Malayalam Article

അപ്പാ ….. വായിക്കുമല്ലോ!!!

നല്ല മഴയുള്ള ഒരു ദിവസം. ഞാനന്ന് രണ്ടിൽ പഠിക്കുന്നു. കുടയുണ്ടെങ്കിലും അതെടുക്കാതെ മഴ നനഞ്ഞു വരികയെന്നത് പണ്ടേ ഒരു ശീലമായിരുന്നു. രാകി പറത്തിയ മുടി തോർത്തി തരുന്നതിനിടയിൽ അപ്പ എന്നോട്‌ ചോദിച്ചു, “കുഞ്ഞീ…… നിനക്ക് കൂടെ കളിക്കാൻ ഒരു കുഞ്ഞാവയെ തരട്ടെ?? ” ഒറ്റയ്ക്ക് കളിച്ചു മടുത്ത ഞാൻ സന്തോഷത്തോടെ തലയാട്ടി. വേഗം തായോ അപ്പാ എനിച്ച്‌ കൊതിയാവണു എന്ന് കൊഞ്ചി..16523999-c792-48f3-ab8a-2631ad82e93c

ബാഗ് വെയ്ക്കാൻ അകത്ത് ചെന്നപ്പോൾ കട്ടിലിൽ എന്തോ ഒരു അനക്കം. അതെ… അപ്പ വാക്ക്‌ പാലിച്ചു.. കുഞ്ഞാവയാണ്.. സന്തോഷം കൊണ്ട്‌ ഞാൻ തുള്ളിച്ചാടി. നല്ലൊരു സുന്ദരൻ വാവ. ഇവൻ ആരുടെയാ എവിടുന്നാ എന്നൊന്നും അറിയാനുള്ള തിരിച്ചറിവ് ആയിട്ടില്ലാത്തത് കൊണ്ടാകണം അവനെ സ്നേഹിക്കാനും ലാളിക്കാനും എനിക്കതൊന്നും വിഷയമല്ലായിരുന്നു.. പക്ഷേ അമ്മയ്ക്ക് അതൊരു ചോദ്യം തന്നെയായിരുന്നു.

പെരുമ്പാവൂരിൽ നിന്ന്‌ വരുന്ന വഴി ചൊവ്വരയ്ക്ക്‌ സമീപമുള്ള ഒരു അമ്മതൊട്ടിലിൽ ആരോ ഉപേക്ഷിച്ചതാണ്‌ ..
ജന്മം നൽകിയവരോട് അതിന്റെ കാരണം ചോദിക്കാൻ അറിയാത്തത് കൊണ്ട്‌ അവൻ കിടത്തിയേടത്ത് കിടന്നു.. തിരിച്ചു വരും എന്ന പ്രതീക്ഷയോടെ.. പക്ഷേ ഈ കഥയും ന്യായങ്ങളും അമ്മയെന്ന കോടതിക്ക് മുന്നിൽ വിലപ്പോയില്ല.. സ്വന്തം ചോരയിൽ പിറക്കാത്ത ആരാന്റെ ഉച്ചിഷ്ടം ചുമക്കാൻ എനിക്കാവില്ല എന്ന് പറഞ്ഞമ്മ ശക്തമായി ആഞ്ഞടിച്ചു..

പക്ഷേ അമ്മയുടെ എതിർപ്പ് അപ്പയുടെ തീരുമാനത്തിൽ ഒരു മാറ്റവും വരുത്തിയില്ല.

പിന്നീടുള്ള ഓരോ ദിവസവും സ്വർഗമായിരുന്നു. അവന്റെ കരച്ചിലും കളിയും കൊണ്ട്‌ വീടൊരു ഉത്സവപ്പറമ്പ് പോലെയായി.. സ്കൂൾ വിട്ട് വീട്ടിലേക്കെത്താൻ എനിക്ക് എന്തെന്നില്ലാത്ത തിടുക്കമായിരുന്നു.. ഞാൻ വരും വരെ മുത്തശ്ശി അവനെ താഴത്തും തറയിലും വെയ്ക്കാതെ കൊണ്ടു നടന്നു. ഞാനെത്തിയാൽ പിന്നെ അവന്റെ പൂർണ്ണ അവകാശി ഞാനാണ്. തൊടാൻ പോലും സമ്മതിക്കില്ല മറ്റാരെയും.. ഒരിക്കൽ അവനുമായി കളിച്ചു കൊണ്ടിരിക്കുമ്പോൾ അപ്പ വന്നെന്നോട് ചോദിച്ചു ഇവനൊരു പേരിടണ്ടേ എന്ന്.b64792a8-d22e-4157-a5b4-ffed97081a25

ഓർമ്മ വെച്ച നാൾ മുതൽ മുത്തശ്ശി ചൊല്ലി തന്ന ജ്ഞാനപ്പാന ഓർത്ത് കൊണ്ട്‌ “കണ്ണൻ ” എന്ന് ഞാനുച്ചത്തിൽ പറഞ്ഞു.. അങ്ങനെ ദേവാനന്ദ്‌ എന്ന് അപ്പ നൽകിയ പേരിനൊപ്പം അവനെനിക്ക് കണ്ണനായി.. ഏറെ പ്രിയപ്പെട്ട എന്റെ കണ്ണൻ..

നാളുകൾ ആഴ്ച്ചകളും ആഴ്ച്ചകൾ മാസങ്ങളുമായി നീങ്ങി കൊണ്ടേയിരുന്നു. എന്നിട്ടും അവനെ തൊടില്ല എന്ന അമ്മയുടെ തീരുമാനം മാത്രം മാറിയില്ല. അങ്ങനെ ഏകദേശം ഒന്നര വർഷം കഴിഞ്ഞു.. അവൻ അവന്റേതായ ഭാഷയിൽ എന്തൊക്കെയോ സംസാരിച്ചു തുടങ്ങിയിരുന്നു. ഈ അവധിക്കാലം കഴിയും മുമ്പ് അപ്പ അമ്മ എന്നൊക്കെ അവൻ പറയുമായിരിക്കും.. എങ്കിലും ആദ്യം അവനെ ഇച്ചേച്ചി എന്ന് വിളിപ്പിക്കണം എന്നൊക്കെ ആഗ്രഹിച്ചാണ് അന്ന് ഞാൻ വീട്ടിലെത്തിയത്‌ പക്ഷേ …..

മുത്തശ്ശി കരഞ്ഞു കൊണ്ട് ഇറയത്തിരിക്കുന്നു. അടുക്കളയിൽ കലി തുളളി നിൽക്കുന്ന അമ്മ. കണ്ണനെയാണെങ്കിൽ അകത്ത് കാണാനുമില്ല.. അവനെവിടെ എന്ന ചോദ്യത്തിന്‌ മുത്തശ്ശി തേങ്ങി കൊണ്ടേയിരുന്നു..

“ഇനിയവനെ കാണാമെന്ന് നീ വിചാരിക്കണ്ട.. അവനെ ഞാൻ ഒരു അനാഥാലയത്തിൽ കൊണ്ടെയാക്കി. നാട്ടുകാരുടെ മുന്നിലിനിയും നാണം കെടാൻ വയ്യ.. “

കേട്ടു നിൽക്കാൻ കഴിയുന്നതല്ലായിരുന്നു അമ്മയുടെ ആ വാക്കുകൾ. ചങ്ക്‌ പൊളിഞ്ഞ് പോകുന്നത് പോലെ തോന്നി. .. കരയാൻ പോലും പറ്റുന്നില്ല… എല്ലാ മുറിയിലും അവന്റെ ശ്വാസം അപ്പോഴും തങ്ങി നിന്നിരുന്നു..

ഇതറിഞ്ഞ ആ നിമിഷം അപ്പ ആദ്യമായി അമ്മയെ തല്ലുന്നത് ഞാൻ കണ്ടു.. അവന്റെ കുപ്പായം നെഞ്ചോട്‌ ചേർത്തു പിടിച്ചു കരയുന്നത് ഒരു മറയുമില്ലാതെ വ്യകതമായി തന്നെ കണ്ടു… അവൻ ഞങ്ങൾക്ക് എല്ലാമായിരുന്നു… കഴിഞ്ഞ ഒന്നര വർഷം കൊണ്ട്‌ അവൻ പിടിച്ചു വാങ്ങിയ സ്‌നേഹം ചില്ലറയല്ല.. അവന്‌ വേണ്ടി കാവിലെ പൂരത്തിന് വാങ്ങിയ കളിക്കോപ്പുകൾ അകത്തളത്തിൽ അവകാശികളില്ലാതെ അലഞ്ഞു നടന്നു..

ഇനിയും ഉറച്ചിട്ടില്ലാത്ത കാലുകളും കൊണ്ടവൻ പടിയിറങ്ങിയത് ഞങ്ങളുടെ പ്രാണനും കൊണ്ടാണ്.. അവിടെ അവനെ ആരാ കളിപ്പിക്ക്യാ??? ആരാ കുളിപ്പിക്യാ??? കുളിപ്പിക്കുമ്പോൾ കരഞ്ഞാൽ അവനെയിനി ആരാ ചിരിപ്പിക്ക്യാ?? ഇനിയെന്നെ ഇച്ചേച്ചിയെന്നു ആരാ വിളിക്ക്യാ??? എവിടെയെങ്കിലും വെച്ചു കണ്ടാൽ അവനെന്നെ മനസിലാകുവോ??? എനിക്കവനെ മനസിലാകുവോ??? അറിയില്ല…. കുറേ ചോദ്യങ്ങൾ ബാക്കിയാക്കിയാണല്ലോ കണ്ണാ നീ പോയത്‌ …..

കുറച്ചു കാലത്തേക്കെങ്കിലും ഒരു ചേച്ചിയായി വിലസാൻ എന്നെ അനുവദിച്ച അപ്പാ ഒരുപാട് നന്ദി….. ഒരു വ്യാഴവട്ട കാലത്തിനിപ്പുറം അപ്പയെ കുറിച്ചോർക്കാൻ ഇതിലും നല്ലൊരു ഓർമ്മയില്ല….

-Jayasree Sadasivan

Jayasree Sadasivan

Jayasree Sadasivan

Click to comment

You must be logged in to post a comment Login

Leave a Reply

Trending

To Top
Don`t copy text!