,നായികയുടെ കണ്ണീരിനും പാതിവ്രത്യ പ്രസംഗത്തിനും ഇട കൊടുത്തങ്ങനെ അവർ നൃത്തം ചെയ്തു.. നായകനെ കീഴ്പ്പെടുത്തുന്ന ആട്ടത്തിന്റെ വശ്യതയെന്ന നിലയിലായിരുന്നു അവരുടെ മേൽ ക്യാമറയുടെ നോട്ടം.

എന്നാൽ ചെമ്മീനിൽ (1965) ‘കറുത്തമ്മ’യുടെ നെഞ്ചത്തേക്കു തന്നെ ക്യാമറ ഷാർപ്പായി നോക്കുന്നു. പരീക്കുട്ടിയുടെ നോട്ടമാണ്. പക്ഷേ ‘ഇങ്ങനെ നോക്കല്ലേ കൊച്ചുമുതലാളി’ എന്ന് കറുത്തമ്മ മാറുമറ യ്ക്കുമ്പോൾ പരീക്കുട്ടി മാത്രമല്ല, കാണിയും നോട്ടത്തിലൊരൊളിഞ്ഞു ‘നോട്ട’ മുണ്ടെന്നു കണ്ടു ഞെട്ടുന്നു. നായകന്മാരുടെ നോട്ടം അവിടെ തുടങ്ങുന്നേയുണ്ടായിരുന്നുള്ളൂ.! വെളുത്ത കത്രീനയിൽ (1968) കറ്റമെതിച്ച് വിയർത്തൊട്ടിയ റൗക്ക പിഴിഞ്ഞ് മാറിയുടുക്കുന്ന കത്രീനയെ,കഷ്ടപ്പെട്ട്, പുല്ലിൻ കൂനയുടെ മുകളിൽ ഏണി വച്ച് കയറി ഒളിഞ്ഞു നോക്കുന്ന ചെല്ലപ്പൻ (സത്യനാണെന്നോർക്കണം ) പരീക്കുട്ടിയേക്കാൾ മുതിർന്നു പോയി! സംഭവം പ്രണയത്തിലേക്കുള്ള വഴിയാണ് കേട്ടോ. പിന്നെ പ്രേമഗാനമാണ്. ” മകരം പോയിട്ടും മാടം ഉണർന്നിട്ടും മാറത്തെ കുളിരൊട്ടും പോയില്ലേ.. ” ഒളിഞ്ഞുനോട്ടക്കാരുടെ വലിയൊരു ലിസ്റ്റ് പിന്നാലെ എഴുതാം. അതവിടെ നില്ക്കട്ടെ. വളരെ സാധാരണമായി പെണ്ണുങ്ങൾ ചെയ്യുന്ന ജീവിത പ്രവൃത്തികളായ കുളിയും നനയും ഉടുപ്പുമാറലും നെല്ലു കുത്തലും പാത്രം കഴുകലും അലക്കും ഇവന്മാർ ഒളിഞ്ഞു നോക്കി നോക്കി അതൊരു ലൈംഗിക പ്രേരണവിഭവമെന്നു തെറ്റിദ്ധരിക്കപ്പെട്ട പണ്ടാരടങ്ങിയ ചരിത്രം ഇപ്പഴും തുടരുകയാണ്.