പുരുഷൻമാർ കഴിവുകെട്ടവരും കാര്യശേഷി ഇല്ലാത്തവരും ആണെന്നാണ് ഇത്തരക്കാരുടെ ചിന്താഗതി!

ഫീമെയിൽ ഷോവനിസം ഫെമിനിസമല്ല, മറിച്ച് സാമൂഹ്യ വിരുദ്ധത മാത്രമാണത്. എന്തുകൊണ്ടാകാം ഫെമിനിസം എന്നുകേൾക്കുമ്പോൾ പലർക്കും എതിർപ്പുതോന്നുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? മെയിൽ ഷോവനിസം എന്നും മെയിൽ ഷോവനിസ്റ്റുകളെന്നും നമ്മൾ കേൾക്കാറുണ്ട്. പുരുഷന്റെ മാത്രം കാഴ്ചപ്പാടിൽ വരച്ചുകാട്ടുന്ന…

Anumol Joseph Post

ഫീമെയിൽ ഷോവനിസം ഫെമിനിസമല്ല, മറിച്ച് സാമൂഹ്യ വിരുദ്ധത മാത്രമാണത്. എന്തുകൊണ്ടാകാം ഫെമിനിസം എന്നുകേൾക്കുമ്പോൾ പലർക്കും എതിർപ്പുതോന്നുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? മെയിൽ ഷോവനിസം എന്നും മെയിൽ ഷോവനിസ്റ്റുകളെന്നും നമ്മൾ കേൾക്കാറുണ്ട്. പുരുഷന്റെ മാത്രം കാഴ്ചപ്പാടിൽ വരച്ചുകാട്ടുന്ന സാമൂഹ്യസാചര്യവും, അതിൽ നിന്നും ഉണ്ടാകുന്ന സ്ത്രീവിരുദ്ധത തന്നെയാണ് മെയിൽ ഷോവനിസം മുന്നോട്ട് വെക്കുന്നത്. മെയിൽ ഷോവനീസ്റ്റ് കാഴ്ചപ്പാടിൽ സ്ത്രീകൾക്കെതിരായ മുൻവിധി പ്രകടമാണ്. മെയിൽ ഷോവനിസ്റ്റുകളുടെ കാഴ്ചപ്പാടിൽ പുരുഷന് സ്ത്രീകളെക്കാൾ കഴിവുകളും, ബുദ്ധിയും, കാര്യശേഷിയും ഉണ്ടെന്നും, സ്ത്രീകൾ കഴിവുകെട്ടവരെന്നുമുള്ള ചിന്താഗതിയാണ്. സ്ത്രീകളെ കടന്നാക്രമിക്കുന്നതിന് യാതൊരു മടിയും മെയിൽ ഷോവനിസ്റ്റുകൾ കാണിക്കാറില്ല. സ്ത്രീകളെ തികച്ചും രണ്ടാംകിട പൗരൻമാരായി മാത്രമേ മെയിൽ ഷോവനിസ്റ്റുകൾ കണക്കാക്കാറുള്ളൂ. പുരുഷന് പ്രിവിലേജ് കൽപ്പിക്കുന്നതിനുമപ്പുറം പുരുഷന്റെ അടിമയായി മാത്രം സ്ത്രീയെ പരിഗണിക്കുന്നവരാണ് ഇത്തരക്കാരെന്നതും ഈ ചിന്താഗതിയുടെ പ്രധാന പ്രശ്നമാണ്. ഈ ചിന്താഗതിയുടെ നേർ വിപരീതമാണ് ഫീമെയിൽ ഷോവനിസം. പെണ്ണിന്റെ കാഴ്ചപ്പാടിൽ കൂടി മാത്രം വരച്ചുകാട്ടുന്ന സാമൂഹ്യ സാഹചര്യവും, അതിൽ നിന്നും ഉണ്ടാകുന്ന പുരുഷ വിരുദ്ധതയും തന്നെയാണ് ഫീമെയിൽ ഷോവനിസം മുന്നോട്ട് വെക്കുന്നത്. ഫീമെയിൽ ഷോവനിസ്റ്റുകളുടെ ചിന്താഗതിയിൽ പുരുഷനെതിരായ മുൻവിധി പ്രകടമായിരിക്കും.
ഇവരുടെ കാഴ്ചപ്പാടിൽ പുരുഷൻമാരെ കഴിവുകെട്ടവരായും, പുരുഷൻമാരേക്കാൾ കാര്യശേഷിയും ബുദ്ധിയും സ്ത്രീകൾക്കുണ്ട് എന്നുമൊക്കെയുള്ള ചിന്താഗതിയാണ്. പുരുഷൻമാരെ കടന്നാക്രമിക്കുന്നതിന് ഇത്തരക്കാർ യാതൊരു മടിയും കാണിക്കാറില്ല. പുരുഷൻമാരെ ശത്രുക്കളായി മാത്രമാണ് ഇവർ പരിഗണിച്ചുപോരുന്നത്. സ്ത്രീകൾക്ക് പ്രിവിലേജ് കൽപിക്കുന്നതിനുമപ്പുറം പുരുഷനെ വിലവെക്കാതിരിക്കുക എന്നതും ഇത്തരക്കാരുടെ പ്രശ്നമാണ്. സ്ത്രീവിരുദ്ധതയുടെ വക്താക്കളായി മെയിൽ ഷോവനിസ്റ്റുകൾ കളം നിറയുന്നതുപോലെ തന്നെയാണ് ഫെമിനിസത്തിന്റെ വക്താക്കളായി ഫീമെയിൽ ഷോവനിസ്റ്റുകൾ കളം നിറയുന്നത്. പുരുഷ വിരുദ്ധതയുടെ വക്താക്കൾ ഫെമിനിസത്തിന്റെ നേതൃസ്ഥാനം സ്വയം ഏറ്റെടുക്കുമ്പോൾ ഹൈജാക് ചെയ്യപ്പെടുന്നത് ഫെമിനിസം എന്ന മഹത്തായ ആശയമാണ്. ഫെമിനിസ്റ്റുകളുടെ ഇടയിൽ ഫീമെയിൽ ഷോവനിസ്റ്റുകളുടെ സാന്നിദ്ധ്യം തന്നെയാണ് ഫെമിനസത്തോടും ഫെമിനിസ്റ്റുകളോടും പൊതുസമൂഹത്തിന് വെറുപ്പും അകലവും തോന്നാനുള്ള കാരണമെന്ന് ഞാൻ കരുതുന്നു. മെയിൽ ഷോവനിസ്റ്റുകളായാലും ഫീമെയിൽ ഷോവനിസ്റ്റുകളായാലും തികച്ചും സാമൂഹ്യ വിരുദ്ധതയും മനുഷ്യവിരുദ്ധതയും തന്നെയാണ് ഇരുകൂട്ടരുടേയും മുഖമുദ്ര.
കേവല പുരുഷവിരോധം മാത്രമാണ് ഫെമിനിസം എന്നുകരുതി ഫെമിനിസത്തിന്റെ അർത്ഥം പോലും മനസ്സിലാക്കാതെ സ്വയം ഫെമിനിസ്റ്റ് ചമയുന്ന ഫീമെയിൽ ഷോവനിസ്റ്റുകൾ തന്നെയാണ് ഫെമിനിസത്തിന്റെ യഥാർത്ഥ ശത്രുക്കൾ. ഫെമിനിസത്തെ വെടക്കാക്കി തനിക്കാക്കാമെന്ന ചിന്തയുള്ള ഇക്കൂട്ടരുട ഇടപെടലുകൾ കൊണ്ട് തന്നെയാണ് ഫെമിനിസ്റ്റുകളോടും ഫെമിനിസത്തോടും പൊതുസമൂഹത്തിലെ മിതവാദികൾക്ക് പോലും എതിർപ്പുയരുന്നതിന് കാരണമാകുന്നതെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. ഫീമെയിൽ ഷോവനിസ്റ്റുകളായാലും മെയിൽ ഷോവനിസ്റ്റുകളായാലും തീവ്ര നിലപാടുകളേ ഇവരിൽ നിന്നും വരൂ. ഇങ്ങനെയുടലെടുക്കുന്ന തീവ്രനിലപാടിലൂന്നിയ ഇടപെടലുകൾ സമൂഹത്തെ മുന്നോട്ട് നയിക്കില്ല, സമൂഹത്തെ പിന്നോട്ടേ നയിക്കൂ.. ഫീമെയിൽ ഷോവനിസ്റ്റുകളെ ഫെമിനിസ്റ്റുകളെന്ന് തെറ്റിദ്ധരിക്കരുത്. മെയിൽ ഷോവനിസം ആയാലും ഫീമെയിൽ ഷോവനിസം ആയാലും ആന്റി-ഫെമിനിസം തന്നെയാണ് രണ്ടുകൂട്ടരും മുന്നോട്ട് വെക്കുന്നത്.

ലോക പുരുഷ ദിനമായ ഇന്നലെ മോഡൽ അനുമോൾ ജോസഫ് തന്റെ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ആണ് ഇത്. കുറുപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.