Categories: Film News

അനുഷ്‌ക ഷെട്ടി മലയാളത്തിലേക്ക്, എൻട്രി സുരേഷ് ഗോപിയ്ക്കൊപ്പം…. ആരാധകർ ആവേശത്തിൽ

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ പ്രേക്ഷകരുടെ നെഞ്ചകത്ത് കയറിക്കൂടിയതാണ് അനുഷ്‌ക ഷെട്ടി. സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരം. ചിത്രത്തിന്റെ വിജയത്തിന് പിന്നിലും അനുഷ്‌കയുടെ കരങ്ങള്‍ ഉണ്ടെന്നത് തീര്‍ച്ച. ചിത്രം മലയാളത്തിലേയ്ക്ക് റീമേയ്ക്ക് ചെയ്തുവെങ്കിലും ഒരു മലയാള ചിത്രത്തില്‍ അനുഷ്‌ക അഭിനയിച്ചിരുന്നുവെങ്കില്‍ എന്നുവരെ മലയാളി ആഗ്രഹിച്ചിരുന്നു.

ഇപ്പോഴിതാ ആ കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. മലയാളത്തിന്റെ സ്വന്തം സുരേഷ് ഗോപിയുടെ പുതിയ ചിത്രമായ ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിലൂടെ അനുഷ്‌ക മലയാളത്തില്‍ എത്തുമെന്നാണ് സൂചന. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ താരം അവതരിപ്പിക്കും എന്നാണ് അറിയുന്നത്. അതേ സമയം ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടുമില്ല. എന്നാല്‍ ആരാധകര്‍ കാത്തിരിപ്പിലും ആവേശത്തിലുമാണ്.

അനുഷ്‌ക സുരേഷ് ഗോപി ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ സുരേഷ് ഗോപി ആരാധകരെയും തെല്ലൊന്നുമല്ല ആവേശത്തിലാക്കിയിരിക്കുന്നത്.

സുരേഷ് ഗോപിയുടെ 250-ാം ചിത്രമായി ഒരുങ്ങുന്ന ഒറ്റക്കൊമ്പന്‍ മാത്യൂസ് തോമസ് ആണ് സംവിധാനം ചെയ്യുന്നത്.  ചിത്രങ്ങളിലെ നായക കഥാ പാത്രത്തിന്റെ പേര് കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്നാണ്. ഷിബിന്‍ തോമസ് കഥയും തിരക്കഥയുമെഴുതിയ ചിത്രത്തിന്റെ നിര്‍മാണം ടോമിച്ചന്‍ മുളകുപാടമാണ്. ഇവരാരും അനുഷ്‌കരുടെ എന്‍ട്രി സംബന്ധിച്ച് പ്രതികരണങ്ങള്‍ നടത്തിയിട്ടില്ലെങ്കിലും ആരാധകര്‍ക്ക് പ്രതീക്ഷ ഏറുകയാണ്.

ആയിരം കോടി ക്ലബ്ബില്‍ എത്തിയ എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി അടക്കമുള്ള സിനിമകളിലൂടെ ആണ് അനുഷ്‌ക ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. മലയാളത്തിലും അനുഷ്‌കയ്ക്ക് ധാരാളം ആരാധകരുണ്ട്.

 

അനുഷ്‌ക ഷെട്ടി പ്രഭാസ് വിവാഹ ഗോസിപ്പുകള്‍ പ്രചരിപ്പിക്കുന്നതില്‍ മുന്‍ പന്തിയില്‍ മലയാളികള്‍ തന്നെയയായിരുന്നു എന്നതും ശ്രദ്ധേയം. എന്നാല്‍, താന്‍ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു എന്ന അനുഷ്‌കയുടെ പ്രതികരണം അടുത്തിടെ എത്തിയിരുന്നു.

അനുഷ്‌ക ഷെട്ടി പ്രധാനമായും തെലുങ്ക്, തമിഴ്, എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം ചിത്രങ്ങളൊക്കെ മലയാളത്തിലേയ്ക്ക് റീമേക്ക് ചെയ്യപ്പെടുന്നതുകൊണ്ടു തന്നെ അനുഷ്‌ക മലയാളിയ്ക്ക് സുപരിചിതയാണ്. 2005-ല്‍ പുറത്തിറങ്ങിയ ‘സൂപ്പര്‍’ എന്ന തെലുങ്കു ചലച്ചിത്രത്തിലാണ് അനുഷ്‌ക ആദ്യമായി അഭിനയിച്ചത്.

Vishnu