നിത്യഹരിതനായക’നു വേണ്ടി ധര്‍മ്മജന്‍ പാടിയ പാട്ട് വൈറലാകുന്നു :വീഡിയോ

0
109

അങ്ങനെ ധര്‍മ്മജനും പാട്ടുകാരനായി. വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ നായകനാകുന്ന ‘നിത്യ ഹരിത നായകന്‍’ എന്ന ചിത്രത്തിലാണ് നിര്‍മാതാവ് കൂടിയായ ധര്‍മജന്‍ ബോള്‍ഗാട്ടി ഗാനം ആലപിച്ചിരിക്കുന്നത്. വിഷ്ണു ഉണ്ണിക്കൃഷ്ണനൊപ്പം ധര്‍മ്മജനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘കട്ടപ്പനയിലെ ഋതിക് റോഷനു’ ശേഷം ധര്‍മ്മജനും വിഷ്ണുവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തിലെ ‘മകരമാസ രാവില്‍?’ എന്നു തുടങ്ങുന്ന പാട്ടാണ് ധര്‍മ്മജന്‍ പാടിയിരിക്കുന്നത്. ഹസീന എസ്.കാനത്തിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ധര്‍മ്മജനും കുട്ടികളായ സായ് ഭദ്ര, ഇഷാത എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ധര്‍മ്മജന്‍ പാട്ടുകാരനാവുന്ന കാര്യം രമേശ് പിഷാരടിയും സ്വന്തം ഫെയ്‌സ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരുന്നു. ”അറിഞ്ഞിരുന്നില്ല എന്നോടാരും പറഞ്ഞതുമില്ല. ദേവി കടാക്ഷം ആവോളം കിട്ടിയിട്ടുണ്ടെന്ന്. എത്രയോ സ്റ്റേജുകളില്‍ ഒപ്പം കയറിയപ്പോഴും ഒരു മൂളിപാട്ടു പോലും ലൈവായി പാടിക്കാതെ ഞാന്‍ കാത്തു സൂക്ഷിച്ചതാ,” എന്നായിരുന്നു രമേശ് പിഷാരടിയുടെ രസകരമായ പ്രതികരണം.

എ.ആര്‍.ബിനുരാജ് ആണ് ‘നിത്യഹരിതനായകന്‍’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ജയഗോപാല്‍ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്. ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും മനു തച്ചേട്ടും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ധര്‍മ്മജന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ക്യാമറ പവി കെ.പവന്‍. നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും ആര്‍ട്ട് ഡയറക്ഷന്‍ അര്‍ക്കന്‍ എസ്.കര്‍മ്മയും നിര്‍വ്വഹിക്കും.