‘ഈ ഗാനം അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു’ പെലെയ്ക്ക് സംഗീതാദരവുമായി എ.ആര്‍ റഹ്‌മാന്‍

ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് സംഗീതാദരവുമായി സംഗീതസംവിധായകന്‍ എ.ആര്‍.റഹ്‌മാന്‍. പെലെയുടെ ജീവിതകഥ പറഞ്ഞ ‘പെലെ: ബെര്‍ത്ത് ഓഫ് എ ലെജെന്‍ഡ്’ എന്ന ചിത്രത്തില്‍ റഹ്‌മാന്‍ ആലപിച്ച ‘ജിംഗ’ എന്ന ഗാനം പങ്കുവച്ചാണ് റഹ്‌മാന്‍ പെലെയ്ക്ക്…

ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് സംഗീതാദരവുമായി സംഗീതസംവിധായകന്‍ എ.ആര്‍.റഹ്‌മാന്‍. പെലെയുടെ ജീവിതകഥ പറഞ്ഞ ‘പെലെ: ബെര്‍ത്ത് ഓഫ് എ ലെജെന്‍ഡ്’ എന്ന ചിത്രത്തില്‍ റഹ്‌മാന്‍ ആലപിച്ച ‘ജിംഗ’ എന്ന ഗാനം പങ്കുവച്ചാണ് റഹ്‌മാന്‍ പെലെയ്ക്ക് ആദരമര്‍പ്പിച്ചത്. ചിത്രത്തിനു വേണ്ടി എ.ആര്‍.റഹ്‌മാന്‍ തന്നെയാണ് സംഗീതസംവിധാനം നിര്‍വഹിച്ചത്.
‘സമാധാനമായി വിശ്രമിക്കൂ ഇതിഹാസമേ, നിങ്ങളുടെ പൈതൃകത്തെ ആദരിച്ചുകൊണ്ട് ഞാന്‍ ഈ ഗാനം സമര്‍പ്പിക്കുന്നു’ എന്ന തലക്കെട്ടോടു കൂടെയാണ് റഹ്‌മാന്റെ പോസ്റ്റ്. അന്നാ ബിയാട്രീസിനൊപ്പം എ.ആര്‍.റഹ്‌മാന്‍ പാടിയ ഗാനമാണ് ‘ജിംഗ’. പാട്ട് അക്കാലത്തു തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു.

അതേസമയം പെലെയുടെ സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച നടത്തും. കുടുംബാംഗങ്ങള്‍ മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക. പെലെയുടെ ജന്മനാടായ സാന്റോസിലാണ് ചടങ്ങുകള്‍ നടത്തുന്നത്. തിങ്കളാഴ്ച രാവിലെ സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍നിന്ന് മൃതദേഹം കൊണ്ടുപോകും.

തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ പത്തു മണിക്ക് ആരംഭിക്കുന്ന പൊതു ദര്‍ശനം പിറ്റേ ദിവസം വരെ നീളും. സാന്റോസ് നഗരത്തിലൂടെ പെലെയുടെ മൃതദേഹവും വഹിച്ചുള്ള വാഹനം കൊണ്ടുപോകും. സാന്റോസിലെ മെമോറിയല്‍ നെക്രോപോളിസ് എകുംനിക സെമിത്തേരിയിലാണ് പെലെയുടെ സംസ്‌കാരച്ചടങ്ങുകള്‍. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കു മാത്രമാകും ചടങ്ങിലേക്കു പ്രവേശനം.