അപ്പൻ പരമചെറ്റയാണെങ്കിലും അപ്പൻ സിനിമ ഓരോ സെക്കണ്ടിലും കിടു ആണ് !!

ഏതെങ്കിലുമൊരു മനുഷ്യൻ മരിച്ചുകാണണമെന്ന് ഒരു നാടുമുഴുവൻ, സ്വന്തം ഭാര്യയും മക്കളും മരുമക്കളും ഉറ്റകൂട്ടുകാരനും അടക്കം എല്ലാവരും, ആഗ്രഹിക്കണമെങ്കിൽ ആ മനുഷ്യൻ എത്രമാത്രം ദുഷ്ടനായിരിക്കണം അല്ലേ? എന്തായാലും അയാളും ഒരു മനുഷ്യനല്ലേ സ്വന്തം ഭാര്യയും മോനും…

ഏതെങ്കിലുമൊരു മനുഷ്യൻ മരിച്ചുകാണണമെന്ന് ഒരു നാടുമുഴുവൻ, സ്വന്തം ഭാര്യയും മക്കളും മരുമക്കളും ഉറ്റകൂട്ടുകാരനും അടക്കം എല്ലാവരും, ആഗ്രഹിക്കണമെങ്കിൽ ആ മനുഷ്യൻ എത്രമാത്രം ദുഷ്ടനായിരിക്കണം അല്ലേ? എന്തായാലും അയാളും ഒരു മനുഷ്യനല്ലേ സ്വന്തം ഭാര്യയും മോനും അങ്ങനെ ചിന്തിക്കാമോ എന്നാണ് നിങ്ങളിപ്പോൾ ചിന്തിച്ചതെങ്കിൽ, വേറൊന്നും വേണ്ടാ “അപ്പൻ” സിനിമയൊന്ന് കണ്ടുനോക്ക്. ആദ്യത്തെ അഞ്ചോ ആറോ മിനിറ്റ് കഴിഞ്ഞാൽ, അയാളെ കൊല്ലണമെന്ന് നിങ്ങൾക്കും തോന്നും. പോകെപ്പോകെ ആരും ചെയ്തില്ലെങ്കിൽ ആ തേങ്ങ വാങ്ങി സ്വയം എറിഞ്ഞുപൊട്ടിച്ചാലോ എന്ന് പോലും തോന്നും. അത്രയും വൃത്തികെട്ട ഒരു മനുഷ്യനാണ് ഇട്ടി. പാതി തളർന്നു കിടക്കുന്ന അവസ്ഥയിൽ കാഴ്ച്ചക്കാർക്ക് പോലും അയാളോട് അത്രയും ദേഷ്യം തോന്നുന്നുവെങ്കിൽ ആയ കാലത്ത് അയാൾക്കൊപ്പം ജീവിച്ച ഭാര്യയുടെയും മക്കളുടെയും കാര്യം ഓർത്തുനോക്കിയേ. സ്വന്തം ഭർത്താവ് കൺമുന്നിൽ വരുന്ന പെണ്ണുങ്ങളെയെല്ലാം, “ഭാര്യ’മാരാക്കി ജീവിക്കുന്നത് കണ്ടിട്ട്, സൗകര്യത്തിന് ഒരു പെണ്ണിനെ സ്വന്തം പറമ്പിൽ കുടിൽ കെട്ടി താമസിപ്പിക്കുന്നത് കണ്ടിട്ട്, പിന്നെയും അയാളുടെ ഭാര്യയായി ജീവിക്കേണ്ടി വരുന്ന ഒരു പാവം സ്ത്രീ.

തളർന്നു കിടക്കുന്ന കട്ടിലിൽ തലയ്ക്കൽ തൂക്കിയിട്ടിരിക്കുന്ന കയറിൽ തൂങ്ങി സ്വന്തം ഭർത്താവ്, അയലത്തെ വീട്ടിലെ പെണ്ണ് മുറ്റത്തിറങ്ങുമ്പോൾ ആർത്തി പൂണ്ട ഒരു മൃഗത്തെപ്പോലെ അവരെ നോക്കി സന്തോഷിക്കുന്നത് കണ്ടു നിൽക്കേണ്ടി വരുന്ന അവരുടെ ഗതികേട് ഊഹിക്കാൻ പറ്റുന്നുണ്ടോ നിങ്ങൾക്ക്? അതുമാത്രമോ, അയലത്ത് താമസിക്കുന്ന, നാട്ടുകാർ വേശ്യയെന്ന് മുദ്രകുത്തിയ പെണ്ണിനെ കള്ളം പറഞ്ഞ് സ്വന്തം മക്കളെക്കൊണ്ട് അകത്തേക്ക് വിളിപ്പിച്ച ഭർത്താവിനും അവൾക്കും സ്വന്തം മക്കൾക്കൊപ്പം അടഞ്ഞ വാതിലിനു പുറത്ത് കാവലിരിക്കേണ്ടി വരുന്ന ഒരു ഭാര്യയ്ക്ക് തന്റെ ഭർത്താവ് എങ്ങനെയെങ്കിലും ഒന്ന് തുലഞ്ഞു കാണാൻ ആഗ്രഹം വന്നാൽ അവരെ എങ്ങനെ കുറ്റം പറയാൻ പറ്റും? ഇട്ടിയുടെ മകനായിപ്പോയതുകൊണ്ട് മാത്രം നാട്ടുകാരുടെ മുഴുവൻ പരിഹാസം ഏറ്റുവാങ്ങേണ്ടി വന്ന ഞ്ഞൂഞ്ഞിന് പക്ഷെ മരിച്ചു കാണാൻ ആഗ്രഹിക്കുമ്പോഴും അപ്പനോട് അടങ്ങാത്ത സ്നേഹമാണ്. ഒരു മകൻ, സ്വന്തം അപ്പനിൽ നിന്ന് സഹിക്കാവുന്നതിന്റെ പരമാവധി അവഗണയും ക്രൂരതകളും സഹിച്ച് ആ പേരിൽ നാട്ടുകാരുടെ ഒറ്റപ്പെടുത്തലുകൾ സഹിച്ച് കഴിയുമ്പോഴും അപ്പാ എന്നുള്ള ആ വിളിയിൽ നിസ്സഹായത നിറഞ്ഞതെങ്കിലും നിറയെ സ്നേഹം തുളുമ്പുന്നുണ്ടായിരുന്നു.

അപ്പനാണെന്ന് നോക്കാതെ ആരായാലും കരണക്കുറ്റി നോക്കി ഒന്ന് കൊടുത്തുപോകുന്ന പല സന്ദർഭങ്ങളിൽ നിന്നും ആ സ്നേഹം പലപ്പോഴും ഞ്ഞൂഞ്ഞിനെ പിൻതിരിപ്പിക്കുന്നുണ്ട്. ജോൺസൺ അപ്പന്റെ മോനാണോ അപ്പാ എന്ന ചോദ്യത്തിന്, ആയാലിപ്പോ എന്താ ആർക്കായാലും ജനിച്ചാൽ പോരെ? പിന്നെ എങ്ങനേലും അങ്ങ് വളരണം എന്ന് ഒരപ്പന്റെ വായീന്ന് കേട്ടാൽ അതും കേട്ടിട്ട് ചുമ്മാ പോരാൻ ഞ്ഞൂഞ്ഞിന് മാത്രേ പറ്റൂ. “കണ്ടോടാ അവളാണെടാ പെണ്ണ്. അഞ്ചു മിനിറ്റ് കൊണ്ട് ഞാൻ ഉണർന്നത് കണ്ടോടാ. നിന്റമ്മയൊക്കെ വെറും പാഴ് ” എന്ന് സ്വന്തം മകനോട് പറയാനും മാത്രം വൃത്തികെട്ട ഒരപ്പന്റെ മകനായി ജനിച്ചു എന്നതാണ്‌ ഞ്ഞൂഞ്ഞിന്റെ ഒരേയൊരു പരാജയം. ബാക്കിയെല്ലാ അർത്ഥത്തിലും അയാളൊരു ഭാഗ്യവാനാണ്. സ്നേഹമുള്ള ഒരമ്മ. ഏത് സാഹചര്യങ്ങളിലും താങ്ങും തണലുമാകാൻ പ്രാപ്തിയുള്ള ഒരു ഭാര്യ. അപ്പനെ പൊന്നുപോലെ സ്നേഹിക്കുന്ന ഒരു കുഞ്ഞുമകൻ. എങ്കിലും ഞ്ഞൂഞ്ഞ് സ്വസ്ഥതയെന്തെന്ന് ജീവിതത്തിൽ അറിഞ്ഞിട്ടില്ല. ഇനിയൊട്ട് അറിയാനും പോകുന്നില്ല. കഥയവിടെ നിൽക്കട്ടെ. കലാകാരൻമാരിലേക്ക് വരാം. തിലകൻചേട്ടനൊരു പകരക്കാരൻ എന്ന് അപ്പനിലെ അലൻസിയറിനെ സിനിമ കണ്ടവരെല്ലാം വിശേഷിപ്പിക്കുന്നത് കേട്ടപ്പോ ഓ പിന്നേ എന്നൊരു ഭവമായിരുന്നു സിനിമ കാണുന്നത് വരെയും എനിക്കും ഉണ്ടായിരുന്നത്. പക്ഷേ സിനിമ കണ്ടു കഴിഞ്ഞപ്പോൾ അത് ഏറെക്കുറെ സത്യമാണെന്ന് തോന്നുകയും ചെയ്തു. ‘കണ്ണെഴുതിപൊട്ടുംതൊട്ടി’ൽ വിടനായ ഒരു കിളവനായി തിലകൻ ചേട്ടൻ നിറഞ്ഞാടിയത് കണ്ടിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന് പോലും ചെയ്യാൻ കഴിയാതിരുന്ന ചില മാനറിസംസ് ഒരു ചവിട്ട് കൊടുക്കാൻ തോന്നുന്നത്ര പാരമ്യ ത്തിൽ അലൻസിയർ, അപ്പനിൽ ചെയ്തു വച്ചിട്ടുണ്ട്.

സണ്ണിവെയ്ൻ അഭിനയിച്ച കുറേ സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും പൂമ്പാറ്റ ഗിരീഷ് ആയിരുന്നു ഇതുവരെയുള്ളതിൽ എനിക്കിഷ്ടമായ വേഷം. ഞ്ഞൂഞ്ഞ് അതിന്റെയൊക്കെ ആയിരം ഇരട്ടി ഉയരത്തിലാണ് നിൽക്കുന്നത്. സത്യം പറഞ്ഞാൽ സണ്ണി വെയ്ൻ എന്ന നടനെ അപ്പനിൽ കണ്ടതേയില്ല. ശബ്ദം കൊണ്ടു മാത്രം ഞാൻ സണ്ണിവെയ്ൻ ആണ് കേട്ടോ എന്ന് ഞ്ഞൂഞ്ഞ് ഇടയ്ക്കിടെ ഓർമ്മിപ്പിച്ചു. കുട്ടിയമ്മ, മുൻപ് ചെയ്ത മറ്റെല്ലാ കഥാപാത്രങ്ങളെയും പോലെ പൗളിച്ചേച്ചിയുടെ കയ്യിൽ സുഭദ്രമായിരുന്നു. മരണക്കിടക്കയിലും ഭൂലോക തരികിടയായ ഇട്ടിയുടെ ഗതികെട്ട ഭാര്യയായി പൗളിച്ചേച്ചി തകർത്തുവാരി. സംഭാഷണങ്ങളില്ലാത്ത ഇടങ്ങളിലും എത്ര ഭംഗിയായാണ് അവർ പ്രേക്ഷകരോട് കമ്യൂണിക്കേറ്റ് ചെയ്യുന്നത്. ഇങ്ങനെയൊരു അപ്പന്റെയും മകന്റെയും ഇടയിൽ ജീവിക്കുന്ന, ഭർത്താവിന്റെയും അയാളുടെ അമ്മയുടെയും സങ്കടങ്ങളെ ചേർത്തുപിടിക്കുന്ന അപ്പനോട് സ്നേഹത്തോടെയും എന്നാൽ ചിലയിടത്തൊക്കെ പൊട്ടിത്തെറിച്ചും ജീവിക്കുന്ന വീട്ടമ്മയായി ഞ്ഞൂഞ്ഞിന്റെ സ്വന്തം റോസിയായി അനന്യ അഴിഞ്ഞാടി എന്ന് തന്നെ പറയാം. കുട്ടിത്തം തുളുമ്പുന്ന മുഖവും സ്വരവും ചടുലമായ ചലനങ്ങളുമായി പൊതുവെ കാണുന്ന അനന്യയുടെ തികച്ചും പക്വമായ ഒരു മുഖമാണ് അപ്പനിൽ കാണാൻ കഴിയുന്നത്. കഥയുടെ നെടും തൂണായ അഞ്ചുപേരിൽ അഞ്ചാമത്തെ ആളായ ഷീല യെ അവതരിപ്പിച്ച നടിയെ ആദ്യം കാണുകയാണ്.

നാട്ടുകാരുടെ ചിന്തയിൽ മോശപ്പെട്ടവളാണെങ്കിലും മനസ്സിൽ നന്മ നിറഞ്ഞ ഷീലയെ രാധികാ രാധാകൃഷ്ണനും ഗംഭീരമാക്കി. പിന്നെ ആബേലായി വന്ന ആ കുഞ്ഞ്. ഒന്നും പറയാനില്ല കിടുക്കാച്ചി പൊതുവിൽ, അപ്പൻ വേറിട്ട ഒരനുഭവം തന്നെയായിരുന്നു. തുടക്കം മുതൽ അവസാനത്തെ ഡയലോഗ് വരെ പ്രേക്ഷകരുടെ വെറുപ്പ് മാത്രം സാമ്പാദിച്ചു കൂട്ടിയ ഒരു കഥാപാത്രം വേറെയുണ്ടോ എന്ന് സംശയമാണ്. ചുരുക്കി പറഞ്ഞാൽ സിനിമയിലെ അപ്പൻ പരമചെറ്റയാണെങ്കിലും അപ്പൻ സിനിമ ഓരോ സെക്കണ്ടിലും കിടു ആണ്.