‘ഒരു സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ഞാന്‍ ഒന്നും ചെയ്തിരുന്നില്ല’ 16 കിലോ കുറച്ച് അനുപം ഖേര്‍

പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ് ബോളിവുഡ് താരം അനുപം ഖേറിനെ. കഴിഞ്ഞ ദിവസം നടന്റെ 67-ാമത് ജന്മദിനം ആയിരുന്നു. പ്രായത്തെ വെല്ലുന്ന ചെറുപ്പം ഇന്നും തന്റെ ശരീരത്തിനുണ്ടെന്ന് പ്രഖ്യാപിക്കുന്ന ചിത്രങ്ങള്‍ അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശരീരത്തെ രൂപപ്പെടുത്തുന്നതില്‍ താന്‍ കൈവരിച്ച പതിയെയുള്ള പുരോഗതിയുടെ അടയാളങ്ങളാണ് ഈ ചിത്രങ്ങളെന്ന് അനുപം ഖേര്‍ അടിക്കുറിപ്പായി കുറിച്ചു. ഇത് തുടക്കമാണെന്നും ഒരു വര്‍ഷത്തിന് ശേഷം പുതിയ രൂപത്തില്‍ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫിറ്റായും ഊര്‍ജ്ജസ്വലമായും ഇരിക്കാനുള്ള ദിനചര്യ പിന്തുടരാന്‍ ആരാധകരോടും താരം അഭ്യര്‍ഥിക്കുന്നു. രണ്ട് വര്‍ഷം കൊണ്ട് 16 കിലോയോളം കുറയ്ക്കാന്‍ സാധിച്ചുവെന്ന് അദ്ദേഹം സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അനുപം ഖേറിന്റെ പോസ്റ്റ്

‘ 37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 65കാരന്റെ വേഷത്തില്‍ സിനിമയില്‍ അരങ്ങേറിയ ഒരു യുവനടനെ നിങ്ങള്‍ കണ്ടു. കരിയറില്‍ ഉടനീളം ഒരു അഭിനേതാവ് എന്ന നിലയില്‍ ഓരോ അവസരവും ഞാന്‍ പരമാവധി വിനിയോഗിക്കാന്‍ ശ്രമിച്ചു.

എന്നാല്‍ എന്റെയുള്ളില്‍ ഉണ്ടായിരുന്ന ഒരു സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ഞാന്‍ ഒന്നും ചെയ്തിരുന്നില്ല. ഫിറ്റ്‌നസിനെ ഗൗരവത്തോടെ എടുത്ത് എന്റെതന്നെ ഒരു മികച്ച വേര്‍ഷനായി കാണപ്പെടുക എന്നതായിരുന്നു ആ സ്വപ്നം. ഫിറ്റ്‌നസ് യാത്രയില്‍ നടന്ന് തുടങ്ങിയ ഞാന്‍ മറ്റ് എല്ലാത്തിനെയും പോലെ ഈ യാത്രയെ പറ്റിയും നിങ്ങളോട് പങ്ക് വയ്ക്കാന്‍ ആഗ്രഹിക്കുന്നു. ഫിറ്റ്‌നസ് യാത്രയിലെ എന്റെ നല്ല ദിനങ്ങളും മോശം ദിനങ്ങളും ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കാം. ഒരു വര്‍ഷത്തിന് ശേഷം ഒരു പുതിയ ഞാനായി നിങ്ങള്‍ക്കൊപ്പം ജന്മദിനം ആഘോഷിക്കാമെന്ന് പ്രത്യാശിക്കുന്നു.’… അനുപം ഖേര്‍ കുറിക്കുന്നു.

Gargi