ഒരു ഞായറാഴ്ച ദിവസം ഉച്ചയുറക്കം കഴിഞ്ഞതിന്റെ ആലസ്യത്തിൽ കടുപ്പമേറിയ ഒരു കപ്പ് ചായയുമായി അയാൾ തന്റെ വീടിന്റെ സിറ്റ് ഔട്ടിൽ ഇരുന്നു

0
71

രചന :Jackson Itty Abraham

ഒരു ഞായറാഴ്ച ദിവസം ഉച്ചയുറക്കം കഴിഞ്ഞതിന്റെ ആലസ്യത്തിൽ കടുപ്പമേറിയ ഒരു കപ്പ് ചായയുമായി അയാൾ തന്റെ വീടിന്റെ സിറ്റ് ഔട്ടിൽ ഇരുന്നു. അന്തരീക്ഷത്തിലെ താപത്തെയും ഉഷ്ണത്തെയും തണുപ്പിക്കാൻ സായാഹ്നത്തിനും സാധിക്കുന്നില്ല. വിയർപ്പു കണങ്ങൾ നെറ്റിയിൽ നിന്നും മുഖത്തേക്ക് ഒലിച്ചിറങ്ങുന്നുണ്ട്. മുണ്ടിന്റെ തുമ്പെടുത്ത് വിയർപ്പു തുടച്ചുകൊണ്ടു അയാൾ ചുറ്റും കണ്ണോടിച്ചു. മുറ്റത്തു കുറച്ചു ചെടികൾ നിൽക്കുന്നു. കിണറ്റിൽ വെള്ളം കുറവായതിനാൽ ചെടികൾ നനയ്ക്കാത്തതിന്റെ വാട്ടം അവയ്ക്കുണ്ട്. വലിയ മരങ്ങൾ ഒന്നും തന്നെ ഇല്ല. ചിന്തകൾ അയാളെ തന്റെ ബാല്യത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. മുറ്റത്തു മരങ്ങൾ പലതും ഉണ്ടായിരുന്നു. മുറ്റത്തിന്റെ കോണിൽ നിന്നിരുന്ന ഒരു വലിയ മുത്തശ്ശി മാവിലാണ്‌ അയാളുടെ ഓർമ്മകൾ ഉടക്കി നിന്നത്. അവധിക്കാലത്തും തനിക്കും സഹോദരങ്ങൾക്കും കൂട്ടുകാർക്കും ധാരാളം മാമ്പഴം തന്നിരുന്ന ഒരു വലിയ മുത്തശ്ശി മാവ്. ഓരോ ദിവസവും കണികണ്ടിരുന്നത് ആ മാവും താഴെ വീണുകിടക്കുന്ന മാമ്പഴങ്ങളുമായിരുന്നു.

നേരത്തെ ഉറക്കമുണർന്നു മാമ്പഴം പെറുക്കുവാൻ മാവിൻചുവട്ടിലേക്ക് ഓടുന്നത് ഒരു മത്സരം തന്നെ ആയിരുന്നു. ഇപ്പോഴത്തെ കുട്ടികൾക്ക് നഷ്ട്ടപ്പെട്ടു പോകുന്ന സൗഭാഗ്യങ്ങൾ. കുട്ടികളെ പറഞ്ഞിട്ട് എന്ത് കാര്യം! മാമ്പഴം പെറുക്കുവാൻ മാവ് വേണമല്ലോ. ഓണത്തിന് ഊഞ്ഞാൽ ഇട്ടിരുന്നത് ആ മുത്തശ്ശി മാവിന്റെ ഏറ്റവും താഴത്തെ ചില്ലയിലായിരുന്നു. ഓണക്കാലങ്ങൾ അങ്ങനെയാണ് ആഘോഷമാക്കിയിരുന്നത്. മൂന്നോ നാലോ കുട്ടികളെ ഒരേസമയം ഊഞ്ഞാലിൽ കയറ്റാൻ മുത്തശ്ശി മാവിന് മടിയുണ്ടായിരുന്നില്ല. തന്റെ കുട്ടികൾക്ക് ഊഞ്ഞാൽ കെട്ടിക്കൊടുക്കുന്ന കോൺക്രീറ്റ് കൂരയിൽ പിടിപ്പിച്ചിരിക്കുന്ന ഇരുമ്പിന്റെ കൊളുത്തിലേക്ക് അയാൾ തല ഉയർത്തി ഒന്ന് നോക്കി. ധാരാളം ഇത്തിൾക്കണ്ണികൾ ഉണ്ടായിരുന്നു ആ മാവിൽ. തന്റെ തടിയിൽ വേര് ആഴ്ത്തിയിറക്കി തന്നിലെ ജലവും ധാതുക്കളും വലിച്ചെടുത്ത് അവ വളരുന്നതിൽ മുത്തശ്ശി മാവ് ആരോടും പരാതി പറഞ്ഞിരുന്നില്ല.

ഒരുപക്ഷെ അതിന്റെ സമ്മതത്തോടെയാകും ഇത്തിൾക്കണ്ണികൾ അതിനെ ഉപയോഗിച്ച് തുടങ്ങിയത്. പല സമയത്ത് പലതരം പക്ഷികളുടെ സങ്കേതമായിരുന്നു ആ വൃക്ഷം. കൂടുണ്ടാക്കി മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ചു പരിപാലിക്കുന്ന പക്ഷികളോട് അത് കലഹിച്ചിരുന്നില്ല. മറിച്ച് ഒരു അമ്മയുടെ സ്നേഹത്തോടെ ആശ്രയം നല്കിയിട്ടേ ഉള്ളു എല്ലായ്പ്പോഴും. ഒടുവിൽ മുത്തച്ഛന് ചിത ഒരുക്കുവാനും ആ മാവ് തന്നെ വേണ്ടിവന്നു. മൂർച്ചയേറിയ മഴുവിന്റെ ശക്തമായ പ്രഹരങ്ങൾ ഏറ്റപ്പോഴുണ്ടായ വലിയ ശബ്ദം അതിന്റെ നിലവിളി ആയിരുന്നോ? അറക്കുവാളിന്റെ പല്ലുകൾ ആഴ്ന്നിറങ്ങിയപ്പോൾ കേട്ട ശബ്ദം മുത്തശ്ശി മാവിന്റെ ഞരക്കമായിരുന്നോ? അറിയില്ല! എന്തായാലും വെട്ടിനുറുക്കി കഷണങ്ങളാക്കി മുത്തച്ഛന് ചിത ഒരുക്കിയപ്പോൾ എതിർപ്പ് പ്രകടിപ്പിക്കാതെ അസ്ഥികൾ മാത്രം ബാക്കിയാക്കി മുത്തച്ഛനോടൊപ്പം ആ മരവും എരിഞ്ഞു ചാരമായിത്തീർന്നു. മനുഷ്യരിലുമുണ്ട് ഇതുപോലെയുള്ള ചില വടുവൃക്ഷങ്ങൾ. പടർന്ന്‌ പന്തലിച്ച് ഉയരത്തിലങ്ങനെ തലയുയർത്തി നിൽക്കും; സ്വയം ചില്ലകൾ വിരിച്ചു സൂര്യന്റെ ചൂടിനെ പ്രതിരോധിച്ചുകൊണ്ട്. അവരിൽനിന്നും ഉപകാരം നേടിയവർ അനേകരായിരിക്കും.

അനേകർക്ക് താങ്ങും തണലുമായവർ. അനേകർക്ക് മധുരമുള്ള ഫലങ്ങൾ നല്കിയവർ. ഇത്തിൾക്കണ്ണികൾ ആണെന്നറിഞ്ഞിട്ടും അനേകരെ തീറ്റിപ്പോറ്റിയവർ. അനേകരുടെ നിലനിൽപ്പിനു കൂടുകെട്ടുവാൻ സ്വന്തം സൗകര്യങ്ങൾ ത്യാഗം ചെയ്തവർ. ഒടുവിൽ ഉപകാരങ്ങൾ സ്വീകരിച്ചിരുന്നവരാൽ വെട്ടിവീഴ്ത്തപ്പെട്ടവർ. വെട്ടുകൊണ്ട് വീണിട്ടും ചിതയൊരുക്കുവാനായി നുറുക്കപ്പെട്ടവർ. മറ്റുള്ളവരുടെ കൊള്ളിവിറകായി സ്വയം എരിഞ്ഞു ചാമ്പലായവർ. നിസ്വാർത്ഥരായ കുറെ മനുഷ്യർ. ഇങ്ങനെയുള്ള മനുഷ്യരെ ഞാൻ കണ്ടിട്ടുണ്ട്. ഇടപഴകിയിട്ടുണ്ട്. എനിക്ക് മീതെ ചില്ലകൾ വിരിച്ച്‌ തണുപ്പ് പകർന്നു നൽകിയിട്ടുണ്ട്. അത് മറ്റാരുമല്ല. എന്റെ അച്ഛനാണ്! അമ്മയാണ്! സഹോദരനും സഹോദരിയുമാണ്! എനിക്ക് മുകളിൽ തലയുയർത്തി നിന്ന വൻമരം എന്റെ അച്ഛനാണെങ്കിൽ എന്റെ മക്കൾക്ക് അത് ഞാനാണ്. ഒരു ബന്ധവുമില്ലാത്ത ആളുകൾക്ക് സഹായമാകുന്ന ആളുകളുമുണ്ട്. ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന വടുവൃക്ഷങ്ങളാണ് അവർ. പള്ളിമണിയുടെ ശബ്ദം ചിന്തകളിൽ നിന്നും ഉണർത്തിയപ്പോഴേക്കും വലിയ ഒരു തിരിച്ചറിവിനുടമയായി അയാൾ മാറിയിരുന്നു. സ്നേഹവും നന്മയും വറ്റാത്ത ഒരുപറ്റം മനുഷ്യർ ഇന്നും ഈ ഭൂമിയിലുണ്ട്. അവരുടെ കൂട്ടത്തിലുള്ള ആളാകാൻ കഴിയുന്നത് വലിയ ഭാഗ്യം തന്നെയാണ്.