പ്രതിഭ കൊണ്ടും പരിശ്രമം കൊണ്ടും നിരന്തരം യത്നിച്ച് തന്നെ മുന്നോട്ടു സഞ്ചരിച്ചവളാണ് അനന്യ!

കഴിഞ്ഞ ദിവസമാണ് കേരളം അനന്യ എന്ന ട്രാൻസ്ജെൻഡറുടെ വിയോഗവാർത്ത അറിയുന്നത്. വർഷങ്ങൾ കൊണ്ട് ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അനന്യ ഇന്നലെ ഈ ലോകത്തോട് വിടപറയുകയായിരുന്നു. അവതാരകയായും ആർജെ ആയും ആക്ടിവിസ്റ്റായും സമൂഹത്തിൽ മുൻപന്തിയിൽ തന്നെ…

കഴിഞ്ഞ ദിവസമാണ് കേരളം അനന്യ എന്ന ട്രാൻസ്ജെൻഡറുടെ വിയോഗവാർത്ത അറിയുന്നത്. വർഷങ്ങൾ കൊണ്ട് ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അനന്യ ഇന്നലെ ഈ ലോകത്തോട് വിടപറയുകയായിരുന്നു. അവതാരകയായും ആർജെ ആയും ആക്ടിവിസ്റ്റായും സമൂഹത്തിൽ മുൻപന്തിയിൽ തന്നെ ആയിരുന്നു അനന്യ ഉണ്ടായിരുന്നത്. ശാസ്ത്രക്രീയയിൽ ഉണ്ടായ അപാകത മൂലം ശരണ്യയ്ക്ക് നഷ്ടമായത് ശരണ്യയുടെ ജീവിതം തന്നെ ആയിരുന്നു. ഒടുവിൽ അവൾ തന്നെ അവൾക്ക് നീതി വാങ്ങി കൊടുക്കുകയായിരുന്നു. ഇപ്പോൾ അനു പാപ്പച്ചൻ എന്ന യുവതി അനന്യയെ കുറിച്ച് എഴുതിയ കുറിപ്പാണു ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം,

ശരീരം കൊണ്ടും മനസുകൊണ്ടും വേദനകളെ അതിജീവിക്കാൻ ശ്രമിച്ച് ഇത്രയധികം പോരാട്ടം നടത്തിയ അനന്യയാണ് ആത്മഹത്യ ചെയ്തത്. ഒന്നാലോചിച്ചു നോക്കൂ. എന്തൊരു മിടുക്കിയായിരുന്നു!, നല്ല വൊക്കാബുലറിയും ഉച്ചാരണ ശുദ്ധിയും ഭാഷാ പ്രാവീണ്യവും. അവതാരകയായി, കേരളത്തിലെ ആദ്യത്തെ ട്രാൻസ് RJയായി, മേക്കപ്പ് ആർട്ടിസ്റ്റായി അവിടെയും കഴിവ് തെളിയിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യത്തെ ട്രാൻസ് സ്ഥാനാർത്ഥിയായി ശ്രമം നടത്തി പൊതുരംഗത്തും സജീവമായി. അങ്ങനെ പ്രതിഭ കൊണ്ടും പരിശ്രമം കൊണ്ടും നിരന്തരം യത്നിച്ച് തന്നെ മുന്നോട്ടു സഞ്ചരിച്ചവളാണ് അനന്യ അലക്സ്.അവർ സൂയിസൈഡ് ചെയ്തു എങ്കിൽ നമ്മൾ അവരോട് ചെയ്യുന്നത് ദാക്ഷിണ്യമില്ലാത്ത ക്രൈം ആണ് . റെനേ മെഡിസിറ്റിയിൽ ഒരു വർഷം മുമ്പ് നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയിൽ സംഭവിച്ച അപാകതകളെ കുറിച്ചും അതിന്റെ അതിഭീകരമായ പാർശ്വഫലങ്ങളെ കുറിച്ചും അവർ പങ്കുവക്കുന്നത് മജ്ജയും മാംസവുമുള്ള മനുഷ്യർക്ക് കേട്ടു നില്ക്കാനാവില്ല. കുത്തുവാക്കുകളും അപമാനങ്ങളും സഹിച്ചാണ് ട്രാൻസ്മനുഷ്യർ ഈ സമൂഹത്തിൽ കഴിയുന്നത്. അതിനെയെല്ലാം വല്ല വിധേന അതിജീവിച്ച്, തങ്ങൾക്ക് ഇഷ്ടമുള്ള ശാരീരിക നിലയിൽ സ്വത്വബോധത്തോടെ കഴിയാനായി പിച്ച തെണ്ടി , കിട്ടുന്ന ജോലികൾ ചെയ്താണ് ശസ്ത്രക്രിയക്കെത്തുന്നത്.പ്രതീക്ഷിച്ചതിലും പണം ചെലവാകുന്നു. എന്നിട്ടും ഫലമില്ല എന്നു മാത്രമല്ല, ദുരന്തവും.

സര്‍ജറിയ്ക്ക് ശേഷം ഒന്ന് എഴുന്നേറ്റ് നില്‍ക്കാനോ ഉറക്കെ തുമ്മാനോ പൊട്ടിക്കരയാനോ പറ്റുന്നില്ല, ചന്തികുത്തി ഇരിക്കാൻ വയ്യ,,ഒന്ന് മൂത്രമൊഴിക്കാൻ പോലും വയ്യ, സാനിറ്ററി പാഡുകളിലെ ജീവിതം, ( അത് വാങ്ങാൻ പോലും പൈസയില്ല)വെട്ടിക്കീറിയ സ്വകാര്യ ഭാഗങ്ങളുടെ കാഴ്ച പോലും അസഹനീയം…എന്നിങ്ങനെ നമുക്ക് ആലോചിക്കാൻ കഴിയാത്ത ഭയാനകമായ ജീവിതമാണ് അനന്യ പങ്കുവച്ചത്. അപ്പോൾ പോലും നീതി കിട്ടണം എന്ന ധീരമായ ശബ്ദം, വേദനയിലും ഉയർത്തിയവളെയാണ് ,പൊരുതിയവളെയാണ് സ്വയംഹത്യയിലേക്ക് തള്ളിയിട്ടത്. ചെത്തിക്കളഞ്ഞിട്ടല്ലേ, നന്നായിപ്പോയി എന്ന് പരിഹസിക്കുന്ന ക്രൂര സമൂഹത്തിലാണ് താനെന്നറിഞ്ഞിട്ടും സ്വന്തം അസ്തിത്വത്തിനു വേണ്ടി നില നിന്നവളാണ് അനന്യ. തീർച്ചയായും നമുക്ക് ഉത്തരവാദിത്തമുണ്ട്. എന്തായിരുന്നു സംഭവിച്ചത്? എന്താണ് ആത്മഹത്യയിലേക്ക് നയിച്ചത്? ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയുടെ വിവരങ്ങൾ, നല്കിയ മരുന്നുകൾ, തുടർ ചികിത്സകൾ ഇതെല്ലാം പുറത്തു വരേണ്ടതുണ്ട്. മുൻപുള്ള പലർക്കുമെന്ന പോലെ അനന്യക്കും നീതി കിട്ടാതെ പോയി. ഇനിയും മറ്റൊരു അനന്യ ഉണ്ടാകരുത്. ഇത്തരം സങ്കീർണ്ണമായ ലിംഗമാറ്റ ശസ്ത്രക്രിയകൾക്ക് വേണ്ട പരിശീലനവും സജ്ജീകരണങ്ങളും ഇവിടെ ഉണ്ടോ എന്ന് ബന്ധപ്പെട്ടവർ പരിശോധിച്ച് ഉറപ്പ് വരുത്തി അംഗീകാരം കൊടുത്താൽ മാത്രമേ, ദുരന്തം ആവർത്തിക്കാതിരിക്കൂ. പരാതികളിന്മേൽ അന്വേഷണങ്ങൾ ഉണ്ടാകേണ്ടതുണ്ട്. പല തരത്തിൽ പാർശ്വവല്ക്കരിക്കപ്പെട്ട മനുഷ്യരാണ്, ശരീരവും മനസും ദുർബലമായ ഒരവസ്ഥയിൽ പരീക്ഷണ വസ്തുക്കളാക്കരുത്, മറ്റാരേക്കാളും നീതി അവർക്കു അവകാശപ്പെട്ടതാണ്.